|    Jan 18 Wed, 2017 9:46 pm
FLASH NEWS

ബീമാപള്ളി, വൃദ്ധസാമൂതിരിമാര്‍, എന്‍ട്രന്‍സ്

Published : 22nd May 2016 | Posted By: mi.ptk

143ബീമാപള്ളി വെടിവയ്പിന് ഏഴാണ്ട് പൂര്‍ത്തിയാവുന്നു. കേരളീയ കാപട്യത്തിന്റെയും മനുഷ്യാവകാശ വായ്ത്താരികളിലെ പൊള്ളത്തരത്തിന്റെയും ഓര്‍മപ്പെടുത്തല്‍ ദിനം. ബച്ചു മാഹി ബീമാപള്ളിയിലെ പോലിസ് ഭീകരതയെയും മലയാളിയുടെ നിസ്സംഗതയെയും ചോദ്യംചെയ്യുകയാണ് തന്റെ പോസ്റ്റില്‍. മുസ്‌ലിം-ക്രിസ്ത്യന്‍ സംഘര്‍ഷമായി അധികൃതര്‍ ചിത്രീകരിച്ച് ‘ആധികാരിക’മാക്കിയ എന്നാല്‍, ഒരു ശല്യക്കാരന്‍ ഗുണ്ടയ്‌ക്കെതിരേ നടപടി എടുക്കാത്ത പോലിസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് സംഘടിച്ച, ഒന്നു ലാത്തി വീശിയാലോ ടിയര്‍ഗ്യാസ് പൊട്ടിച്ചാലോ പിരിഞ്ഞുപോവുമായിരുന്ന ജനക്കൂട്ടത്തിനു നേരെ, വലിയ പ്രകോപനമില്ലാതെ വെടിവയ്ക്കുകയും ആറു മനുഷ്യജീവനുകള്‍ പൊലിഞ്ഞു തീരുകയുമായിരുന്നു. എണ്ണത്തില്‍ സ്വതന്ത്രകേരളത്തില്‍ നടന്ന ഏറ്റവും വലിയ രണ്ടാമത്തെ പോലിസ് വെടിവയ്പ് മരണങ്ങള്‍. സമീപകാലത്ത് നടന്ന ഏറ്റവും നിഷ്ഠൂരമായ പോലിസ് അതിക്രമം/ഭരണകൂട ഭീകരത.ഒരു നടപടിക്രമങ്ങളും പാലിക്കാതെയാണ് വെടിവയ്പ് എന്ന് അന്നത്തെ ജില്ലാഭരണകൂടവും മാപ്പര്‍ഹിക്കാത്ത കൊടിയ ക്രിമിനല്‍ പ്രവൃത്തിയായി കോടതി തന്നെയും നിരീക്ഷിച്ചിട്ടും എത്ര ലാഘവത്തോടെയാണ് പ്രബുദ്ധകേരളം ഈ സംഭവത്തെ എതിരേറ്റത്?! ഹെല്‍മറ്റ് ഇല്ലാത്തവന് ‘പെറ്റി’യടിക്കുന്നത്രയും സ്വാഭാവികമായ ഒരു പോലിസ് നടപടിയായി ഇത് സമൂഹത്തിനും ഉള്‍ക്കൊള്ളാന്‍ പറ്റിയെങ്കില്‍ നമ്മുടെ നീതിബോധത്തിനു സാരമായ എന്തോ തകരാറില്ലേ എന്ന് സ്വയം ചോദിക്കാം.അന്ന് ഇടതുമുന്നണി ആയിരുന്നു അധികാരത്തില്‍. എന്നാല്‍, ഒരു പ്രതിഷേധസ്വരം മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളില്‍ നിന്നുപോലും ഉയര്‍ന്നില്ല. മുത്തങ്ങയില്‍ ആയാലും വര്‍ക്കലയില്‍ ആയാലും അതങ്ങനെ തന്നെയായിരുന്നു. അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കെതിരേയുള്ള പോലിസ് അതിക്രമങ്ങളില്‍ അഭൂതപൂര്‍വമായ രാഷ്ട്രീയഐക്യം!

എന്റെ മകള്‍ ബിരുദത്തിന് ചേരുമ്പോള്‍…

family

പ്രമുഖ കഥാകൃത്തായ സുഭാഷ്ചന്ദ്രന്‍ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ എടുക്കുന്ന നിലപാടുകളെ സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വിമര്‍ശനവിധേയമാക്കുകയാണ്:  മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സുകള്‍ക്കായി നമ്മുടെ മക്കള്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ ഋതുവില്‍ തന്നെ എന്റെ സുഹൃത്തുക്കള്‍ മാത്രമല്ല, മുഴുവന്‍ മലയാളികളും വായിക്കാന്‍ വേണ്ടി എഴുതുന്ന കുറിപ്പാണിത്. കാരണം ഈ കുറിപ്പ് എന്റെ മകളെക്കുറിച്ചു തന്നെയാവുന്നു. മുന്‍കൂട്ടിപ്പറയട്ടെ, ഇതൊരു മക്കള്‍മാഹാത്മ്യക്കുറിപ്പല്ല.രണ്ടുവര്‍ഷം മുമ്പ് അവള്‍ പഠിച്ച കോണ്‍വെന്റ് സ്‌കൂളില്‍നിന്ന് ഏറ്റവും മുന്തിയ മാര്‍ക്കു നേടിയ കുട്ടികളില്‍  ഒരാളായി പുറത്തിറങ്ങിയ സേതുപാര്‍വതി, ഞങ്ങളുടെ പാറുക്കുട്ടി മിനിഞ്ഞാന്ന് പ്ലസ്ടു പരീക്ഷയിലും അതേ    വിജയം ആവര്‍ത്തിച്ചു. പത്തു കഴിഞ്ഞയുടന്‍ ഭൂരിഭാഗം മലയാളിക്കുട്ടികളെയും പോലെ അവളും ബയോമാത്‌സ് മുഖ്യമായെടുത്താണ് പ്ലസ്ടുവിനു ചേര്‍ന്നത്. തന്റെ സുഹൃത്തുക്കളെപ്പോലെ പാറുവും നഗരത്തിലെ ഒരു മുന്തിയ കോച്ചിങ് സ്ഥാപനത്തില്‍ അരലക്ഷത്തോളം രൂപ ഫീസടച്ച് എന്‍ട്രന്‍സ് പരിശീലനത്തിനായി ചേര്‍ന്നു. എന്‍ട്രന്‍സ് കോച്ചിങിനായി അതിരാവിലെ അഞ്ചുമണിക്ക് ഉറക്കപ്പിച്ചോടെ നഗരത്തിലേക്കു പോവുന്ന കുഞ്ഞിനെ നോക്കിനില്‍ക്കുമ്പോള്‍ വേദനയല്ലാതെ അഭിമാനമൊന്നും എനിക്ക് തോന്നിയിട്ടില്ല.അഞ്ചെട്ടുമാസം കഴിഞ്ഞ് ഒരു ദിവസം കുട്ടി എന്നെ കെട്ടിപ്പിടിച്ച് ഒരു പൊട്ടിക്കരച്ചില്‍! “അച്ഛാ, എനിക്ക് ഡോക്ടറും എന്‍ജിനീയറും ആവണ്ട!, അവള്‍ നന്നേ കുട്ടിക്കാലത്തു ചെയ്യാറുള്ളതുപോലെ ഏങ്ങിയേങ്ങി കരയുകയാണ്.ഞാനും ഭാര്യയും ഭയന്നു. കാരണം ചോദിച്ചപ്പോള്‍ സംഗതി ലഘുവാണ്. കൂടെ പഠിക്കുന്ന കുട്ടികളില്‍ ഒരാള്‍ പോലും പഠിക്കുന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും വായിക്കുന്നില്ല! ബഷീറിനെയെന്നല്ല, വ്യാസനെപ്പോലും കേട്ടിട്ടില്ല! കേന്ദ്രസാഹിത്യ അക്കാദമി കിട്ടിയ അച്ഛനെക്കുറിച്ച് അഭിമാനത്തോടെ അറിയിച്ചപ്പോള്‍ ഏറ്റവും അറിവുള്ളവളെന്നു കരുതിയ കൂട്ടുകാരി ചോദിച്ചത്രെ അച്ഛനെഴുതുന്നത് ഇംഗ്ലീഷിലാണോ എന്ന്!മുന്‍കൂറടച്ച പണം പോവുന്നതില്‍ എനിക്കു കുണ്ഠിതമുണ്ടായിരുന്നു. എങ്കിലും പരിശീലനത്തിനു ചേര്‍ന്ന ശേഷം തനിക്ക് പാഠപുസ്തകമല്ലാതെ മറ്റൊന്നും വായിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന അവളുടെ സങ്കടം എന്റെയും ഉള്ളില്‍ കൊണ്ടു.അങ്ങനെ അന്ന് എന്‍ട്രന്‍സ് കോച്ചിങ് എന്ന മാരണത്തില്‍നിന്ന് അവള്‍ സന്തോഷത്തോടെ രക്ഷപ്പെട്ടു. ആഹ്ലാദത്തോടെ എന്റെ വീട്ടുലൈബ്രറിയിലെ പുസ്തകങ്ങളില്‍ അവള്‍ ഊളിയിടുന്നതു കാണുമ്പോള്‍ ഞാന്‍ ഗൗരവശാലിയായ അച്ഛനായി അഭിനയിച്ച് താക്കീതു നല്‍കിയിരുന്നു. വായനയൊക്കെ കൊള്ളാം. പക്ഷേ പ്ലസ്ടുവിന്റെ മാര്‍ക്കിനെ ഇതു ബാധിച്ചാലുണ്ടല്ലോ, ങ്ഹാ!’കഴിഞ്ഞ ദിവസം അവള്‍ കംപ്യൂട്ടറില്‍ റിസല്‍ട്ട് വിളിച്ച് കാണിച്ചുതന്നു. എല്ലാത്തിനും എ പ്ലസ്. അവള്‍ ഏതില്‍നിന്നാണോ രക്ഷപ്പെടാന്‍ കൊതിച്ചത് ആ ബയോളജിക്ക് നൂറുശതമാനം മാര്‍ക്ക്. അതോടൊപ്പം സന്തോഷകരമായ കാഴ്ച: മലയാളത്തിനും ഫുള്‍മാര്‍ക്ക്!ഇനി എന്തെടുക്കാന്‍ പോവുന്നു? ഞാന്‍ ചോദിച്ചു.“എനിക്ക് ബാംഗ്ലൂരില്‍ ക്രൈസ്റ്റ് കോളജില്‍ ചേരണം. ബിഎ ഇംഗ്ലീഷ് പഠിക്കണം! മറുപടി.ആയിരക്കണക്കിന് കുട്ടികള്‍ അപേക്ഷിക്കുന്ന കോളജാണത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കോളജുകളില്‍ ഒന്ന്. മാനേജ്‌മെന്റ് ക്വാട്ട കഴിഞ്ഞാല്‍ ബാക്കിയുള്ള മെറിറ്റ് സീറ്റുകള്‍ മുപ്പതോ മുപ്പത്തഞ്ചോ മാത്രം.“ഭാഷ പഠിക്കുന്നതില്‍ അച്ഛനു സന്തോഷം. പക്ഷേ നിനക്കു കിട്ടുമോ?’“നമുക്കൊന്നു പോയി നോക്കാം- അവള്‍ പറഞ്ഞു.അങ്ങനെ കഴിഞ്ഞയാഴ്ച ഞങ്ങള്‍ കുടുംബസമേതം ബാംഗ്ലൂരിലേക്കു പോയി. ആയിരത്തോളം പരിഷ്‌കാരിക്കുട്ടികള്‍ക്കിടയില്‍ സാധുവായി നില്‍ക്കുന്ന എന്റെ മകളെക്കണ്ട് എനിക്ക് കരച്ചില്‍ വന്നു. ഈ മലവെള്ളപ്പാച്ചിലില്‍ കുഞ്ഞിന് നിലകിട്ടുമോ?എഴുത്തുപരീക്ഷയും രണ്ടു ദിവസം കഴിഞ്ഞു നടന്ന സ്‌കില്‍ അസസ്‌മെന്റും അഭിമുഖവും കഴിഞ്ഞ് മടങ്ങിപ്പോരാന്‍ നേരത്ത് ഞാന്‍ ചോദിച്ചു: ഡോക്ടറും എന്‍ജിനീയറും ആവണ്ടായെന്ന് ശഠിക്കുന്നതു ശരി, ഇനി ഇതും കിട്ടിയില്ലെങ്കില്‍?’മുത്തങ്ങാ വനത്തില്‍ നിര്‍ഭയം വഴിക്കു കുറുകെ നടക്കുന്ന ആനക്കുട്ടിയെ ചൂണ്ടിക്കൊണ്ട് അവള്‍ എന്നെ നോക്കി ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.കഴിഞ്ഞ ദിവസം കംപ്യൂട്ടര്‍ തുറന്ന് എന്നെ കാണിച്ചിട്ട് പാറു പറഞ്ഞു: അച്ഛാ, ക്രൈസ്റ്റ് യൂനിവേഴ്‌സിറ്റി എന്നെ സെലക്ട് ചെയ്തിരിക്കുന്നു!’ഞാന്‍ അവള്‍ക്ക് കെട്ടിപ്പിടിച്ച് ഒരുമ്മകൊടുത്തു. മോളേ. ഞാന്‍ മനസ്സില്‍ പറഞ്ഞു. ഇതാണ് ശരിയായ എന്‍ട്രന്‍സ്. സ്വന്തം ഇഷ്ടങ്ങളിലേക്കുള്ള പ്രവേശനം. പതിനേഴാം വയസ്സില്‍ സെക്കന്റ് ഗ്രൂപ്പും ഫസ്റ്റ് ഗ്രൂപ്പും ഒപ്പം പഠിച്ചതിനുശേഷം മലയാളം ബിഎയ്ക്കു ചേര്‍ന്നപ്പോള്‍ ഞാന്‍ അനുഭവിച്ചതും ഈ സന്തോഷമാണ്.നിന്റെ തലമുറയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഈ സന്തോഷം ആസ്വദിക്കാന്‍ കഴിഞ്ഞെങ്കില്‍! നീ എന്റെ മകളായതുകൊണ്ടു മാത്രമല്ല, നിനക്ക് എന്റെ ഹൃദയം കിട്ടിയതിലും ഈ അച്ഛന്‍ ആനന്ദിക്കുന്നു. നേരെ നടക്കുക. നിര്‍ഭയം മുന്നോട്ട് പോവുക. ലോകത്തിന് വെളിച്ചമാവുക!

വൃദ്ധസാമൂതിരിമാര്‍

family-2ഇലക്ഷന്‍ കഴിഞ്ഞതോടെ എഫ്ബിയില്‍ ഇലക്ഷന്‍ തമാശകളാണ് ഓടിക്കൊണ്ടിരിക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്കു പറ്റിയ അമളി, വോട്ടര്‍മാരോടുള്ള കപടസ്‌നേഹം, പോളിങ് ബൂത്തിലെ തമാശകള്‍ എന്നുവേണ്ട എന്തും എഫ്ബി സുഹൃത്തുക്കള്‍ രസകരമായി അവതരിപ്പിക്കുന്നു. അതിലൊന്നാണ് താഴെ. പോസ്റ്റിയത് റഫീഖ് റാസു: ഇന്ന് ആറുമണിയോളം വല്ല്യപ്പച്ഛനൊക്കെ സാമൂതിരി രാജാവിന്റെ പവറാ. ഇരുത്തത്തിന്റെ ആ ഗമ കണ്ടില്ലേ? ശരിക്കും ഇലക്ഷന്‍ ദിവസത്തിലാണ് വൃദ്ധദിനം ആചരിക്കേണ്ടത്… വയസ്സന്മാരെയൊക്കെ എന്തൊരു ഇഷ്ടമാ ആള്‍ക്കാര്‍ക്ക്!

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 220 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക