|    Feb 19 Sun, 2017 8:12 pm
FLASH NEWS

ബീഡിയില്ലാത്ത സഖാക്കളും മാനത്തിന് വിലയിടിവ് നേരിട്ട മാണിസാറും

Published : 25th October 2016 | Posted By: SMR

ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍… ഈ പഞ്ച് ഡയലോഗ് ന്യൂജന്‍ സഖാക്കള്‍ക്ക് അത്രകണ്ട് തിട്ടമുണ്ടാവില്ലെങ്കിലും തലമുതിര്‍ന്ന സഖാക്കള്‍ക്കു മറക്കാനാവില്ല. എന്നാല്‍, ഇന്നു ബീഡിയും തീപ്പെട്ടിയും കിട്ടാനില്ലത്രേ. പുതുക്കിയ ബജറ്റിലെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ കെ വി അബ്ദുല്‍ഖാദറാണ് കാലങ്ങളായി സഖാക്കള്‍ ഉള്ളിലൊതുക്കി നടക്കുന്ന സ്വകാര്യദുഃഖം പരസ്യമാക്കിയത്.
ബീഡി നിര്‍മാണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും അബ്ദുല്‍ഖാദര്‍ ചൂണ്ടിക്കാട്ടി. ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയായ കേരളമിന്ന് നാര്‍കോട്ടിക്‌സ് ഓണ്‍ കണ്‍ട്രിയായെന്ന് യുവതാരം റോജി എം ജോണ്‍. മദ്യനയം എന്താണെന്ന് വ്യക്തമാക്കാത്ത എക്‌സൈസ് വകുപ്പിന്റെ കാര്യത്തിലെ ആശങ്കയും റോജി പങ്കുവച്ചു. ഡല്‍ഹിയിലിരുന്ന് ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തൊഴിലാളി വര്‍ഗത്തിന്റെ ശവമഞ്ചം ഒരുക്കുകയാണെന്ന് സി ദിവാകരന്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷ ആരുടെ ‘ബേബി’ ആണെന്ന് പ്രതിപക്ഷം മനസ്സിലാക്കണമെന്നും ദിവാകരന്‍ ചൂണ്ടിക്കാട്ടി. എല്ലാ ക്ഷേമപെന്‍ഷനുകളും 1,000 രൂപയായി ഏകീകരിച്ചിട്ടും പ്രവാസി പെന്‍ഷന്‍ 500 രൂപയാക്കി നിലനിര്‍ത്തിയിട്ടുള്ളത് കടുത്ത അവഹേളനമാണെന്ന് പാറക്കല്‍ അബ്ദുല്ല ചൂണ്ടിക്കാട്ടി. പ്രവാസി പെന്‍ഷന്‍ 5,000 രൂപയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാണം വിറ്റും ഓണമുണ്ണണമെന്നാണ് ചൊല്ല്. എന്നാല്‍, ഇത്തവണ കാണം വില്‍ക്കാതെ മലയാളികളെല്ലാം ഓണമുണ്ടെന്ന് മുരളി പെരുനെല്ലി തുറന്നടിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കടുംവെട്ട് നടത്തിയാണ് വികസനവും കരുതലും നടപ്പാക്കിയത്. ഇതേത്തുടര്‍ന്ന്, പണമെണ്ണുന്ന യന്ത്രമില്ലാതെ രാത്രി മുഴുവന്‍ ഉറക്കമൊഴിഞ്ഞ് ചെമ്മീനിലെ പരീക്കുട്ടിയെപ്പോലെ മുടിപോലും ചീവാതെ വിഷമാവസ്ഥയിലായിരുന്നു അന്നത്തെ മുഖ്യനായ ഉമ്മന്‍ചാണ്ടി.
യന്ത്രം സ്വന്തമായുള്ള ധനമന്ത്രിയാവട്ടെ ഉന്‍മേഷവാനും. നിന്നും ഇരുന്നുമൊക്കെ ബജറ്റ് അവതരിപ്പിച്ച മാണിസാറിന്റെ മാനത്തിന് ഇപ്പോള്‍ വിലയിടിവ് നേരിട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മാന്യമായി മദ്യപിച്ചിരുന്ന സാഹചര്യം ഇല്ലാതാക്കിയതിലുള്ള രോഷമായിരുന്നു തോമസ് ചാണ്ടിക്ക്. നൂറുകണക്കിന് ക്ലാസിഫൈഡ് ഹോട്ടലുകളുടെ സംഘടനയുടെ രക്ഷാധികാരിയായ തനിക്ക് കാര്യങ്ങള്‍ നന്നായറിയാം. വിദേശവരുമാനം ഉള്ളതിനാലാണ് താന്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. എന്നാല്‍, മറ്റു ഹോട്ടലുടമകളുടെ അവസ്ഥ ദയനീയമാണ്. മദ്യമില്ലാത്തതിനാല്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ ഉള്‍പ്പെടെ വന്‍തോതിലുള്ള വരുമാന മാര്‍ഗമാണ് കേരളത്തിന് നഷ്ടമാവുന്നതെന്നും തോമസ് ചാണ്ടി ചൂണ്ടിക്കാട്ടി. കഞ്ചാവ്, മയക്കുമരുന്നിന്റെ കേളീരംഗമായി സംസ്ഥാനം മാറിയതിന്റെ ഉത്തരവാദിത്തം യുഡിഎഫിനാണെന്നു എം എം മണി നിരീക്ഷിച്ചു. എല്‍ഡിഎഫ് എല്ലാം ശരിയാക്കിയിട്ടേ പോവൂ. അതിനിടെ ശകുനം മുടക്കികളായി പ്രതിപക്ഷം വരരുതെന്നും മണി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക