|    Dec 12 Wed, 2018 6:45 am
FLASH NEWS
Home   >  Kerala   >  

ബീഫ് കഴിക്കാത്തവന്‍ ബ്രാഹ്മണനല്ല

Published : 4th June 2017 | Posted By: G.A.G

പിവി വേണുഗോപാല്‍

‘ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ അതിശയിക്കും. പൗരാണിക കാലങ്ങളിലുണ്ടായിരുന്ന ആചാരങ്ങളനുസരിച്ച് അന്ന് പശുവിറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കരുതുകയില്ലായിരുന്നു. വിശിഷ്ട ദിനങ്ങളില്‍ കാളകളെ ബലിയര്‍പ്പിച്ച് വേദങ്ങളുടെ കാലങ്ങളില്‍ ഭക്ഷിച്ചിരുന്നു. ബീഫ് കഴിക്കാത്ത ബ്രാഹ്മണന് ബ്രാഹ്മണനായി തുടരാനും കഴിയുമായിരുന്നില്ല’ – ഇതുപറഞ്ഞത് ഏതെങ്കിലും ഹിന്ദുവിരുദ്ധനല്ല; സാക്ഷാല്‍ വിവേകാനന്ദസ്വാമികളാണ്.

സംശയമുള്ള ഏതു ഹിന്ദുത്വവാദിക്കും വിവേകാനന്ദ സാഹിത്യ സര്‍വസ്വം പരിശോധിക്കാം. അതിന്റെ മൂന്നാം വാള്യത്തിലെ 174, 536 പുറങ്ങളില്‍ ഈ വാചകങ്ങള്‍ വായിച്ചെടുക്കാം. പശുവിനെ കൊല്ലുന്നവര്‍ക്ക് വേദങ്ങള്‍ വധശിക്ഷ വിധിക്കുന്നെന്നു നുണ പ്രചരിപ്പിക്കുന്നവര്‍ സ്വാമി വിവേകാനന്ദന് വേദബോധമില്ലെന്നു പറയുമോ ആവോ?
അദ്ദേഹം തുടരുന്നു:  ‘പശുക്കള്‍ മാംസം തിന്നുന്നില്ല. ആടുകളുമില്ല. അതുകൊണ്ടവ മഹായോഗികളും അഹിംസകരുമാണോ? ഏതെങ്കിലും ഒരു ഭക്ഷ്യം വര്‍ജിക്കാന്‍ ഏതു വിഡ്ഢിക്കും കഴിയും. അതുകൊണ്ട് അയാള്‍ക്ക് സസ്യഭുക്കുകളായ മൃഗത്തിനുള്ളതിനേക്കാളേറെ യോഗ്യതയ്ക്കവകാശമില്ല.

‘ പശു ഇറച്ചിക്കെതിരായ ചിന്ത രാജ്യത്തിന്റെ പൊതുവികാരമാണെന്ന വാദം നിരന്തരം വിസര്‍ജിക്കുന്ന ശശികലമാരും ഗോപാലകൃഷ്ണന്മാരും ഇതറിയാത്തവരല്ല. ബഹുഭൂരിപക്ഷം വരുന്ന മാംസാഹാരികളായ അധസ്ഥിതരും അഹിന്ദുക്കളും ഈ രാജ്യത്തിന് അവകാശികളല്ലെന്ന രാഷ്ട്രീയമാണ് സത്യത്തില്‍ അവര്‍ പ്രഖ്യാപിക്കുന്നത്. എഴുത്തിന് കഴുത്തെന്ന ആക്രമണാത്മക മുദ്രാവാക്യമുയര്‍ത്തി കല്‍ബുര്‍ഗിമാരെയും പന്‍സാരമാരെയും കാലപുരിക്കയച്ചതും ഇതേ രാഷ്ട്രീയമാണ്.
ഗോമാതാവിനെക്കുറിച്ച് സ്‌കന്ദപുരാണം അവന്തിഖണ്ഡത്തില്‍ വര്‍ണിക്കുന്നത് ഇപ്രകാരമാണ്. വന്ദനീയയായ ഗോമാതാവിനെ നിത്യവും പ്രദക്ഷിണം വയ്‌ക്കേണ്ടതാണ്. ദിവ്യമംഗള സ്വരൂപമായിട്ടാണ് സൃഷ്ടികര്‍ത്താവ് അവളെ ഭൂമിയില്‍ ആവിര്‍ഭവിപ്പിച്ചത്. ബ്രാഹ്മണഗൃഹങ്ങളും ക്ഷേത്രങ്ങളും പരിശുദ്ധമാക്കുന്നത് പശുവിന്റെ ചാണകമായതിനാല്‍ പശുവിനെക്കാള്‍ പവിത്രമായി വേറെന്താണുള്ളതെന്ന് സാരം. അതായത് പശുവിനെക്കാള്‍ പവിത്രമായി മറ്റൊന്നില്ലാത്തത് അതിന്റെ ചാണകം കൊണ്ട് ബ്രാഹ്മണഗൃഹങ്ങളും ക്ഷേത്രങ്ങളും പരിശുദ്ധമാക്കുന്നതിനാലണത്രേ. അതുകൊണ്ട് പശു ദൈവമാണെന്നും ആയതിനാല്‍ ഗോവധവും ഗോമാംസ ഭോജനവും ദൈവനിന്ദാപരമായ കൊടുംപാപങ്ങളാണെന്നുമാണ് നവഹിന്ദുത്വവാദം.

പശു മാത്രമല്ല, എലിക്കും പാമ്പിനും പഴുതാരയ്ക്കുമൊക്കെ വിശുദ്ധി കല്‍പിക്കുന്ന വിവിധ ജനവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട്. നയന്‍താരയെയും നമിതയെയും ഖുശ്ബുവിനെയും പ്രതിഷ്ഠിച്ച അമ്പലങ്ങളുമുണ്ടായിട്ടുണ്ട്. അതൊന്നും മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പിക്കാന്‍ ആരും ശ്രമിച്ചിട്ടില്ല. എന്നാല്‍, ഗോമാംസവിരോധികള്‍ ഇപ്പോള്‍ മാംസാഹാരികള്‍ക്കെതിരേ തീയും ത്രിശൂലവുമായെത്തുന്നത് പശു ഒരു രാഷ്ട്രീയ ആയുധമായതുകൊണ്ടാണ്.

അംബേദ്കര്‍ പറഞ്ഞത്
വേദകാലങ്ങള്‍ മുതല്‍ ബ്രാഹ്മണര്‍ പശുക്കളെ കൊല്ലുകയും തിന്നുകയും ചെയ്തിരുന്നു എന്ന് ഡോ. അംബേദ്കര്‍ ‘ഠവല ഡിീtuരവമയഹല െംവീ ംലൃല വേല്യ മിറ ംവ്യ വേല്യ യലരമാല ഡിീtuരവമയഹല?െ’പുസ്തകത്തില്‍ പറയുന്നു. എല്ലാ ജീവിവര്‍ഗങ്ങളോടും കരുണ കാണിക്കാന്‍ ഉപദേശിച്ച ബുദ്ധമതത്തെ ജയിക്കാനാണ് ബ്രാഹ്മണര്‍ സസ്യഭുക്കുകളായതെന്നും പശുവിനെ പൂജിക്കാന്‍ തുടങ്ങിയതെന്നും പശുവിനെ ഒരു പുണ്യമൃഗമായി ഉയര്‍ത്തിയപ്പോള്‍ അതിനെ തിന്നുന്നത് ഉപേക്ഷിക്കാതിരുന്നവരാണ് തൊട്ടുകൂടാത്തവരായി മാറ്റിനിര്‍ത്തപ്പെട്ടത് എന്നും അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. യജ്ഞപീഠത്തില്‍ അനാവശ്യമായി പശുക്കളെ കൊന്നു കൂട്ടുന്നതിനെതിരേയുള്ള ബുദ്ധന്റെ ആശയങ്ങള്‍ ഇന്ത്യയാകമാനം പ്രചരിക്കുകയും ബലപ്പെടുകയും ചെയ്യുന്നത് തടയാന്‍ മൃഗബലി ഉപേക്ഷിക്കാന്‍ തയ്യാറായ ബ്രാഹ്മണിസത്തിന് തങ്ങളുടെ പ്രധാന സമ്പത്തായ കാലിക്കൂട്ടങ്ങളുടെ സംരക്ഷണമെന്ന സാമ്പത്തിക താല്‍പര്യത്തിനും ഇത് ഉതകുമെന്നു ബോധ്യപ്പെട്ടിരുന്നിരിക്കണം. മാംസഭക്ഷണത്തിന് എതിരായ നിലപാട് എടുക്കുക മാത്രമല്ല, സസ്യാഹാരി ആഢ്യനും മാംസാഹാരി അധമനുമാണെന്ന പുതിയ സിദ്ധാന്തത്തിലൂടെ മാംസാഹാരികളായ അധഃസ്ഥിതരെ വീണ്ടും സാമൂഹികമായി അകറ്റിനിര്‍ത്താനും കഴിഞ്ഞുവെന്നാണ് അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നത്.

ദയാനന്ദ സരസ്വതി
മാംസാഹാരത്തിന്റെ പേരില്‍ ഇന്ത്യയിലെ കോടാനുകോടികളെ അവര്‍ണരും അധമരും ആക്കിയ അതേ രാഷ്ട്രീയ ആയുധം കൊളോണിയല്‍ കാലത്തും ചില ഹിന്ദുത്വ നവോത്ഥാനസംഘടനകളും ഉയര്‍ത്തിയിരുന്നു. പശുവിനെ വര്‍ഗീയതയുടെ ആയുധമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച കൊളോണിയല്‍കാല ഹിന്ദു പരിഷ്‌കര്‍ത്താവ് സ്വാമി ദയാനന്ദ സരസ്വതിയാണ്. പശുവിനെ കൊല്ലാത്തവരുടെ നാടായ ഭാരതത്തിലേക്കു പുറമെനിന്നു കടന്നുവന്ന് പശുക്കളെ കൊല്ലാന്‍ തുടങ്ങിയവരായി മുസ്‌ലിം സമുദായത്തെ സങ്കല്‍പിച്ചുകൊണ്ട്, മുസ്‌ലിംകള്‍ക്കെതിരേയാണ് ഇവര്‍ നീങ്ങിയത്. മുഗള്‍ ഭരണകാലത്ത് ഗോവധം നിരോധിച്ചിരുന്നു എന്ന സത്യത്തിനെതിരേയാണ് ഇത്തരം മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങള്‍ ഇവര്‍ നടത്തിയത്. ഇങ്ങനെയൊരു ദുഷ്പ്രചാരണംമൂലം വടക്കേ ഇന്ത്യയിലും മഹാരാഷ്ട്രയിലും വന്‍തോതിലുള്ള കലാപങ്ങളുണ്ടായി. പശുവിനെ കൊന്നെന്ന പേരില്‍ ആയിരക്കണക്കിനു ദലിത് ജീവിതങ്ങളും സവര്‍ണത്രിശൂലത്തില്‍ പിടഞ്ഞൊടുങ്ങിയിട്ടുണ്ട്.

ദേശീയമൃഗം എരുമ
ഈ രാഷ്ട്രീയത്തിനു ബദലായാണ് പ്രശസ്ത ദലിത് ചിന്തകനായ കാഞ്ച ഐലയ്യ ‘എരുമ ദേശീയത’ കൊണ്ടുവന്നത്. യഥാര്‍ഥത്തില്‍ ഒരു പ്രധാന കാര്‍ഷിക വരുമാനമാര്‍ഗമെന്ന നിലയില്‍ പശുവിനെക്കാളും എന്തുകൊണ്ടും ദേശീയ മൃഗമാക്കാന്‍ അനുയോജ്യം എരുമയാണെന്നും എരുമയെ ദേശീയചിഹ്നമായി അവതരിപ്പിക്കാത്തത് അതിന്റെ ബ്രാഹ്മണിക് ആശയങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. എരുമ കറുത്തതും പശു വെളുത്തതും ആയതുകൊണ്ട് മാത്രമാണ്. ആര്യന്‍ അധിനിവേശകാലത്തു തന്നെ വെളുപ്പ് ഉല്‍ക്കൃഷ്ടവും കറുപ്പ് അധമവുമാണെന്ന ഒരു സങ്കല്‍പം രൂപീകരിക്കുന്നതിനുവേണ്ടി കൂടിയാണ് ഈ പശു വിശുദ്ധിയുടെ കഥ എന്നും അദ്ദേഹം പറയുന്നു.
എന്നാല്‍, ഇത്തരം സവര്‍ണ ബിംബങ്ങളെ കാലാകാലങ്ങളില്‍ കറുത്തവര്‍ തകര്‍ത്തെറിഞ്ഞ കഥകളുമുണ്ട്. 100 സോമയാഗങ്ങള്‍ നടത്തി ഇന്ദ്രപദത്തിനു പ്രാപ്തനായ സാക്ഷാല്‍  മേഴത്തോള്‍ അഗ്നിഹോത്രിയെന്ന മഹാബ്രാഹ്മണന്റെ അടുക്കളയിലേക്ക് പശുവിന്റെ മുലയറുത്ത് കറിയാക്കാന്‍ കൊടുത്തുവിട്ട പാക്കനാര്‍ എന്ന പറയന്‍ തന്നെ ഉദാഹരണം.

പാക്കനാരും പശുമുലയും
ആസുരഹിന്ദുത്വത്തിന്റെ ഇന്നത്തെ കാലത്ത് പാക്കനാരുടെ കഥ ആവര്‍ത്തിക്കാതെ വയ്യ. വരരുചിക്ക് പറയിപ്പെണ്ണിലുണ്ടായവരാണല്ലോ പന്തിരുകുലക്കാര്‍. മാതാപിതാക്കളുടെ ശ്രാദ്ധത്തിന് അഗ്‌നിഹോത്രിയുടെ ഭവനത്തില്‍ വായില്ലാക്കുന്നിലപ്പന്‍ ഒഴികെയുള്ളവര്‍ ഒത്തുചേരാറുണ്ടായിരുന്നു. പത്തുപേരും ഓരോ വിശിഷ്ട പദാര്‍ഥങ്ങള്‍ കൊണ്ടുചെല്ലുക പതിവുണ്ട്. കൊണ്ടുചെല്ലുന്നതെല്ലാം അന്തര്‍ജനം പാകം ചെയ്കയും ചാത്തക്കാര്‍ ഭക്ഷിക്കയുമാണ് പതിവ്.
ഒരിക്കല്‍ പാക്കനാര്‍ പശുവിന്റെ മുല ചെത്തിയെടുത്ത് പൊതിഞ്ഞുകെട്ടി കൊണ്ടുചെന്നു. പശുവിന്റെ മുലയാണെന്നറിഞ്ഞപ്പോള്‍ അത് അങ്ങനെ തന്നെ പൊതിഞ്ഞുകെട്ടി നടുമുറ്റത്തു കൊണ്ടുപോയി അന്തര്‍ജനം കുഴിച്ചിട്ടു.  ഓരോ സാധനങ്ങള്‍ വിളമ്പിത്തുടങ്ങിയപ്പോള്‍ താന്‍ കൊണ്ടുവന്നതെവിടെയെന്നു പാക്കനാരു ചോദിച്ചു. നിര്‍ബന്ധം മൂലം അന്തര്‍ജനം പരമാര്‍ഥമൊക്കെ പറയുകയും ചെയ്തു. അപ്പോള്‍ പാക്കനാര്‍ ‘എന്നാല്‍ അതു കിളിര്‍ത്തോ എന്നു നോക്കൂ’ എന്നു പറഞ്ഞു. അന്തര്‍ജനം ചെന്നു നോക്കിയപ്പോള്‍ അതു കോവല്‍വള്ളിയായി കിളിര്‍ത്ത് നിറച്ചു കായയുമായി കിടക്കുന്നതു കണ്ടുവെന്നെഴുതിയത് കൊട്ടാരത്തില്‍ ശങ്കുണ്ണിയാണ്.
വരം തരാനെത്തിയ കാളിമാതാവിനെ മക്കാറാക്കി ഇടതുകാലിലെ മന്തു വലുതുകാലിലേക്കു മാറ്റിച്ച നാറാണത്തു ഭ്രാന്തനും അടിമക്കച്ചവടക്കാരെ ഓലപ്പീപ്പികൊണ്ട് എതിരിട്ടു തോല്‍പിച്ച യത്തീമുകളുടെ രക്ഷകനായ ഉപ്പുകൊറ്റന്‍ എന്ന പൊന്നാനിക്കാരന്‍ ഉപ്പാപ്പയുമൊക്കെ അധീശത്വബിംബങ്ങളെ കണക്കിനു പരിഹസിച്ചിട്ടുണ്ട്.
പാക്കനാരുടെ പിന്മുറക്കാരായ ദലിതുകളെയും ഉപ്പുകൊറ്റന്റെ പിന്മുറക്കാരായ മുസ്‌ലിംകളെയും മറ്റു ന്യൂനപക്ഷങ്ങളെയും മുച്ചൂടും മുടിക്കാനുള്ള ഉപകരണം മാത്രമാണ് പശു. അല്ലാതെ ഭക്തിയും വിഭക്തിയുമൊന്നും അവരുടെ ഗോമാതാ അജണ്ടയിലില്ല. അതുകൊണ്ടു തന്നെ ചെറുന്യൂനപക്ഷമായ ഗോമാംസ വിരോധികള്‍ തീയും ത്രിശൂലവും കൊണ്ട് ഹിന്ദുത്വം അടിച്ചേല്‍പിക്കാനെത്തുമ്പോള്‍ ഉണര്‍ന്നെണീറ്റ് പ്രതിരോധിക്കാതിരിക്കാനാവില്ല പാക്കനാരുടെ പിന്മുറക്കാര്‍ക്ക്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss