|    Oct 19 Fri, 2018 1:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിഹാറില്‍ ഉദ്ഘാടന തലേന്ന് കനാല്‍ തകര്‍ന്നു

Published : 21st September 2017 | Posted By: fsq

 

ഭാഗല്‍പൂര്‍/പട്‌ന: ബിഹാറിലെ ഭാഗല്‍പൂര്‍ ജില്ലയില്‍ 389.31 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഗംഗ പമ്പ് കനാലിന്റെ മതില്‍ തകര്‍ന്നു വീണു. ഇതെത്തുടര്‍ന്ന് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ റദ്ദാക്കി. പരീക്ഷണത്തിനായി പമ്പ് പ്രവര്‍ത്തിപ്പിച്ചപ്പോള്‍ ഗംഗാ നദിയിലെ ജലം അതിശക്തമായി തെറിച്ചതാണ് മതില്‍ തകരാന്‍ കാരണം.ഭാഗല്‍പൂരിലെ ബതേശ്വര്‍സ്ഥാനില്‍ നിര്‍മിച്ച പദ്ധതി മുഖ്യമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്യാനിരുന്നതായിരുന്നു. ബിഹാറിലും ജാര്‍ഖണ്ഡിലും ജലസേചനം ലക്ഷ്യംവച്ചാണ് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മതില്‍ തകര്‍ന്നതിനെ തുടര്‍ന്ന് വെള്ളം എന്‍ടിപിസി ടൗണ്‍ഷിപ്പില്‍ നിറഞ്ഞു. കഹല്‍ഗാവ് സിവില്‍ ജഡ്ജിയുടെയും സബ് ജഡ്ജിയുടെയും വസതികളടക്കമുള്ള പാര്‍പ്പിട കേന്ദ്രങ്ങളില്‍ വെള്ളം കയറി.സാങ്കേതിക കാരണങ്ങളാല്‍ കനാല്‍ പദ്ധതിയുടെ ഉദ്ഘാടനം റദ്ദാക്കിയെന്നാണ് സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ബുധനാഴ്ച നിര്‍വഹിക്കുമെന്ന് പത്രങ്ങളില്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിരുന്നു. ജലവിഭവ-ജലസേചന മന്ത്രി രാജീവ് രഞ്ജന്‍ സിങ് ലാലനും കോണ്‍ഗ്രസ് എംഎല്‍എ സദാനന്ദ് സിങും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടതായിരുന്നു.കനാല്‍ പദ്ധതിയുടെ മതില്‍ തകര്‍ന്നത് ബിഹാര്‍ സര്‍ക്കാരിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.കനാല്‍ മതില്‍ തകര്‍ന്നത് അഴിമതി മൂലമാണെന്നാരോപിച്ച് ആര്‍ജെഡി പ്രവര്‍ത്തകര്‍ ഭാഗല്‍പൂരില്‍ നിതീഷിന്റെയും ലാലന്റെയും കോലം കത്തിച്ചു.ടൗണ്‍ഷിപ്പില്‍ നിന്ന് വെള്ളം പുറത്തുകളയാന്‍ ജലവിഭവവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അരുണ്‍കുമാര്‍ സിങും ഭാഗല്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് പോലിസ് സൂപ്രണ്ടുമാണ് നേതൃത്വം നല്‍കുന്നത്. മണല്‍ചാക്കുകളിട്ട് ജലപ്രവാഹം തടയാന്‍ ശ്രമിക്കുന്നുണ്ടെന്ന് സിങ് പറഞ്ഞു.ബിഹാറും ജാര്‍ഖണ്ഡും സംയുക്തമായിട്ടാണ് പദ്ധതി നിര്‍മിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss