|    Jul 21 Sat, 2018 8:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ടൂറിസം സഹമന്ത്രി

Published : 9th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്ര ടുറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിനു മുമ്പ് സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്നാണ് മന്ത്രിയുടെ പുതിയ നിര്‍ദേശം. കേന്ദ്രമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത ഉടനെ സ്വീകരിച്ച നിലപാടിനു വിരുദ്ധമാണ് മന്ത്രിയുടെ പുതിയ പ്രസ്താവന. കേരളത്തിലെയും ഗോവയിലെയും ആളുകള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നും അതില്‍ ബിജെപി ഇടപെടില്ലെന്നുമായിരുന്നു മന്ത്രിയായി ചുമതലയേറ്റതിന്റെ അടുത്ത ദിവസം അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞത്.പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതും ബീഫ് കഴിക്കുന്നതിലുള്ള നിയന്ത്രണങ്ങളും ടൂറിസം മേഖലയെ ബാധിക്കുമോയെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിനു മുമ്പ് സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്നാണ് മന്ത്രി, ഭൂവനേശ്വറില്‍ ഇന്ത്യന്‍ ടൂര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിക്കിടെ വ്യക്തമാക്കിയത്. കേരളത്തിലുള്ളവര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്ന പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. ബീഫിനെക്കുറിച്ച് പറയാന്‍ താന്‍ ഭക്ഷ്യമന്ത്രിയല്ലെന്നും മന്ത്രി ഭുവനേശ്വറില്‍ പറഞ്ഞു. മലയാളികള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നാണ് അല്‍ഫോന്‍സ് കണ്ണന്താനം ഇതിനു മുമ്പ് പറഞ്ഞിരുന്നത്. തന്റെ സംസ്ഥാനത്ത് ബീഫ് കഴിക്കുമെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. അത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. അതുപോലെതന്നെ കേരളത്തിലും ബീഫ് കഴിക്കുന്നത് തുടരും. ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ല. ആഹാരശീലങ്ങള്‍ എന്തായിരക്കണമെന്ന് ഞങ്ങള്‍ ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ല. അത് തീരുമാനിക്കേണ്ടതു ജനങ്ങളാണ്. ഇങ്ങനെയായിരുന്നു അല്‍ഫോന്‍സിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് വിരുന്നൊരുക്കിയിരുന്നു. തുടര്‍ന്ന്  വാനോളം പുകഴ്ത്തിയാണ് കണ്ണന്താനത്തെ പിണറായി വിജയന്‍ മടക്കി അയച്ചത്. എന്നാല്‍, അതിനു തൊട്ടടുത്ത ദിവസം ബീഫ് വിഷയത്തില്‍ കണ്ണന്താനം മലക്കംമറിഞ്ഞതോടെ സിപിഎമ്മും വെട്ടിലായിരിക്കുകയാണ്. ഇത്തരം നിലപാടുള്ള വ്യക്തിക്കു സ്വീകരണം നല്‍കിയത് ഇനി സിപിഎമ്മിന് വിശദീകരിക്കേണ്ടിവരും. മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രി കെ ടി ജലീലും മുന്‍ മന്ത്രിയും എംപിയുമായ ശ്രീമതി ടീച്ചറും കണ്ണന്താനത്തെ വാനോളം പുകഴ്ത്തി പരസ്യമായി രംഗത്തെത്തിയത് സിപിഎമ്മിനകത്ത് പുതിയ വിഭാഗീയതയ്ക്ക് ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണന്താനം തന്റെ യഥാര്‍ഥ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss