|    Feb 20 Tue, 2018 9:33 am
FLASH NEWS

ബീവറേജസ് മദ്യശാല സ്ഥലം മാറ്റുന്നതില്‍ ദുരൂഹത

Published : 17th January 2017 | Posted By: fsq

 

എടപ്പാള്‍: കണ്ടനകത്തെ സര്‍ക്കാര്‍ ബീവറേജ് മദ്യശാല മാറ്റിസ്ഥാപിക്കുന്നതില്‍ ദുരൂഹതയുയര്‍ത്തി പുതിയ സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കം അണിയറയില്‍ തകൃതിയായി നടക്കുന്നു. സംസ്ഥാന-ദേശീയ പാതയോരങ്ങളിലുള്ള മദ്യവില്‍പനശാലകള്‍ എത്രയും പെട്ടെന്ന് അടച്ചു പൂട്ടണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുവാന്‍ നടപടികളാരംഭിച്ചതോടെയാണ് കണ്ടനകത്ത് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന ബീവറേജ് മദ്യശാല മാറ്റുന്നതെവിടേക്കെന്ന അവ്യക്തത നിലനില്‍ക്കുന്നത്. നിലവിലെ മദ്യശാലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി കണ്ടനകം-ആനക്കര റോഡിലെ ആശാരിപ്പടിയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെന്ന പ്രചാരണം വ്യാപകമാണ്. ഇതറിഞ്ഞ ഈ പ്രദേശവാസികള്‍ സംഘടിച്ച് മദ്യശാല സ്ഥാപിക്കുന്നതിനെതിരേ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. അതേസമയം ആശാരിപ്പടിയില്‍ മദ്യശാല സ്ഥാപിക്കുകയല്ല ലക്ഷ്യമെന്നും വട്ടംകുളം പഞ്ചായത്തിലെ തന്നെ കുറ്റിപ്പാലയിലുള്ള ഒരു കെട്ടിടത്തിലേക്കാണ് മദ്യശാല മാറ്റുന്നതെന്നുമുള്ള ചില രഹസ്യ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ജനങ്ങളുടെ ശ്രദ്ധ മുഴുവന്‍ ആശാരിപ്പടിയിലെ നിര്‍ദ്ദിഷ്ട മദ്യശാലക്കെതിരെ തിരിച്ചു വിട്ട് അതീവ രഹസ്യമായി കുറ്റിപ്പാലയിലെ കെട്ടിടത്തിലേക്ക് മാറ്റുവാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും അറിയുന്നു. പുതുതായി മദ്യശാല സ്ഥാപിക്കുന്നതിനു ഒരു പ്രദേശത്തും നാട്ടുകാര്‍ അനുവദിക്കില്ലെന്ന യാഥാര്‍ഥ്യം അധികൃതര്‍ ഉള്‍കൊണ്ടു കൊണ്ടാണ് കാര്യങ്ങള്‍ നടക്കുന്നത്. അതീവ രഹസ്യമായി എക്‌സൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥരും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട ഭൂമി ഏജന്റുമാരുമാണ് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ശ്രമം നടത്തുന്നത്. മദ്യശാലാ വിരുദ്ധരുടേയും നാട്ടുകാരുടേയും ശ്രദ്ധ പലവഴിക്കു തിരിച്ചു വിട്ട് കൊണ്ട് അതീവ രഹസ്യമായി ഏതെങ്കിലും ഒരു കെട്ടിടത്തില്‍ മദ്യവില്‍പന ആരംഭിക്കാനുള്ള നീക്കമാണ് നടന്നു വരുന്നത്. ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ മദ്യശാല തുടങ്ങി അത് രേഖപ്പെടുത്തുന്നതിനായി പേരിന് ഒന്നോ, രണ്ടോ ബില്‍ അടിച്ചു മദ്യം വില്‍പന നടത്തിയാല്‍ പിന്നീട് അവിടെ നിന്നു മദ്യശാല മാറ്റുകയെന്നത് പ്രയാസമായിരിക്ും. മദ്യശാല തുടങ്ങിയതിനു ശേഷം സ്ഥലം മാറ്റാന്‍ കഴിയില്ലെന്നു ബോധ്യമുള്ള ഭരണാധികാരികള്‍ മദ്യശാല വരുന്നതിനു മുന്‍പുള്ള പ്രതിഷേധത്തെ വഴിതിരിച്ചു വിടാനുള്ള നീക്കമാണ് ബോധപൂര്‍വം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് മദ്യശാല ആരംഭിക്കുന്ന സ്ഥലത്തെ ചൊല്ലി നിലനില്‍ക്കുന്ന ദുരൂഹത.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss