|    Apr 26 Thu, 2018 5:23 pm
FLASH NEWS

ബുദ്ധിജീവികള്‍

Published : 18th October 2015 | Posted By: swapna en

ഹൃദയതേജസ്   /ടി.കെ. ആറ്റക്കോയ

കുടുംബത്തിന്റെയും സമൂഹത്തിന്റെയും ശ്രേയസ്‌കരമായ നിലനില്‍പ്പിന് നിയന്ത്രണാധികാരമുള്ള വ്യക്തിയുടെയൊ ഏതാനും വ്യക്തികളുടെയോ സാന്നിധ്യമുണ്ടാവണമെന്നത് അനുഭവങ്ങളുടെ വെളിച്ചത്തില്‍ എത്താന്‍ കഴിയുന്ന നിഗമനമാണ്. മനുഷ്യസമൂഹങ്ങള്‍ രാഷ്ട്രങ്ങളായി പരിണമിച്ചപ്പോഴും നേതൃഘടനയുടെ ആവശ്യം നിലനിന്നു എന്നു മാത്രമല്ല, ഈ നേതൃഘടനയ്ക്ക് ചില ചട്ടക്കൂടുകളൊക്കെ ആവിഷ്‌കരിക്കുകയുണ്ടായി. അധികാരം കുറഞ്ഞവരും അധികാരം അധികമുള്ളവരും തമ്മില്‍, അല്ലെങ്കില്‍ അധികാരിവര്‍ഗവും ജനങ്ങളും തമ്മില്‍ എങ്ങനെ അനുരഞ്ജനവും സമവായവും സാധ്യമാക്കാം? അവര്‍ തമ്മില്‍ ശത്രുതയും സ്പര്‍ധയും ഇല്ലാതാക്കുന്നത് സ്‌നേഹമാണ്.

അധികാരമുള്ളവര്‍ അധികാരമില്ലാത്തവരെ തങ്ങളുടെ വരുതിയിലാക്കുന്ന സ്‌നേഹനിരാസത്തിന്റെ കഥകളാണ് പക്ഷേ, ഇപ്പോള്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. ദുരധികാരത്തിന്റെ വലയങ്ങളെ എങ്ങനെ ഭേദിക്കാം എന്നതായി തീര്‍ന്നിരിക്കുന്നു ഇന്നത്തെ ചിന്താവിഷയം. സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്. പക്ഷേ, ഒരു മുദ്രാവാക്യം കൊണ്ട്, ഒരു ആഗ്രഹം കൊണ്ട് ഈ അവകാശം സ്ഥാപിക്കപ്പെടുകയില്ല. ഓരോ നിമിഷവും ഓരോ അവകാശം, ഓരോ സ്വാതന്ത്ര്യം നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി ജനമുന്നേറ്റങ്ങളുണ്ടാവണമെന്നതു പോലെത്തന്നെ സ്വാതന്ത്രലംഘനങ്ങള്‍ക്കെതിരില്‍ ചെറുത്തുനില്‍പ്പുകളും ഉണ്ടാവണം.

ഇന്ദ്രപ്രസ്ഥത്തില്‍ കാഷായവസ്ത്രം ധരിച്ച സന്ന്യാസിമാരെ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, നമ്മുടെ രാഷ്ട്രീയ കൊടിമരത്തില്‍ കാവ്യകൊടി കയറാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അതു നടക്കുന്ന രാജ്യം ജന്മദേശമല്ല എന്ന് ഒ.വി. വിജയന്‍ പറയുകയുണ്ടായി. എന്താണൊ ഭയപ്പെട്ടത്, അതു സംഭവിച്ച് കഴിഞ്ഞ ഒരു ദശാസന്ധിയിലാണ് നാം ഇന്നുള്ളത്. രാഷ്ട്രീയചൂതുകളിയില്‍ ഇന്ത്യ പണയം വയ്ക്കപ്പെട്ടിരിക്കുന്നു. പൗരാവലിയെ വരുതിയില്‍ നിര്‍ത്താനുള്ള ദണ്ഡനമായി മാറിയിരിക്കുന്നു ഭരണനിര്‍വഹണം. ഇതൊക്കെ അറിഞ്ഞിട്ടും ഫാഷിസത്തിനു വേണ്ടിയുള്ള സ്തുതികീര്‍ത്തനയജ്ഞങ്ങളാണ് ബുദ്ധിജീവികളുടെ മുന്‍കൈയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അടിയന്തരാവസ്ഥയിലെ ചിലരുടെ നിലപാടിനെ കുറിച്ച് സൂചിപ്പിച്ചുകൊണ്ട് പി. ഗോവിന്ദപ്പിള്ള എഴുതി ‘നമ്മുടെ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുത്തപ്പോള്‍ അതിനെതിരായി സ്വകാര്യസംഭാഷണങ്ങളിലെങ്കിലും ഒരു ചെറിയശബ്ദം പോലും ആ കവികള്‍ ഉയര്‍ത്തിയില്ല… അടിയന്തരാവസ്ഥ അറബിക്കടലിലേക്ക് അസ്തമയസൂര്യനോടൊപ്പം താഴുമ്പോഴും അവര്‍ ഭയന്നുവിറച്ചു.’

എന്നാല്‍, ചന്ദ്രശേഖര പട്ടേല്‍, അനന്തമൂര്‍ത്തി, പി. ലങ്കേഷ്,  വൈലോപ്പിള്ളി, ഏഴാച്ചേരി, സച്ചിദാനന്ദന്‍, കടമ്മനിട്ട എന്നിവര്‍ അടിയന്തരാവസ്ഥക്കെതിരില്‍ അണിനിരന്ന കാര്യം ഗോവിന്ദപ്പിള്ള ഓര്‍ക്കുന്നുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയം, ഫാഷിസത്തിലേക്ക് നയിക്കപ്പെടുമ്പോള്‍ വീണ്ടും സച്ചിദാനന്ദനെ പോലുള്ളവര്‍ ഒരു ജനകീയസമരത്തിന്, സര്‍വപിന്തുണയുമായി വന്നുനില്‍ക്കുന്നു. ഇത് തെല്ലൊന്നുമല്ല നമ്മെ സന്തോഷിപ്പിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss