|    Jan 21 Sat, 2017 1:42 am
FLASH NEWS

ബുര്‍ഖിനി; ഞങ്ങളെ പോലെ മുസ്‌ലിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവര്‍ ഇങ്ങോട്ട് വരരുത്: ഫ്രഞ്ച് മേയര്‍

Published : 31st August 2016 | Posted By: frfrlnz

 burkini-ban

പാരിസ്:ബുര്‍ഖിനി നിരോധനം റദ്ദാക്കിയ കോടതി നടപടിക്കെതിരേ ഫ്രഞ്ച് മേയറുടെ വിവാദ പ്രസ്താവന.ഞങ്ങള്‍ ജീവിക്കുന്ന തരത്തില്‍ മുസ്‌ലിങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവര്‍ ഇങ്ങോട്ട് വരരുതെന്നാണ് കോഗോളിന്‍ മേയര്‍ മാര്‍ക്ക് എറ്റിനേ ലാന്‍സേഡ് പറഞ്ഞത്.ഫ്രാന്‍സിലെ ജനങ്ങള്‍ പെരുമാറുന്ന രീതി ഇവിടെത്തെ മുസ്‌ലിങ്ങളും അംഗീകരിക്കണം. നിങ്ങള്‍ റോം അംഗീകരിക്കുകയാണെങ്കില്‍ റോമന്‍സിന്റെ ജീവിത രീതി അംഗീകരിക്കണമെന്നും മാര്‍ക്ക് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഫ്രാന്‍സിലെ മെഡിറ്ററേനിയന്‍ തീരദേശ പട്ടണം നടപ്പാക്കിയ ബുര്‍ഖിനി നിരോധനമാണ്  പരമോന്നത കോടതി കഴിഞ്ഞ വെള്ളിയാഴ്ച തടഞ്ഞത്.ഇത്തരം വസ്ത്രധാരണം നിരോധിക്കുന്നത് മൗലികാവകാശങ്ങളുടെ വ്യക്തമായ ലംഘനവും നിയമ നിഷേധവുമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

COLIN

കോഗോളിന്‍ മേയര്‍ മാര്‍ക്ക് എറ്റിനേ ലാന്‍സേഡ്

ഫ്രാന്‍സിലെ  മുപ്പതു പട്ടണങ്ങളാണ് ബുര്‍ഖിനി നിരോധനം നേരത്തെ നടപ്പാക്കിയത്. ദേശീയ തലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും പ്രാദേശികാടിസ്ഥാനത്തിലുള്ള നിരോധനത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ഫ്രഞ്ച് സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്.
ഫ്രാന്‍സിലെ കടല്‍ത്തീരങ്ങളില്‍ ബുര്‍ഖിനി നിരോധനം ഏര്‍പ്പെടുത്തുന്നത്  രാജ്യത്ത് തുടരേത്തുടരെ ഉണ്ടായ ആക്രമണങ്ങളുടെ പേര് പറഞ്ഞാണ്.  കാന്‍ ഉള്‍പ്പടെയുള്ള ഫ്രഞ്ച് മുന്‍സിപ്പാലിറ്റികളില്‍ ബുര്‍ഖിനി നിരോധനം നിലവില്‍ വന്നിരുന്നു. തുടര്‍ന്ന്  നിയമപോരാട്ടങ്ങളുമായി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയതാണ് ബുര്‍ഖിനി വിവാദത്തില്‍  ലോകശ്രദ്ധ പതിയുന്നത്. ഫ്രഞ്ച് മേയര്‍മാര്‍ പറയുന്നത് മുഴുനീളെ നീന്തല്‍ വസ്ത്രങ്ങള്‍ രാജ്യസുരക്ഷക്ക് വെല്ലുവിളിയെന്നാണ്.ഇതിനെ തുടര്‍ന്ന് നിയമം ലംഘിക്കുന്നവര്‍ക്ക് 38 യുറോയാണ് പിഴ ശിക്ഷയായി  നിശ്ചയിച്ചത്.  യഥാര്‍ത്ഥത്തില്‍ ഫ്രാന്‍സിലെ നിയമമനുസരിച്ച് മുഖംമറയുന്ന നിഖാബുകള്‍ക്ക് മാത്രമാണ് വിലക്കുള്ളത്. ശരീരം പൂര്‍ണമായി മറയ്ക്കുന്ന തരത്തിലുള്ള നീന്തല്‍ വസ്ത്രമാണ് ബുര്‍ഖിനി.

ബുര്‍ഖിനിയുടെ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം മുസ്‌ലിം ഇതര വിഭാഗങ്ങളില്‍നിന്നുള്ള സ്ത്രീകളാണെന്ന് ഈ വസ്ത്രം രൂപകല്‍പന ചെയ്ത ലബ്‌നീസ്ആസ്‌ത്രേലിയന്‍ ഫാഷന്‍ ഡിസൈനര്‍ അഹേദ സനെറ്റി വ്യക്തമാക്കിയിരുന്നു.  എട്ടുവര്‍ഷത്തിനിടെ തന്റെ ‘അഹിദ’ ബ്രാന്‍ഡിലുള്ള ഏഴുലക്ഷത്തോളം ബുര്‍ഖിനികളാണ് വിറ്റഴിക്കപ്പെട്ടത്. ഇതു വാങ്ങിയവരില്‍ 45 ശതമാനവും അമുസ്‌ലിം സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 895 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക