|    Apr 27 Fri, 2018 10:38 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ബുര്‍ഹാന്‍ വാനിയുടെ കഥ

Published : 18th July 2016 | Posted By: SMR

മിഹിര്‍ സ്വരൂപ് ശര്‍മ

കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനി എന്ന സുന്ദരനായ 22കാരന്റെ ഖബറടക്കത്തിനു പതിനായിരങ്ങളാണ് കുതിച്ചെത്തിയത്. ദക്ഷിണ കശ്മീരിലെ വാനിയുടെ ജന്മസ്ഥലമായ ത്രാല്‍ താരതമ്യേന ശാന്തമായിരുന്നപ്പോള്‍ പ്രവിശ്യയുടെ മറ്റു ഭാഗങ്ങളില്‍ ജനരോഷം പതഞ്ഞൊഴുകി (40 പേര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ട്). പക്ഷേ, പരിക്കേറ്റ മൂന്നുറിലധികം പേരില്‍ പകുതിയും സുരക്ഷാ ഉദ്യോഗസ്ഥരാണ്. കശ്മീരിലെ സര്‍ക്കാരോഫിസുകള്‍ പലയിടത്തും ആക്രമിക്കപ്പെട്ടു. വലിയൊരു പ്രക്ഷോഭത്തിന്റെ വക്കിലാണ് സംസ്ഥാനം.
എന്നാല്‍, അങ്ങനെയൊരു പൊട്ടിത്തെറി പലരും പ്രതീക്ഷിച്ചതാണ്. അസുഖകരമായ ശാന്തി നിലനിന്ന ഒരു ദശാബ്ദം ന്യൂഡല്‍ഹി വെറുതെ കളയുകയായിരുന്നു. താഴ്‌വരയിലേക്ക് സമാധാനം തിരിച്ചുവന്നു എന്ന തെറ്റിദ്ധാരണയിലായിരുന്നു അവര്‍. മറിച്ച് 2008നു ശേഷം ജനരോഷം ശക്തിപ്പെടുകയായിരുന്നു. 1990കളില്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പ്രയോഗിച്ച അതേ തന്ത്രങ്ങള്‍ തന്നെയായിരുന്നു ഡല്‍ഹി എപ്പോഴും ആശ്രയിച്ചിരുന്നത്. കശ്മീരികളോട് മനുഷ്യത്വത്തോടെ പെരുമാറുമെന്ന വാജ്‌പേയിയുടെ വാഗ്ദാനം കേന്ദ്ര ഭരണകൂടത്തിന്റെ ആലസ്യം കാരണം പാഴ്‌വാക്കായി.
കശ്മീര്‍ സാധാരണനില പ്രാപിക്കുകയാണ് എന്നു കരുതിക്കൊണ്ട് അവര്‍ സ്വയം കബളിപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ ഒരു ഭാഗമായിത്തീരുന്നതിനു കശ്മീരികള്‍ തയ്യാറെടുക്കുകയാണെന്ന് ഭരണകൂടം കരുതി. 90കളിലുണ്ടായ മുറിവുകള്‍ വളരെ വളരെ ആഴമേറിയതായിരുന്നു. പ്രദേശം മൊത്തം രോഷാകുലമായിരുന്നു. മുറിവുകള്‍ ഉണങ്ങാത്ത കാലത്തോളം അത് അങ്ങനെത്തന്നെയാവുമായിരുന്നു. യഥാര്‍ഥത്തില്‍ പുതിയ തലമുറയ്ക്കായിരുന്നു കൂടുതല്‍ രോഷം. സാമൂഹിക മാധ്യമങ്ങള്‍ അവരെ കൂടുതല്‍ പ്രക്ഷോഭകാരികളാക്കുകയും ചെയ്തു.
ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും കാലത്ത് പരാതികള്‍ വെറുതെ അങ്ങവസാനിക്കുകയില്ല. അവയെ അഭിമുഖീകരിക്കണം; അവ പരിഹരിക്കണം. 1990കളിലെ ഹിംസകള്‍ക്ക് സാക്ഷിയാവാത്ത കശ്മീരി യുവാക്കള്‍ അവരുടെ മാതാപിതാക്കളെക്കാളും മുതിര്‍ന്ന സഹോദരങ്ങളെക്കാളും ഇന്ത്യയോട് കുറേക്കൂടി താല്‍പര്യം കാണിക്കുമെന്നു ന്യൂഡല്‍ഹി കരുതി. എന്നാല്‍, ലോകത്തിലെ ഏറ്റവും സൈനികവല്‍ക്കരിച്ച ഒരു പ്രദേശത്ത് ജനജീവിതം അപമാനങ്ങളുടെ തുടര്‍ച്ചയാണ്. ചിലത് നിസ്സാരമായിരിക്കും. എന്നാല്‍, ചിലത് അങ്ങനെയായിരിക്കില്ല. സുരക്ഷാസേനകള്‍ക്ക് കുറ്റമുക്തി നല്‍കുന്ന ഏതുസ്ഥലത്തും നടക്കുന്നപോലെ ചിലപ്പോള്‍ ഭീകരമായ ബലാല്‍സംഗമോ കൊലയോ നടക്കും. ഇക്കാലത്ത് അവയൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ അലയടിച്ചുകൊണ്ടിരിക്കും.
മൊബൈല്‍ഫോണ്‍ കൈയിലുള്ള ഏതൊരാള്‍ക്കും അടിച്ചമര്‍ത്തലിന്റെയും കര്‍ഫ്യൂവിന്റെയും ഓര്‍മകള്‍ നിലനിര്‍ത്താം. ഭൂതകാലത്ത് നടന്ന അതിക്രമങ്ങള്‍ പുനരുജ്ജീവിപ്പിക്കാം. മറുഭാഗത്താവട്ടെ, ഇന്ത്യന്‍ കണക്കുപുസ്തകത്തില്‍ ഇതിനൊക്കെ പരിഹാരമായി വല്ലതുമുണ്ടോ. അതൊട്ടുമില്ലതാനും. അങ്ങനെയാണ് വാനിയെപ്പോലുള്ള യുവാക്കള്‍ ഉയര്‍ന്നുവരുന്നത്. 14-15 പ്രായമാവുമ്പോള്‍ അവര്‍ പോരാളികളാവുന്നു; തോക്കുപിടിച്ച തങ്ങളുടെ പടങ്ങള്‍ ഫേസ്ബുക്കിലിടുന്നു. വാനിയെപ്പോലുള്ളവര്‍ മുതിരുമ്പോള്‍ അപകടകാരികളാവുന്നില്ല എന്നല്ല പറയുന്നത്. എന്നാല്‍, അവരാണീ വീരയോദ്ധാക്കള്‍.
അതിനിടയില്‍ രാഷ്ട്രീയം ഒട്ടും മാറാതെ ശുദ്ധ കാപട്യമായി തുടരുന്നു. ‘മിതവാദികളായ’ വിഘടനവാദികള്‍ സംഘപരിവാരത്തിനോടൊപ്പം ശയ്യ പങ്കിടുന്നു. കിളവന്‍മാരായ മൗലികവാദികള്‍ ഇന്ത്യന്‍ ഗവണ്‍മെന്റില്‍ നിന്നുള്ള സൗജന്യം പറ്റിക്കൊണ്ട് ഗൃഹാതുരത്വത്തോടെ ഓര്‍ക്കേണ്ട ഒരു ദേശീയ പ്രക്ഷോഭത്തെ ഇസ്‌ലാം വല്‍ക്കരിക്കുന്നു. അതിനിടയില്‍ കശ്മീരികള്‍ക്ക് സുരക്ഷാബോധമില്ലാതിരിക്കാനുള്ള പദ്ധതികളില്‍ ഇന്ത്യന്‍ ഭരണകൂടം മുഴുകുന്നു. പ്രത്യേകിച്ചും അവരുടെ ഭൂമി ഏതെങ്കിലും ക്ഷേത്രകമ്മിറ്റിക്കോ അല്ലെങ്കില്‍ റിട്ടയര്‍ ചെയ്യുന്ന പട്ടാളക്കാര്‍ക്കോ പതിച്ചുനല്‍കുന്നതിനെപ്പറ്റി പറയുന്നു. പക്ഷേ, കൊല്ലപ്പെടുന്നവരുടെ എണ്ണം കുറവായതിനാല്‍ പ്രവിശ്യ സാധാരണനിലയിലേക്കു തിരിച്ചുവരുകയാണെന്നു ജനങ്ങള്‍ കരുതി.
ശുദ്ധ അസംബന്ധമായിരുന്നുവത്. കശ്മീരികളെ സാധാരണ പൗരന്‍മാരായി ഗണിക്കാതിരുന്നാല്‍ കശ്മീര്‍ സാധാരണ നിലയിലാവില്ല. ഓരോ 15 പേര്‍ക്കും ഒരു പട്ടാളക്കാരന്‍ എന്ന നിലയില്‍ സൈനികവല്‍ക്കരിക്കപ്പെട്ട ഒരു മേഖല സാധാരണനില കൈവരിക്കില്ല. സാധാരണ ഇന്ത്യക്കാര്‍ക്കുള്ള അവകാശങ്ങള്‍ അവിടത്തുകാര്‍ക്കില്ലെങ്കില്‍ അതൊരു സാധാരണ ഇന്ത്യന്‍ സംസ്ഥാനമാവില്ല. രാജ്യത്തിന്റെ മുഖ്യഭാഗത്ത് ബലത്തിലുള്ള നിയമങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ലെന്നറിയുന്ന സൈനികരുടെ സര്‍വസാന്നിധ്യം കശ്മീരിലുണ്ട്. അപ്പോള്‍ സംസ്ഥാനം സാധാരണമാവില്ല. അല്ലെങ്കില്‍ കുറച്ചെങ്കിലും ഇന്ത്യന്‍പോലുമാവില്ല. അല്ലെങ്കില്‍ ഭരണകൂടത്തിന് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ ജനങ്ങളോട് ഉത്തരവാദിത്തമുണ്ടായിരിക്കണം. വാനിക്ക് ചുറ്റും വളര്‍ന്നുവന്ന വീരകഥകള്‍ ഈ സത്യങ്ങള്‍ക്ക് അടിവരയിടുന്നു. 15 വയസ്സുള്ളപ്പോള്‍ അയാള്‍ മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു. ഒരു സ്‌കൂള്‍ അധ്യാപകന്റെ മകനായിരുന്ന അയാള്‍ തന്റെ മൂത്ത സഹോദരനെ സുരക്ഷാഭടന്‍മാര്‍ മര്‍ദ്ദിക്കുന്നതു കണ്ടാണ് സ്‌കൂള്‍ വിട്ട് ഓടിപ്പോവുന്നതും പോരാളിയാവുന്നതും.
ആ കഥയിലെ ഘടകങ്ങള്‍ നോക്കൂ!
വിദ്യാര്‍ഥിയായ ഒരു ചെറുപ്പക്കാരന്‍; ഭാവിയെക്കുറിച്ചു പ്രതീക്ഷയില്ലാത്ത ഒരാളല്ല അയാള്‍. അയാള്‍ക്ക് സംരക്ഷണം നല്‍കേണ്ട മുതിര്‍ന്ന സഹോദരന്റെ നിസ്സഹായാവസ്ഥ. നിസ്സഹായത തോക്കെടുക്കുന്നതോടെ ശക്തിയായി മാറുന്നു. കഴിഞ്ഞ ഒരുദശകത്തിനുള്ളില്‍ നാട്ടില്‍നിന്ന് ഉയര്‍ന്നുവന്ന ആദ്യത്തെ പോരാളിയെന്ന നിലയില്‍ വാനി താഴ്‌വരയില്‍ പ്രശസ്തനാവുന്നതിന്റെ പശ്ചാത്തലം അതാണ്. വാനിയോടൊപ്പം കൊല്ലപ്പെട്ടവന്‍ ‘കീഴടങ്ങിയ’ പോരാളിയാണ്. രണ്ടുവര്‍ഷം മുമ്പ് അയാള്‍ വീണ്ടും തോക്കെടുത്തു. സമാധാനത്തിലേക്ക് നീങ്ങുന്ന ഒരു പ്രദേശത്തുനിന്നു വരുന്നതാണീ കഥകള്‍ എന്നു തോന്നുന്നുണ്ടോ?
ഇത്തരം കഥകളുടെ ശക്തി ഡല്‍ഹിയില്‍ സമാധാനം നടപ്പാക്കുന്നവര്‍ക്കു മനസ്സിലാവില്ല. അത്തരമൊരു കഥയിലെ നായകന്‍ രക്തസാക്ഷിയാവുമ്പോള്‍ കഥകളുടെ ശക്തി ഇരട്ടിയാവുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിലെ മുസമ്മില്‍ ജലീലിന്റെ റിപോര്‍ട്ട് അനുസരിച്ച് സൈന്യം വാനിയെ കൊല്ലാന്‍ നേരത്തേ തന്നെ പദ്ധതിയിട്ടിരുന്നു. അനന്ത്‌നാഗില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കാത്തിരുന്നതായിരുന്നു അവര്‍. വാനിയെ കൈകാര്യം ചെയ്യാന്‍ കൊല മാത്രമേ മാര്‍ഗമുള്ളൂ എന്നു കരുതുന്നവര്‍ക്കുള്ള ഭാവനാരഹിതമായ മണ്ടത്തരം നമുക്ക് നാശം വരുത്തും.
കോണ്‍ഗ്രസ്സിന്റെ ട്രേഡ്മാര്‍ക്ക് അല്‍പ്പത്തം പ്രകടിപ്പിക്കുന്ന ഒരു പ്രസ്താവനയാണ് പാര്‍ട്ടി വക്താവ് അഭിഷേക് സിങ്‌വിയില്‍ നിന്നു വന്നത്. എന്റെ രാഷ്ട്രത്തിനെതിരായി ആയുധമെടുത്തവന്റെ മരണത്തില്‍ എനിക്ക് അനുശോചിക്കാന്‍ പറ്റില്ല. ആരെങ്കിലും സിങ്‌വിയില്‍നിന്ന് അനുശോചനം പ്രതീക്ഷിച്ചുവോ? എന്നാല്‍, വാനിയുടെ അന്ത്യയാത്രയില്‍ പങ്കെടുത്ത ലക്ഷക്കണക്കിനു മനുഷ്യരോട് അങ്ങനെയാണോ പ്രതികരിക്കേണ്ടത്. അല്ലെങ്കില്‍ അതിതീവ്ര ദേശീയതയുള്ളവരുടെ ഗാലറി നോക്കി ഈ പുരോഗമനവാദി പ്രതികരിക്കുകയാണോ? ന്യൂഡല്‍ഹിയിലെ രാഷ്ട്രീയക്കാര്‍ക്ക് വാനിയെപ്പോലുള്ളവരുടെ കഥകള്‍ എങ്ങനെ ഉണ്ടാവുന്നുവെന്നോ അവയുടെ ശക്തിയെന്തെന്നോ അവ എങ്ങനെ ചോരയില്‍ കുതിര്‍ന്ന ഐതിഹ്യങ്ങളാവുന്നുവെന്നോ ഐതിഹ്യങ്ങള്‍ വിലപിക്കുന്ന മഹാജനക്കൂട്ടത്തിനെങ്ങനെ പ്രേരണയാവുന്നുവെന്നോ അറിയില്ലെങ്കില്‍ അവര്‍ രാഷ്ട്രീയപ്പണി ഉപേക്ഷിച്ച് മറ്റു വല്ല പണിക്കും പോവണം.
എന്തുകൊണ്ട് വാനി ഒരു പോരാളിയാവാന്‍ തീരുമാനിച്ചു? അയാള്‍ ഏതുതരക്കാരനായിരുന്നു? ഇതൊക്കെ മനസ്സിലാക്കാന്‍ അയാളോട് അനുതാപം പ്രകടിപ്പിക്കേണ്ടതില്ല. വളരെ പ്രകടമാണു കാരണങ്ങള്‍. കശ്മീരികള്‍ നിസ്സംഗതയോടെ, ചെറുത്തുനില്‍ക്കാതെ നേരിടുന്ന അപമാനങ്ങളുടെ പാതിയെങ്കിലും സ്വന്തം ജീവിതത്തിലുണ്ടായാല്‍ വന്‍തോതില്‍ കുപിതരാവുന്ന ദുര്‍വാശിക്കാരാണ് നമ്മുടെ ദേശീയവാദികള്‍. അവര്‍ ഈ ദുരന്തത്തെ കശ്മീരികളെ മനസ്സിലാക്കാനുള്ള ഒരു സംഭവകഥയെന്നതിനെക്കാള്‍ ദേശീയതാവിരോധം എന്ന ഭീകര രോഗത്തിന്റെ ലക്ഷണമായിട്ടാണു പരിഗണിക്കുക. എന്തിന് അതൊക്കെ നോക്കണം എന്നായിരിക്കും അവരുടെ ചിന്ത. താഴ്‌വരയിലേക്ക് കൂടുതല്‍ ഭടന്‍മാരെ അയക്കുക, കുറേക്കൂടി ജനങ്ങളെ വെടിവച്ചുകൊല്ലുക, കൂടുതല്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുക, പീഡനങ്ങളും ബലാല്‍സംഗങ്ങളും നടക്കുമ്പോള്‍ മുഖംതിരിക്കുക. മുമ്പും ജനരോഷമുണ്ടായപ്പോള്‍ നാം അടിച്ചമര്‍ത്തിയില്ലേ! അവര്‍ ചോദിക്കും.
എന്നാല്‍, 90കള്‍ക്കു ശേഷം അവസ്ഥയില്‍ ഒരുപാടു മാറ്റങ്ങളുണ്ടായി. പാകിസ്താന്‍ താരതമ്യേന രംഗത്തില്ലായിരുന്നു (ഇപ്രാവശ്യവും ഇടപെടാതിരിക്കാനുള്ള ബുദ്ധി അവര്‍ക്കുണ്ടാവുമെന്നു കരുതുക). ആഗോള ജിഹാദിന്റെ അളവിലും ഗുണത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായി. 1991 പോലെയല്ല അവസ്ഥ. ഇന്നു ചെറുതും വലുതുമായ അനേകം ഇന്ത്യന്‍ നഗരങ്ങളില്‍ യുവകശ്മീരികളുണ്ട്. ആ തലമുറയില്‍പ്പെട്ടവര്‍ക്ക് സ്വയം ഇന്ത്യക്കാരായി കാണാന്‍ പറ്റുന്ന സമയം കഴിഞ്ഞു.
പക്ഷേ, ആയുധമെടുക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് അവരെ ബോധ്യപ്പെടുത്താന്‍ പറ്റിയേക്കും. എന്നാല്‍, മരണംകൊണ്ട് അവരെ ഭീഷണിപ്പെടുത്തുന്നതില്‍ കാര്യമില്ല. കാരണം, ആഗോള ജിഹാദ് മരണം ഇഷ്ടപ്പെടുന്നവരുടെ സംഘമാണ്. കശ്മീരില്‍ രൂപംകൊള്ളുന്ന ഇന്‍തിഫാദ തടയാന്‍ നാം മറ്റു മാര്‍ഗങ്ങള്‍ തേടണം. അതിന് അവസ്ഥ നാം മനസ്സിലാക്കണം. അധിനിവിഷ്ട ജനതയാണെന്ന ധാരണ ഒരു ജനതയില്‍ ഉണ്ടാക്കുന്നതും ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രതിനിധികള്‍ അവരെ അപമാനിക്കുന്നതും ആരോടും ഉത്തരവാദിത്തമില്ലാത്തവിധം ഭരണകൂടത്തിന്റെ അക്രമം വ്യാപിപ്പിച്ചതും അപകടകരമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. വാനിയുടെ കഥ ഒരു രക്തസാക്ഷിത്വത്തില്‍ അവസാനിപ്പിക്കുന്നതിനു പകരം അയാള്‍ വിവേകമെത്താത്ത ഒരു പോക്കിരി മാത്രമാണെന്ന് നമുക്കു തെളിയിക്കാമായിരുന്നു. വാജ്‌പേയി പറഞ്ഞതുപോലെ നമുക്ക് അല്‍പം മനുഷ്യത്വം വേണ്ടതുണ്ട്.

(ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ഫെലോ ആണ് ലേഖകന്‍)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss