|    Dec 11 Tue, 2018 9:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബുലന്ദ്ശഹര്‍ കൂട്ടബലാല്‍സംഗം: രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണം- അഅ്‌സംഖാന്‍

Published : 3rd August 2016 | Posted By: SMR

bulandshahr-

രാംപൂര്‍(യുപി): ബുലന്ദ്ശഹറില്‍ വാഹനം തടഞ്ഞുനിര്‍ത്തി മാതാവിനെയും മകളെയും കൂട്ടബലാല്‍സംഗം ചെയ്തതിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശിലെ മന്ത്രിയുമായ അഅ്‌സംഖാന്‍. രാംപൂരില്‍ തിങ്കളാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇതാവശ്യപ്പെട്ടത്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഏതു മാര്‍ഗവും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനു പിന്നില്‍ പ്രതിപക്ഷ ഗൂഢാലോചനയുണ്ടോയെന്ന് തീര്‍ച്ചയായും അന്വേഷിക്കണം. അധികാരത്തിലെത്താന്‍ ശ്രമിക്കുന്നവര്‍ നടത്തുന്ന തരംതാണ രാഷ്ട്രീയക്കളികളുടെ ഭാഗമാണ് ഈ സംഭവമെന്നു സംശയമുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം അഅ്‌സംഖാന്‍ ഭ്രാന്താണു പറയുന്നതെന്ന് ഇരയുടെ അമ്മാവന്‍ കുറ്റപ്പെടുത്തി. എന്നാല്‍, പ്രസ്താവന വിവാദമായതോടെ താന്‍ രാഷ്ട്രീയക്കാര്‍ ഗൂഢാലോചന നടത്തിയെന്നു പറഞ്ഞിട്ടില്ലെന്ന് അഅ്‌സംഖാന്‍ തിരുത്തി.
അതേസമയം, ബലാല്‍സംഗം ചെയ്ത ഗുണ്ടാസംഘത്തെ പിടികൂടി മൂന്നുമാസത്തിനകം ശിക്ഷിച്ചിട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പീഡനത്തിനിരയായ കുടുംബത്തിന്റെ ഭീഷണി. തങ്ങളുടെ പണവും സാധനങ്ങളും അവര്‍ കവര്‍ച്ച ചെയ്തു. ക്രൂരമായി മര്‍ദ്ദിച്ചു. അവരെ പിടികൂടി മൂന്നു മാസത്തിനകം ശിക്ഷിച്ചിട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യും- പതിനാലുകാരിയുടെ പിതാവ് 39കാരനായ കാര്‍ ഡ്രൈവര്‍ പറഞ്ഞു. സംഘത്തില്‍ എട്ടു പേരുണ്ടായിരുന്നു. വെള്ളമാവശ്യപ്പെട്ടപ്പോള്‍ പോലും മര്‍ദ്ദിക്കുകയായിരുന്നു. സഹായത്തിനുവേണ്ടി പോലിസ് കണ്‍ട്രോള്‍റൂമില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായിരുന്നില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ നരേഷ് (25), ബബ്‌ലു(22), റയ്‌സ് (28) എന്നിവരെ ഉത്തര്‍പ്രദേശ് പോലിസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 12 പേരെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ പേരില്‍ പോലിസ് സൂപ്രണ്ട് വൈദവ് കൃഷ്ണയടക്കം അഞ്ചുപോലിസുകാരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
അതിനിടെ, ദേശീയ വനിതാകമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. പെണ്‍കുട്ടിയെ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തതിന് കമ്മീഷന്‍ ഒരു ഡോക്ടര്‍ക്ക് നോട്ടീസയച്ചു. കുറ്റക്കാരുടെ പേരില്‍ പോക്‌സൊ നിയമം ചുമത്താത്തതിന് കമ്മീഷന്‍ പോലിസിനെ വിമര്‍ശിച്ചു. അതേസമയം, പീഡനം നടന്ന സ്ഥലം സ്ഥിരം അക്രമം നടക്കുന്നയിടമാണെന്ന് പരിസരവാസികള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss