|    Oct 21 Sun, 2018 12:34 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ബുദ്ധനും ഗാന്ധിയും ചിരിക്കുന്നു

Published : 20th September 2017 | Posted By: fsq

അറാഖാന്‍ പ്രദേശത്തു നിന്ന് റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ കൂട്ടക്കുരുതിയെ തുടര്‍ന്നും ബുദ്ധമത തീവ്രവാദികളാല്‍ പീഡനത്തിനും  അരുംകൊലകള്‍ക്കും ശേഷം ആട്ടിയോടിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അന്ന് രാജസ്ഥാനിലെ പൊക്രാന്‍ മരുഭൂമിയില്‍ ഇന്ദിരാഗാന്ധി ആണവപരീക്ഷണം നടത്താനായി തിരഞ്ഞെടുത്ത ബുദ്ധന്‍ ചിരിക്കുന്നു എന്ന വാചകമാണ് ഓര്‍മയില്‍ വന്നത്. ഇന്ന് ഒരു വാക്കുകൂടി കൂട്ടിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. ബുദ്ധനും ഗാന്ധിയും ചിരിക്കുന്നു. കാരണം, ഈ ക്രൂരകൃത്യത്തെ  പിന്തുണയ്ക്കാനും നരഹത്യയെ ന്യായീകരിക്കാനും ഗാന്ധിജിയുടെ സ്വന്തം നാടായ ഇന്ത്യാ മഹാരാജ്യമാണല്ലോ മുമ്പോട്ടുവന്നിരിക്കുന്നത്. ഭീകരതയുടെ ഉടല്‍രൂപമായ ജൂതരാഷ്ട്രം സന്ദര്‍ശിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെന്ന അലങ്കാരപദവിയുമായി നമ്മുടെ പ്രധാനമന്ത്രി നേരെ ചെന്നിറങ്ങിയത് മ്യാന്‍മറിലാണല്ലോ. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച സൂച്ചിയെന്ന വനിതാ ഭരണാധികാരിക്ക് പ്രസ്തുത സമ്മാനപ്പൊതി കക്ഷത്തില്‍ വച്ചുകൊണ്ട് എങ്ങനെ ഈ വംശഹത്യ നിര്‍ബാധം നടത്തുന്നതിനെ കൈയുംകെട്ടി നോക്കിനില്‍ക്കാനാവുന്നു എന്നതിനെക്കുറിച്ച അറിവ് കരസ്ഥമാക്കലായിരുന്നു പൊടുന്നനെയുള്ള സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നു വ്യക്തം. മ്യാന്‍മര്‍ സര്‍ക്കാരിന്റെ നടപടിയെ പിന്താങ്ങുമ്പോഴും ചൈന അവിടെ നടന്ന നരഹത്യയെ തള്ളിപ്പറയുകയുണ്ടായി. എന്നാല്‍, മോദിയുടെ ഭാഗത്തുനിന്ന് അതുപോലുമുണ്ടായില്ല. ഒരുവേള പ്രസ്തുത നരഹത്യയുടെ രക്തപങ്കിലമായ വശത്തോടാവാം നമ്മുടെ പ്രധാനമന്ത്രിക്ക് താല്‍പര്യം. നൂറ്റാണ്ടുകള്‍ ഫലസ്തീനില്‍ ജീവിച്ച തദ്ദേശീയരെ അഭയാര്‍ഥികളായി മരുഭൂമികളില്‍ ഉഴലാന്‍ വിട്ട ഇസ്രായേല്‍ രാഷ്ട്രത്തിന്റെ ഭരണത്തലവനോട് ഇന്ത്യയുടെയും നിങ്ങളുടെയും ശത്രു ഒന്നാണെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന്റെ ഉള്ളടക്കത്തില്‍ ഇങ്ങിവിടെയുള്ള റോഹിന്‍ഗ്യന്‍ മുസ്‌ലിംകളും ഉള്‍ക്കൊള്ളുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ഇവിടെ നിര്‍ബന്ധ ആത്മഹത്യക്ക് വിധേയമാക്കപ്പെടുന്നത് മനുഷ്യരാശി ഇന്നോളം ആര്‍ജിച്ച മനുഷ്യത്വം എന്ന ആശയമാണ്. ആ കൊലക്കയറിന്റെ ഒരറ്റത്ത് ഗാന്ധിജിയും ശ്രീബുദ്ധനും ആണെന്നത് ഇന്ത്യക്കാരായ നമ്മെ കുറച്ചൊന്നുമല്ല നൊമ്പരപ്പെടുത്തുന്നത്. ഈ കൊടുംഭീകരതയെ ന്യായീകരിക്കാന്‍ ഫാഷിസ്റ്റ് ബുദ്ധിജീവികള്‍ നിരത്തുന്ന ന്യായവാദങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍  എ ആര്‍ റഹ്മാന്‍ പറഞ്ഞപോലെ ഇവര്‍ അധിവസിക്കുന്ന ഇന്ത്യ നാം അധിവസിച്ചുപോന്ന ഇന്ത്യയല്ലെന്ന് ഉറക്കെ പറയാന്‍ തോന്നുന്നു. മനുഷ്യനെ ആട്ടിത്തെളിച്ച് വീടുകള്‍ക്കകത്തേക്ക് ഓടിപ്പായിച്ചശേഷം വാതിലുകള്‍ പൂട്ടി അവയ്ക്ക് തീകൊടുക്കുകയും കൊച്ചു പെണ്‍കുട്ടികളെ വരെ ബലാല്‍സംഗത്തിനു വിധേയമാക്കുകയും ചെയ്യുന്ന ക്രൂരതയിലേക്ക് എണ്ണയൊഴിക്കുമാറ് ഇന്ത്യയിലെ ചാളകളിലും ചേരികളിലും പാത്തുപതുങ്ങി കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ കൂടി ആട്ടിത്തെളിച്ച് എത്തിക്കരുത് എന്ന ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ഥനയെ വെറും തമാശ എന്നാണ് ബിജെപിയുടെ മുന്‍ എംപിയും പയനീര്‍ പത്രാധിപരുമായ മാന്യദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന് അതിനു കാരണവും പറയാനുണ്ട്. അന്ന് 1990ല്‍ ജമ്മുകശ്മീരില്‍ നിന്ന് വംശശുദ്ധീകരണത്തിന്റെ ഭാഗമായി പണ്ഡിറ്റുകളായ ബ്രാഹ്മണരെ ഇപ്പോള്‍ മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളോട് കാണിക്കുന്ന രീതിയിലുള്ള ക്രൂരതകള്‍ക്കും നരഹത്യകള്‍ക്കും ശേഷം ആട്ടിയോടിച്ചപ്പോള്‍ ഈ ഐക്യരാഷ്ട്രസഭ എവിടെയായിരുന്നുവെന്നാണ് ഈ ഫാഷിസ്റ്റ് ബുദ്ധിജീവി ചോദിക്കുന്നത്. മോദി അധികാരത്തില്‍ അവരോധിതനായതില്‍ പിന്നെ നാട്ടിലുള്ള സകല വലതുപക്ഷ ഇഴജീവികളുടെയും വിഷസഞ്ചികള്‍ വീര്‍ത്തു വണ്ണംവയ്ക്കുകയും അവയ്‌ക്കെല്ലാം തണ്ടും തോലും തൊലിക്കട്ടിയും വര്‍ധിക്കുകയും ചെയ്തുവെന്നതു ശരി. എന്നാല്‍, അവരോട് വിയോജിക്കുന്നവരുടെ മസ്തിഷ്‌കങ്ങളും നാഡിഞരമ്പുകളും അതോടെ ചുക്കിച്ചുളിഞ്ഞ് ഓര്‍മശക്തി പൂര്‍ണമായും നഷ്ടപ്പെട്ടവരായി തീര്‍ന്നിരിക്കുന്നു എന്ന മൗഢ്യം മറുപക്ഷത്തിനുണ്ടെങ്കില്‍ അതു തികഞ്ഞ ധിക്കാരമാണ്.1990കള്‍ എന്നത് ചന്ദ്രഗുപ്ത മൗര്യന്റെയോ വിക്രമാദിത്യന്റെയോ കാലഘട്ടമായിരുന്നില്ല ഇന്ത്യയില്‍. മറിച്ച് ഈ ദശകത്തില്‍ സംഘപരിവാരത്തിന്റെ ലവകുശന്‍മാരായിരുന്ന എ ബി വാജ്‌പേയിയും ലാല്‍കൃഷ്ണ അഡ്വാനിയുമാണ് അന്ന് ഭരണത്തിലുണ്ടായിരുന്നത്. കശ്മീരില്‍ ഹിന്ദുക്കള്‍ക്ക് രക്ഷയില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ കുറേ പണ്ഡിറ്റുകളെ അഡ്വാനി ഡല്‍ഹിയില്‍ കൊണ്ടുവന്നു കുടിയിരുത്തി. സകലമാന ആധുനിക സൗകര്യങ്ങളോടും കൂടിയ താമസസൗകര്യവും നേരത്തേ അവര്‍ക്ക് ലഭിച്ചുപോന്ന ആനുകൂല്യങ്ങളും കുട്ടികള്‍ക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും നല്‍കിക്കൊണ്ടായിരുന്നു ഈ പറിച്ചുനടല്‍. ഏതുനിലയ്ക്കും ഇതൊരു രാജ്യത്തു നിന്ന് റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെപ്പോലെ എങ്ങോട്ടെന്നില്ലാതെ, എവിടേക്കെന്നില്ലാതെ അഭയം അന്വേഷിച്ചുള്ള ഒരു ദുരന്തയാത്രയായിരുന്നില്ല. കൃത്യമായ ലക്ഷ്യബോധത്തോടും മുന്‍കൂട്ടി നിശ്ചയിച്ചുള്ള ആസൂത്രിത പരിപാടിയോടും കൂടിയുള്ള ഒരു വിരുന്നുപാര്‍ക്കല്‍.തമാശയായിട്ടുള്ളത് പണ്ഡിറ്റുകള്‍ ഡല്‍ഹിയിലേക്ക് സുഖവാസത്തിനു പോവുമ്പോള്‍ വീടുകളുടെ താക്കോലുകള്‍ അയല്‍വാസികളായ മുസ്‌ലിംകളെയാണ് ഏല്‍പിച്ചിരുന്നത് എന്നതായിരുന്നു. ഏതായാലും അന്ന് താഴ്‌വര വിട്ട പണ്ഡിറ്റുകള്‍ ഗോളടിച്ചു. താഴ്‌വരയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട അഭയാര്‍ഥികള്‍ എന്ന പേരില്‍ 1,000 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് അവര്‍ക്കു ലഭിച്ചത്. ഗുജറാത്തിലെയും അസമിലെയും മുസഫര്‍നഗറിലെയും കലാപബാധിതര്‍ക്ക് ഒരു പ്രത്യേക മതസ്ഥരായതിനാല്‍ കാല്‍ക്കാശ് നഷ്ടപരിഹാരം നല്‍കുകയോ സ്വന്തം വീടുകളിലേക്കു തിരിച്ചുപോവാന്‍ സംരക്ഷണം നല്‍കുകയോ ചെയ്യാത്ത ബ്രാഹ്മണര്‍ക്കു വേണ്ടി ബ്രാഹ്മണരാല്‍ ഭരിക്കപ്പെടുന്ന ബ്രാഹ്മണ സര്‍ക്കാരിന്റെ ഈ ഇരട്ട നിലപാട് സവിശേഷമായി ഓര്‍ക്കുക. പയനീര്‍ പത്രാധിപര്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കെതിരേ നിലപാട് സ്വീകരിക്കാന്‍ പറഞ്ഞ മറ്റൊരു കാരണം ഇന്ത്യ ഓവര്‍ പോപ്പുലേറ്റഡ് ഏരിയയാണ് എന്നതാണ്. അഥവാ ആളുകളുടെ ആധിക്യമുള്ള രാജ്യം. എന്നാല്‍, മോദി അധികാരത്തിലേറി ഏറെ താമസിക്കും മുമ്പ് ലോകത്താകമാനമുള്ള ഹിന്ദുക്കളോട് അന്ന് ജൂതരാഷ്ട്രം ചെയ്തതുപോലെ ഇന്ത്യയിലേക്കു കുടിയേറാന്‍ അഭ്യര്‍ഥിക്കുന്നതിന് ഈ ആള്‍ക്കൂട്ടവാദം തടസ്സമായില്ല. ആ അഭ്യര്‍ഥന ഇപ്പോഴും തുടരുന്നു. എന്നാല്‍ രാഷ്ട്രീയ അകംപൊരുളറിയാത്ത കൊണ്ടോട്ടിയിലെയും മാഹിയിലെയും ചൊക്ലിയിലെയും ഹോട്ടല്‍ തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ ഒരു യാത്രാരേഖ ഒപ്പിച്ചുകൊടുക്കാന്‍ ഇന്നേവരെ ബന്ധപ്പെട്ടവര്‍ കനിയുകയുണ്ടായില്ല. ഈ പാവങ്ങള്‍ അവസാനകാലത്ത് അന്ത്യവിശ്രമംകൊള്ളാന്‍ ഇന്ത്യയിലെ അവരുടെ പൂര്‍വികരുടെ ഖബര്‍സ്ഥാനുകള്‍ അന്വേഷിച്ച് ഒളിച്ചും പാത്തും എത്തിച്ചേരുമ്പോള്‍ ആ വൃദ്ധന്‍മാരുടെ ചെവിക്കുന്നി പിടിച്ച് അറവുമൃഗങ്ങള്‍ കണക്കെ അവരെ രാജസ്ഥാന്‍ അതിര്‍ത്തിയിലെ മരുഭൂമിയിലെ അക്കരേക്ക് തള്ളുകയാണ് ഇന്നും പതിവ്. നേപ്പാളുകാരും തിബത്തന്‍ അഭയാര്‍ഥികളും ഇന്ത്യയില്‍ പറയത്തക്ക രേഖകളോ മറ്റോ ഇല്ലാതെ തെരുവുകളില്‍ അലഞ്ഞുനടക്കുന്നു. തിബത്തന്‍ ആത്മീയനേതാവിനെയും പരിവാരത്തെയും സ്വീകരിച്ചിരുത്തിയതിന്റെ പേരില്‍ ശക്തനായ ഒരു അയല്‍രാഷ്ട്രവുമായി ഏറ്റുമുട്ടലിനും സംഘര്‍ഷത്തിനും വഴിമരുന്നിട്ട രാജ്യമാണ് നമ്മുടേത്. ദലൈലാമയെയും പരിവാരത്തെയും തീറ്റിപ്പോറ്റാന്‍ രാഷ്ട്രഖജനാവില്‍ നിന്നു ചെലവഴിക്കേണ്ടിവന്നത് ചില്ലറയല്ല. ശ്രീലങ്കയിലെ തമിഴ് അഭയാര്‍ഥികളുടെ കാര്യവും വ്യത്യസ്തമല്ല. ആ ഒരൊറ്റക്കാരണത്താല്‍ രാജ്യത്തിന് അതിന്റെ ഒരു പ്രിയപുത്രനെ ബലികൊടുക്കേണ്ടിവന്നു. അങ്ങനെ പലതും. ആറ്റിക്കുറുക്കി പറഞ്ഞാല്‍ എല്ലാ ന്യായങ്ങളും അവസാനമായി ചെന്നെത്തുന്നത് മുസ്‌ലിം വിരോധത്തിലാണ്. ഈ ശത്രുതയാണ് നെതന്യാഹുവുമായി നരേന്ദ്രമോദി പങ്കുവച്ചത്. പക്ഷേ, ഈ കൊടിയ ശത്രുതയ്ക്കിടയിലും ഒരു വലിയ തമാശ ഒളിഞ്ഞുകിടക്കുന്നു. റിപബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി അബൂദബിയിലെ അബ്ബാസ് നഖ്‌വിയെ തന്നെ വേണം. അഭിമാനത്തിന്റെ അഹങ്കാരരൂപമായി നെഞ്ചത്തണിയാന്‍ ഏകദൈവവിശ്വാസത്തിന്റെയും അതിന്റെ കാവല്‍പ്പുരയായ ഹറമൈനിശരീഫൈനിയുടെയും കാവല്‍ക്കാരന്റെ (വിശുദ്ധ ഹറമുകളുടെ പരിപാലകന്‍) വിശുദ്ധ കൈകളില്‍ നിന്ന് സൗദിയുടെ പരമോന്നത സിവില്‍ ബഹുമതിമുദ്ര സ്വീകരിക്കുന്നതിന് മുസ്‌ലിം വിരോധം തടസ്സമല്ല. അര്‍ഥശൂന്യമായ ഈശ്വരസങ്കല്‍പം എന്ന നിലയ്ക്ക് നൂറുകണക്കിന് വിഗ്രഹനിര്‍മിതികളെ ഇളക്കിമാറ്റി തല്‍സ്ഥാനത്ത് ഏകദൈവവിശ്വാസത്തെ പ്രതിഷ്ഠിച്ചതിന്റെ ഓര്‍മപ്പുരകളുടെ ഈ കാലഘട്ടത്തിലെ കസ്റ്റോഡിയന്‍മാരുടെ കൈകളില്‍ നിന്നു ലഭിച്ച ബഹുമതിയാണ് നരേന്ദ്രമോദി ഏറ്റവും വലിയ ബഹുമതിയെന്ന നിലയ്ക്ക് നെഞ്ചത്തണിഞ്ഞു നടക്കുന്നത് എന്ന വസ്തുത അപ്പോഴും അവശേഷിക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss