|    Oct 21 Sun, 2018 3:13 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ബീച്ച് വോളിബോളില്‍ ഖത്തര്‍ ടീം പുറത്ത്

Published : 13th August 2016 | Posted By: SMR

ദോഹ: റിയോ ഒളിംപിക്സില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ബീച്ച് വോളിബോളില്‍ ഖത്തര്‍ ടീം പ്രീക്വാര്‍ട്ടറില്‍ പുറത്തായി. അത്ലറ്റിക്സില്‍ 800 മീറ്റര്‍ ഹീറ്റ്സില്‍ അബൂബക്കര്‍ ഹൈദര്‍ അബ്ദുല്ല അഞ്ചാമതായി ഫിനിഷ് ചെയ്ത് പുറത്തായി. ഈയിനത്തില്‍  ഖത്തര്‍ താരം മുസേബ് അബ്ദുറഹ്മാന്‍ ബല്ല മല്‍സരിച്ചിരുന്നില്ല. ബീച്ച് വോളിബോളില്‍ റഷ്യയാണ് ഖത്തറിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നത്.
മല്‍സരത്തിന്റെ ഒരു ഘട്ടത്തിലും ഫോമിലേക്കുയരാന്‍ ഖത്തറിന്റെ  ജെഫേഴ്സണ്‍ സാന്റോസ് പെരേര- ഷെരീഫ് യൂനുസ് സഖ്യത്തിന് കഴിഞ്ഞില്ല. വെറും 36 മിനിറ്റ് മാത്രം നീണ്ട മല്‍സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഖത്തര്‍ സഖ്യത്തിന്റെ തോല്‍വി. കോപകബാന ബീച്ചില്‍ ചരിത്രം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചെത്തിയ ഖത്തര്‍ കാണികള്‍ പരാജയത്തില്‍ നിരാശരായി. റഷ്യയുടെ വിയാഷേസ്ലാവ് ക്രാസിലിനികോവ്- കോണ്‍സ്റ്റാന്റിന്‍ സെമനോവ് സഖ്യത്തിന്റെ ശക്തമായ ആക്രമണത്തെ പ്രതിരോധിക്കാന്‍ പെരേര-യൂനുസ് സഖ്യത്തിന് സാധിച്ചില്ല. 21-13, 21-13 എന്ന സ്‌കോറിനായിരുന്നു ഖത്തറിന്റെ തോല്‍വി. അറ്റാക്കിങിലും ബ്ലോക്കിങിലുമെല്ലാം റഷ്യന്‍ ജോഡികളായിരുന്നു മുന്നിട്ടുനിന്നത്. റഷ്യയുടെ തകര്‍പ്പന്‍ സ്മാഷുകള്‍ പ്രതിരോധിക്കാന്‍ ഖത്തര്‍ നന്നെ പണിപ്പെട്ടു. ആദ്യ മല്‍സരത്തില്‍ അമേരിക്കയോട് തോറ്റ ഖത്തര്‍ രണ്ടാം മല്‍സരത്തില്‍ സ്പെയിനിന്റെ ഗാവിര കൊല്ലാഡോ- ഹെരര അലേപ്സ് സഖ്യത്തെയും ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ആസ്ട്രിയയുടെ അലെക്സാണ്ടര്‍ ഹ്യൂബര്‍- ആര്‍ സെയ്ഡില്‍ സഖ്യത്തെയും വീഴ്ത്തിയാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. അത്ലറ്റിക്സ് 800മീറ്റര്‍ ഹീറ്റ്സില്‍ പൊരുതിയ ശേഷമാണ് അബൂബക്കര്‍ ഹൈദര്‍ അബ്ദുല്ല കീഴടങ്ങിയത്. ഏഴു ഹീറ്റുകളിലായി 54 പേര്‍ മല്‍സരിച്ചപ്പോള്‍ 28ാം സ്ഥാനം സ്വന്തമാക്കാന്‍ അബൂബക്കറിനായി. കെനിയയുടെ വിഖ്യാത താരം ഡേവിഡ് റുഡിഷ, ജിബൗട്ടിയുടെ അയന്‍ലേ സുലൈമാന്‍, ദക്ഷിണാഫ്രിക്കയുടെ റെയ്ന്‍ഹാര്‍ഡ്റ്റ് വാന്‍ റെന്‍സ്ബര്‍ഗ്, ബോസ്നിയയുടെ അമേല്‍ തുക എന്നിവരുള്‍പ്പടെയാണ് 800 മീറ്ററില്‍ മല്‍സരിക്കാനിറങ്ങിയത്. ആറാം ഹീറ്റിലായിരുന്നു അബൂബക്കര്‍ ഹൈദര്‍ അബ്ദുല്ല മല്‍സരിച്ചത്. 1.47.81 സമയത്തില്‍ അഞ്ചാമതായി ഓടിയെത്താനെ അബൂബക്കറിന് കഴിഞ്ഞുള്ളു. 1.45.99 സമയത്തില്‍ ഓടിയെത്തിയ കാനഡയുടെ ബ്രെന്‍ഡണ്‍ മാക്ബ്രൈഡാണ് ഒന്നാമതെത്തിയത്. പോളണ്ടിന്റെ മാര്‍സിന്‍ ലെവന്‍ഡോവ്സ്‌കി രണ്ടാം സ്ഥാനവും അയര്‍ലന്‍ഡിന്റെ മാര്‍ക്ക് ഇംഗ്ലീഷ് മൂന്നാമതുമെത്തി. 600 മീറ്റര്‍ വരെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അബൂബക്കറിന് അവസാന ഇരുന്നൂറ് മീറ്ററിലാണ് തിരിച്ചടിയുണ്ടായത്.
അതേ സമയം, തുടര്‍ച്ചയായി ആറാം ഒളിംപിക്സില്‍ മല്‍സരിക്കാനിറങ്ങിയ ലണ്ടന്‍ ഒളിംപിക്സിലെ വെങ്കലമെഡല്‍ ജേതാവ് നാസര്‍ അല്‍അത്തിയ്യ സ്‌കീറ്റ് ഷൂട്ടിങ് യോഗ്യതാ റൗണ്ടില്‍ 30ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ മല്‍സരിച്ച മറ്റൊരു ഖത്തര്‍ താരം റാഷിദ് ഹമദ് 32ാം സ്ഥാനത്താണ്.
ഹാന്‍ഡ്‌ബോളില്‍ ഇന്ന് ഡെന്മാര്‍ക്കിനെതിരേ
ദോഹ: റിയോ ഒളിംപിക്സിലെ ഹാന്‍ഡ്ബോള്‍ പ്രാഥമിക റൗണ്ടില്‍ ഖത്തര്‍ ഇന്ന് ഡെന്‍മാര്‍ക്കിനെ നേരിടും. രാത്രി ദോഹ സമയം 8.40നാണ് മല്‍സരം.
ഗ്രൂപ്പ് എയില്‍ ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമായി മൂന്നുപോയിന്റോടെ മൂന്നാമതുള്ള ഖത്തറിന് ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇന്ന് വിജയം അനിവാര്യമാണ്.
റിയോ ഒളിംപിക്സില്‍ പ്രതീക്ഷ  പുലര്‍ത്തിയ മറ്റു പല ഇനങ്ങളിലും ഖത്തര്‍ താരങ്ങള്‍ മോശം പ്രകടനം കാഴ്ചവച്ച പശ്ചാത്തലത്തില്‍ ഇനി ഹാന്‍ഡ്‌ബോളിലാണ് രാജ്യം ഉറ്റുനോക്കുന്നത്. ഇന്ന് ഡെന്‍മാര്‍ക്കിനെതിരായ മല്‍സരം ഗൗരവത്തോടെയാണ് കാണുന്നതെന്നും പിഴവുകളില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവരുമെന്നും ഖത്തര്‍ ടീം പരിശീലകന്‍ വലേരോ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss