|    Jul 28 Fri, 2017 4:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബീഫെന്ന് സ്ഥിരീകരണം; മര്‍ദനമേറ്റ നേതാവിനെ ബിജെപി പുറത്താക്കി

Published : 17th July 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: നാഗ്പൂരില്‍ ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് ഹിന്ദുത്വവാദികളുടെ മര്‍ദനമേറ്റ ബിജെപി ജില്ലാ നേതാവും ന്യൂനപക്ഷ മോര്‍ച്ചാ താലൂക്ക് അധ്യക്ഷനുമായ സലീം ഇസ്മാഈല്‍ ഷായെ ബിജെപി പുറത്താക്കി. ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ സലീം കൈവശംവച്ചത് മാട്ടിറച്ചി തന്നെയായിരുന്നുവെന്ന് വ്യക്തമായതോടെയാണിത്. 15 കിലോഗ്രാം ഇറച്ചിയുമായാണ് സലീം ബൈക്കില്‍ യാത്രചെയ്തതെന്നാണ് പോലിസ് പറഞ്ഞത്. മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം സലീമിനെതിരേ കേസെടുത്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്നും ആവശ്യമെങ്കില്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുമെന്നും പോലിസ് അറിയിച്ചു. മര്‍ദിച്ചതിന് അറസ്റ്റിലായവരെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്നും ഇവര്‍ ഏതെങ്കിലും സംഘടനയുടെ പ്രവര്‍ത്തകരല്ലെന്നും നാഗ്പൂര്‍ എസ്പി സൈലേഷ് പറഞ്ഞു. സലീം കൈവശംവച്ചത് മാട്ടിറച്ചിയാണെന്ന് പോലിസ് പറഞ്ഞതിനു പിന്നാലെ അദ്ദേഹത്തെ ബിജെപിയില്‍ നിന്നു പുറത്താക്കിയതായി പാര്‍ട്ടി നേതൃത്വം അറിയിക്കുകയായിരുന്നു. സലീമിനു നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കണമെന്നും ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യം ഉണ്ടാവരുതെന്നും നാഗ്പൂര്‍ റൂറല്‍ ജില്ലാ ബിജെപി അധ്യക്ഷന്‍ രാജീവ് പട്ധര്‍ പറഞ്ഞു. എന്നാല്‍, സലീം മാട്ടിറച്ചി കൈവശംവച്ചെന്ന ആരോപണം അദ്ദേഹത്തിന്റെ ഉമ്മ രിഹാന നിഷേധിച്ചു. സലീം മാട്ടിറച്ചി വാങ്ങിയിട്ടില്ലെന്നും ബിജെപിക്കായി ജീവിതം സമര്‍പ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും രിഹാന പറഞ്ഞു. ബുധനാഴ്ച നാഗ്പൂരിലെ ജലലാല്‍ഖേദയില്‍വച്ചാണ് സലീം ഇസ്മാഈല്‍ ഷായെ ഗോരക്ഷാ ഗുണ്ടാസംഘം മര്‍ദിച്ചത്. ബൈക്കില്‍ സഞ്ചരിക്കവെ തടഞ്ഞുവച്ചാണ് സലീമിനെ മര്‍ദിച്ചത്.  ബിജെപി നേതാവാണെന്നും കൈയിലുള്ളത് ആട്ടിറച്ചിയാണെന്നു പറഞ്ഞെങ്കിലും സംഘം അദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു. സാരമായി മുറിവേറ്റ സലീം ഒരുദിവസത്തെ ചികില്‍സയ്ക്കു ശേഷം വ്യാഴാഴ്ച ആശുപത്രിയില്‍ നിന്നുമടങ്ങിയെങ്കിലും ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ വീണ്ടും ചികില്‍സ തേടി. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ്‌ചെയ്തു. ഇവര്‍ക്കെതിരേ ഐപിസി 326ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക