|    Oct 17 Tue, 2017 9:56 am
Home   >  Todays Paper  >  page 7  >  

ബീഫ് പരിശോധനാ അധികാരം എടുത്തു കളഞ്ഞതിനെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയില്‍

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വീട്ടില്‍ ബീഫ് സൂക്ഷിക്കുന്നത് പരിശോധിക്കാന്‍ അനുവദിക്കുന്നത് എടുത്തു കളഞ്ഞ ഹൈക്കോടതി നടപടിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. കേസില്‍ ഹൈക്കോടതിയിലെ ഹരജിക്കാരന്‍ ഹരേഷ് എം ജഗ്ദാനിക്ക് നോട്ടീസ് അയക്കാന്‍ ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്‌റെ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. കേസ് ബീഫുമായി ബന്ധപ്പെട്ട മറ്റു ഹരജികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി പരിഗണിക്കാനും സുപ്രിംകോടതി തീരുമാനിച്ചു. ബീഫ് കൈവശം വയ്ക്കുന്നുവെന്ന് സംശയിക്കുന്നവരെ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനും വീടുകളില്‍ റെയ്ഡ് നടത്തുന്നതിനും പോലിസിന് അധികാരം നല്‍കിക്കൊണ്ട് 1995ലെ മഹാരാഷ്ട്ര അനിമല്‍ പ്രിസര്‍വേഷന്‍ നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഭേഗഗതി കൊണ്ടുവന്നിരുന്നു. എന്നാല്‍, നിയമത്തിലെ 5ഡി എന്ന ഈ വ്യവസ്ഥ മഹാരാഷ്ട്ര ഹൈക്കോടതി റദ്ദാക്കി. ഇത് പുനര്‍സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്നതാണ് വ്യവസ്ഥയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അത് റദ്ദാക്കിയത്. എന്നാല്‍, സ്വകാര്യത മൗലികാവകാശമായി ഹൈക്കോടതി വിധിയില്‍ സ്ഥിരപ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി. സ്വകാര്യത മൗലികാവകാശമല്ലെന്ന് ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമത്തെ അതിന്റെ ശരിയായ അര്‍ഥത്തില്‍ കാണാന്‍ ഹൈക്കോടതിക്ക് കഴിഞ്ഞില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക