|    Jan 18 Wed, 2017 1:37 pm
FLASH NEWS

ബീമാപ്പള്ളി: കൂട്ടമറവി സാധൂകരണമോ?

Published : 25th May 2016 | Posted By: SMR

slug-nilapadutharaസെയ്താലി, അഹ്മദലി, അബ്ദുല്‍ ഹമീദ്, ബാദുഷ, അബ്ദുള്‍കനി, ഫിറോസ് എന്നീ പേരുകള്‍ ഒന്നിച്ച് മലയാളിയുടെ ഓര്‍മയില്‍ പെട്ടെന്നു വരാന്‍ സാധ്യതയില്ല. 2009 മെയ് 17നു നടന്ന കേരളത്തിലെ ഏറ്റവും വലിയ പോലിസ് വെടിവയ്പില്‍ മരിച്ചവരാണിവര്‍. ഇവരെയും ആ പോലിസ് വെടിവയ്പില്‍ പരിക്കേറ്റവരെയും ആ വെടിവയ്പിനെ തന്നെയും മലയാളികള്‍ മറന്നുകഴിഞ്ഞു. ഈ കൂട്ടമറവി യാദൃച്ഛികമല്ല. മലയാളി, കേരളം എന്നിവയുടെ രൂപീകരണത്തെയും വളര്‍ച്ചയെയും വ്യക്തമാക്കുന്ന ഒരു മറവിയാണത്. തീരദേശത്തെ മുസ്‌ലിം മല്‍സ്യത്തൊഴിലാളി സമുദായത്തിന്റെ കൊലപാതകം മലയാളിയെ സംബന്ധിച്ച് അത്ര ഓര്‍ക്കേണ്ട ഒരു കാര്യമല്ല. ദലിതരെയും ആദിവാസികളെയും മുസ്‌ലിംകളെയും പുറന്തള്ളുന്ന കേരളം/മലയാളി എന്ന സാമൂഹികനിര്‍മിതിയുടെ ഘടനാപരമായ ഒന്നാണ് ഈ മറവി. ജാതി പൊതുമനോഭാവത്തെ കൊന്നിരിക്കുന്നുവെന്നും ഒരു പൊതു അഭിപ്രായത്തെ അത് അസാധ്യമാക്കുന്നുവെന്നും അംബേദ്കര്‍ ഓര്‍മിപ്പിച്ചിട്ടുണ്ട്. ജാതിവ്യവസ്ഥ അതതു ജാതികളോടു മാത്രമുള്ള കൂറ് മാത്രമാണ് സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ തന്നെ ഇപ്പോള്‍ ബീമാപ്പള്ളിയെക്കുറിച്ച് മുസ്‌ലിംകള്‍ അല്ലാത്ത ആര്‍ക്കും ചിന്തിക്കേണ്ട കാര്യമില്ല എന്ന നിലയില്‍ ഒരു ബോധം സൃഷ്ടിക്കപ്പെട്ടു. മറ്റു സമുദായങ്ങള്‍ക്ക് ഓര്‍ക്കേണ്ട ഒരു കാര്യംപോലുമല്ലാതെയായി ബീമാപ്പള്ളിയിലെ മുസ്‌ലിം വേട്ട മാറി. ഇതു സാധ്യമായതു തന്നെ കേരളം എന്ന വ്യവഹാരത്തിന്റെ വളര്‍ച്ചയില്‍ അന്തര്‍ലീനമായ മുസ്‌ലിംവിരുദ്ധത കാരണമാണ്.
ബീമാപ്പള്ളിയിലെ കടപ്പുറത്ത് 2009 മെയ് 17ന് ഉച്ചയ്ക്ക് പെട്ടെന്നു കടന്നുവരുകയും രണ്ടേകാല്‍ മുതല്‍ മൂന്നുമണി വരെ 15 മിനിറ്റോളം കണ്ണില്‍ക്കണ്ടവരെയെല്ലാം വെടിവയ്ക്കുകയുമായിരുന്നു. ഏതാനും ദിവസങ്ങളോളം നിലനിന്ന പ്രാദേശികമായ സംഘര്‍ഷങ്ങളല്ല ഈ വെടിവയ്പിന്റെ കാരണം. ഏകപക്ഷീയമായ പോലിസ് നടപടിയാണുണ്ടായത്. കെ അഷ്‌റഫ് എഡിറ്റ് ചെയ്ത ‘ബീമാപ്പള്ളി പോലിസ് വെടിവയ്പ്: മറക്കുന്നതും ഓര്‍ക്കുന്നതും’ (പ്രസാധകര്‍: തേജസ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്) എന്ന പുസ്തകത്തില്‍ ബീമാപ്പള്ളി വെടിവയ്പിന്റെ രാഷ്ട്രീയവും വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്. ഈ സംഭവത്തിനുശേഷം പ്രമുഖ മാധ്യമങ്ങള്‍ പോലിസിന്റെ ഭാഷ്യങ്ങളെ പുനര്‍സൃഷ്ടിക്കുകയാണ് പ്രധാനമായും ചെയ്തത്. ‘വര്‍ഗീയസംഘര്‍ഷത്തിന്റെ’ പര്യവസാനമായി നടന്ന വെടിവയ്പായി ചിത്രീകരിക്കുകയാണിവര്‍ ചെയ്തത്. ഈ സമീപനം കേരളത്തിന്റെ മതേതര ലിബറല്‍ വ്യവഹാരങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. അക്രമികളും കള്ളക്കടത്തുകാരും അമിതമായ മതവികാരം ഉള്ളവരും എന്നൊക്കെയുള്ള തിരുവനന്തപുരത്തെ ഹിന്ദു/മതേതര പൊതുബോധം ഈ വെടിവയ്പിന്റെ വിശദാംശങ്ങള്‍പോലും അവഗണിച്ചുകൊണ്ട് അത് ‘ന്യായമാണെന്ന’ വിശ്വാസം ഉറപ്പിച്ചു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മഅ്ദനിയെ കോടതി കുറ്റവിമുക്തനാക്കിയിട്ടും മഅ്ദനിയെ കുറ്റക്കാരനായി കാണുന്ന കുറേപേരുമായി പണ്ട് തര്‍ക്കിക്കേണ്ടിവന്നത് ഓര്‍ക്കുന്നു. മുസ്‌ലിംകളല്ലേ, അവരങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്ന ഒരു ബോധം ശക്തമാണ് കേരളത്തില്‍. അതു മാറ്റാന്‍ തയ്യാറുമല്ല പലരും. അതുകൊണ്ടുതന്നെ ബീമാപ്പള്ളിയില്‍ വെടിവയ്പുണ്ടായ വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ അതുണ്ടായില്ലെങ്കിലേ സംശയമുള്ളൂ എന്ന ബോധമാണ് പലരും പ്രകടിപ്പിച്ചത്. ‘പെട്ടെന്നു പ്രശ്‌നങ്ങളുണ്ടാവുന്ന’ സ്ഥലമാണ് തീരദേശമെന്നും പോരാത്തതിന് മുസ്‌ലിംകള്‍ താമസിക്കുന്ന ബീമാപ്പള്ളി എന്നുമുള്ള മുന്‍ധാരണ കാരണമാണ് ഇങ്ങനെ അഭിപ്രായമുണ്ടായത്.
ബാബരി മസ്ജിദ് തകര്‍ക്കല്‍, ബീമാപ്പള്ളി വെടിവയ്പ് എന്നിവയുമായി ബന്ധപ്പെട്ട ഹര്‍ത്താല്‍ സമയത്തൊക്കെ ഹിന്ദുക്ഷേത്രങ്ങളുടെ മുമ്പില്‍ കേരള പോലിസ് കാവല്‍ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. ഹിന്ദു-മുസ്‌ലിം എന്ന ദ്വന്ദ്വത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട് ‘വര്‍ഗീയത’ എന്ന വ്യവഹാരം പോലിസ് ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്നുണ്ട്. ബീമാപ്പള്ളി വെടിവയ്പിന്റെ കാര്യത്തില്‍ എന്നാല്‍ മുസ്‌ലിം-ക്രിസ്ത്യന്‍ എന്ന ദ്വന്ദ്വമുണ്ടാക്കി ഒരു ‘വര്‍ഗീയ’ പ്രശ്‌നമായി ചിത്രീകരിച്ച് കൈകഴുകാനാണ് പോലിസ് ശ്രമിച്ചത്. ഇതിലൂടെ ഈ വ്യവഹാരത്തിനു പുറത്ത് സ്വയം പ്രതിഷ്ഠിക്കാന്‍ പോലിസിനു കഴിഞ്ഞു. മതസംഘര്‍ഷം, വര്‍ഗീയത എന്നൊക്കെ പേരിട്ടു വിളിച്ചിട്ടും ഒരു മതസമുദായം മാത്രമാണ് കൊല്ലപ്പെട്ടതും അക്രമത്തിന് വിധേയരായതും. ക്രിസ്ത്യന്‍-മുസ്‌ലിം എന്ന ദ്വന്ദ്വം ഇവിടെ സാധ്യമാവുന്നതുതന്നെ തീരദേശമാണെന്നതും മല്‍സ്യത്തൊഴിലാളികള്‍ താമസിക്കുന്ന ഇടമാണെന്നതുകൊണ്ടുമാണ്. സവര്‍ണ ക്രൈസ്തവര്‍ സാധാരണ ഒരു ‘വര്‍ഗീയ’ സമുദായമായി കാണപ്പെടാറില്ല. എന്നാല്‍, ഇവിടെ മുസ്‌ലിം സമുദായത്തിന്റെ ‘അമിതമായ’ മതകീയതയെ സൃഷ്ടിക്കാനാണ് കീഴാള ക്രൈസ്തവരെ എതിരായി പ്രതിഷ്ഠിച്ചത്. മുസ്‌ലിംസമുദായത്തിനെതിരേ പ്രതിഷ്ഠിക്കപ്പെടുന്ന മതേതര, ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങിയ സാമുദായിക ഗണങ്ങള്‍ ഏറക്കുറേ ഒരേ ദൗത്യമാണ് നിര്‍വഹിക്കുന്നത്. മുസ്‌ലിമിനെ തന്നെയാണ് ഏറ്റവും അപകടകാരിയായി സൃഷ്ടിക്കുന്നത്. ഇവിടെ ക്രിസ്ത്യന്‍ എന്നത് മുസ്‌ലിമിനെതിരേ പ്രതിഷ്ഠിക്കാനുള്ള ഒരു ഓപ്ഷന്‍ മാത്രമാണ്. ഈ ഓപ്ഷന്‍ പോലിസിന്റെ/ഭരണകൂടത്തിന്റെ ‘മതേതര’ത്വത്തെ നിര്‍മിക്കാനുള്ള ഒരു ഉപാധി മാത്രമാണ്.
ബീമാപ്പള്ളി ഭരണകൂട കൊലപാതകത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ പൊതുസമൂഹം ഇന്നും പാലിക്കുന്ന നിശ്ശബ്ദത തന്നെയാണ് പ്രധാനമായും പരിശോധിക്കേണ്ടത്. ഇപ്പോള്‍ തന്നെ സംഘപരിവാരത്തിനെതിരേ/ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേ ഫാഷിസ്റ്റ് വിരുദ്ധ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കപ്പെടുന്നുണ്ട്. ‘മനുഷ്യ സംഗമങ്ങള്‍’ പോലുള്ള പ്രകടനാത്മക പരിപാടികള്‍ നടക്കുന്നു. ഇവയൊക്കെത്തന്നെ മലയാളികളെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. വളരെ തിരഞ്ഞെടുത്ത കാര്യങ്ങളില്‍ മാത്രമേ മലയാളിയുടെ നീതിബോധം പ്രകടമാവൂ. പ്രതിഷേധങ്ങള്‍ ചില കാര്യങ്ങളില്‍ മാത്രമേ നടത്തൂ. സംഘപരിവാര ഹിംസയെ എതിര്‍ക്കുന്ന ഒരു ഇടതു ബോധം പ്രകടമാക്കപ്പെടാം. അതേപോലെ മോദി അധികാരത്തില്‍ കയറിയതു മുതല്‍ ഉണ്ടായ ഒരു പ്രതിഭാസമായി, അല്ലെങ്കില്‍ സംഘപരിവാര പ്രതിഭാസം മാത്രമായി മുസ്‌ലിംവിരുദ്ധ ആക്രമണങ്ങളെ കാണാന്‍ ശ്രമിക്കുന്ന ഒരു ഇടത് മതേതര ബോധം ശക്തമാണ്. ബീമാപ്പള്ളി ഉയര്‍ത്തുന്ന ഒരു പ്രധാന പ്രശ്‌നം അത് ഈ ചട്ടക്കൂടില്‍ ഒതുങ്ങുന്നില്ലെന്നതാണ്. ഇവിടെ മതേതരം എന്ന് വിവക്ഷിക്കപ്പെടുന്ന ഭരണകൂടം, പോലിസ് എന്നിവയാണ് പ്രധാന പ്രതികളായി നിലനില്‍ക്കുന്നത്. ഈ വെടിവയ്പ് നടക്കുന്ന സമയം ഇടതു ഭരണമായിരുന്നു എന്നതും ശ്രദ്ധേയമാണ്. അപ്പോള്‍ പ്രശ്‌നം കിടക്കുന്നത് മതേതരം എന്നു വിളിക്കപ്പെടുന്ന സ്ഥലത്തു തന്നെയാണ് എന്നതാണ് ലിബറല്‍ മതേതരരെ കുഴക്കുന്നത്.
എങ്ങനെയാണ് മതേതരം എന്ന് വിളിക്കപ്പെടുന്ന ഭരണകൂടം തന്നെ മുസ്‌ലിം വിരുദ്ധമാവുന്നു എന്നത് മനസ്സിലാക്കപ്പെടേണ്ട ഒന്നാണ്. ഹിന്ദുത്വവ്യവഹാരത്തില്‍ മാത്രമല്ല, ലിബറല്‍ മതേതര വ്യവഹാരങ്ങളിലും അടങ്ങിയിരിക്കുന്ന മുസ്‌ലിംവിരുദ്ധതയെയാണ് ബീമാപ്പള്ളി വെടിവയ്പിന്റെ വ്യവഹാരം വെളിവാക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടികളുടെ/ഭരണാധികാരികളുടെ സ്വഭാവം ഒരു മുഖ്യ ഘടകമാവുമ്പോള്‍ തന്നെ ജനായത്ത ഭരണവ്യവസ്ഥ, ഉദ്യോഗ സംവിധാനം, പോലിസ്, കോടതി, പൊതുബോധം എന്നിവയിലാകെ വ്യാപിച്ചുകിടക്കുന്ന ഘടനാപരമായ ഒന്നാണ് മുസ്‌ലിം വിരുദ്ധത എന്നത്. അത് മുസ്‌ലിംകളുടെ പൗരത്വ നിഷേധംകൂടിയാണ്. അതുകൊണ്ടുതന്നെയാണ് സംഘപരിവാരം ഭരിച്ചാലും ഇടതു സര്‍ക്കാര്‍ ഭരിച്ചാലും മുസ്‌ലിം-ദലിത്-ആദിവാസി ജീവിതങ്ങള്‍ അടിസ്ഥാനപരമായി വലിയ മാറ്റമില്ലാതെ തുടരുന്നത്.
ബീമാപ്പള്ളി വെടിവയ്പിനെ ഓര്‍ക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടപ്പോള്‍ ചില ചോദ്യങ്ങള്‍ എന്നോട് ചോദിക്കപ്പെട്ടു. ഒരു ദലിതനായ ഞാനെന്തിന് മുസ്‌ലിംകള്‍ കൊലചെയ്യപ്പെട്ടതില്‍ ഖേദിക്കുന്നു എന്ന നിലയിലായിരുന്നു പ്രതികരണം വന്നത്. ബീമാപ്പള്ളിയില്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്ന ആക്രമണം മുസ്‌ലിംകളെ മാത്രം അലട്ടിയാല്‍ പോര എന്ന് ഞാന്‍ കരുതുന്നു. ആക്രമണം നേരിടുന്ന അപരസമുദായത്തോടൊപ്പം നില്‍ക്കാനാണ് ഏറ്റവും ബുദ്ധിമുട്ട്. സാമുദായിക ഐഡന്റിറ്റികളുടെ അതിര്‍ത്തികള്‍ പ്രത്യേക ചരിത്രമുഹൂര്‍ത്തത്തിലെ രാഷ്ട്രീയ സാഹചര്യത്തിലാണു വരയ്ക്കപ്പെടുന്നതെന്നു കരുതുന്നു. മുസ്‌ലിംവിരുദ്ധമായ ഒരു പാളയത്തില്‍ അറിയാതെ ചെന്നുപെടാതിരിക്കാന്‍ ഈ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് ജാഗ്രത വച്ചുപുലര്‍ത്തേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 273 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക