|    May 25 Thu, 2017 6:54 am
FLASH NEWS

ബിഹാര്‍ മഹാസഖ്യം ബിജെപിക്കു ബദല്‍

Published : 22nd November 2015 | Posted By: SMR

ബിജെപി മുന്നണിക്കെതിരേ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മഹാസഖ്യം ഉണ്ടായി. രണ്ടു പ്രാവശ്യം ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാറിന്റെ ഐക്യ ജനതാദളും ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ്സുമാണ് അതിലെ ഘടകങ്ങള്‍. രാഷ്ട്രീയ ജനതാദള്‍ 15 വര്‍ഷക്കാലം തുടര്‍ച്ചയായി മാറിമാറി ഭരിച്ച സംസ്ഥാനം. ഐക്യ ജനതാദളിന്റെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍.
1975ലെ അടിയന്തരാവസ്ഥയ്ക്കു മുമ്പ് ബിഹാറില്‍ കോണ്‍ഗ്രസ്സേ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം കോണ്‍ഗ്രസ് ബിഹാര്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതായി. ഏറ്റവും ഒടുവിലായി 2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളുള്ള ബിഹാറില്‍ കോണ്‍ഗ്രസ്സിനു കിട്ടിയത് ഒരു സീറ്റാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമായി. തിരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ 243 നിയമസഭാ സീറ്റുള്ള ബിഹാറില്‍ രാഷ്ട്രീയ ലോക്ദള്‍ 80 സീറ്റും ഐക്യ ജനതാദള്‍ 71 സീറ്റും കോണ്‍ഗ്രസ് 27 സീറ്റും നേടി.
സ്വാതന്ത്ര്യത്തിനു ശേഷം ഒരു ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് രാജ്യമായാണ് ഇന്ത്യ മുന്നേറിയത്. ആ രാഷ്ട്രീയ സംവിധാനത്തിന്റെ തലപ്പത്ത് ഇരുന്നത് കോണ്‍ഗ്രസ്സാണ്. അതേ കോണ്‍ഗ്രസ്സിനു കാലാന്തരത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കു വഴിമാറിക്കൊടുക്കേണ്ടിവന്നു. ഒറ്റയ്ക്കു ഭരിക്കാനുള്ള ശക്തി കോണ്‍ഗ്രസ്സിനു കൈമോശം വന്നപ്പോള്‍ പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്നു മുന്നണികളുണ്ടാക്കി. അതെല്ലാം സമാനസ്വഭാവമുള്ള മുന്നണികളായിരുന്നു. കേന്ദ്രത്തില്‍ യുപിഎ മുന്നണി രണ്ടു പ്രാവശ്യം ഭരിച്ചു. യുപിഎ ഭരണം താരതമ്യേന ജനക്ഷേമപരമായ നിരവധി പരിഷ്‌കാരങ്ങളും നിയമനിര്‍മാണങ്ങളും കൊണ്ടുവരുകയുണ്ടായി. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികളും ആദിവാസി വിഭാഗങ്ങള്‍ക്ക് വനഭൂമിയില്‍ അവകാശം നല്‍കുന്ന നിയമവും വിവരാവകാശ നിയമവും ഒക്കെത്തന്നെ ഈ ഭരണത്തിന്റെ നേട്ടങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ അഴിമതി അതിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും രണ്ടാം യുപിഎ സര്‍ക്കാര്‍ 2014ലെ തിരഞ്ഞെടുപ്പില്‍ തോറ്റുതുന്നംപാടുകയുമുണ്ടായി. ഈ പരാജയത്തിന് കാരണമായത് ഭരണരംഗത്തെ തിരിച്ചടികളും അമിതമായ അഴിമതിയും അതുപോലുള്ള പ്രശ്‌നങ്ങളുമാണ്. കോണ്‍ഗ്രസ്സിന്റെ മതേതര ജനാധിപത്യനിലപാടുകള്‍ ജനങ്ങളെ വേണ്ടവിധം ബോധ്യപ്പെടുത്തുന്നതിലും പാര്‍ട്ടി പരാജയപ്പെടുകയുണ്ടായി.
എന്നാല്‍, കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാനം ഇപ്പോള്‍ കൈയടക്കിയിരിക്കുന്നത് ഹിന്ദുരാഷ്ട്രത്തിന്റെ വക്താക്കളാണ്. അവരുടെ മുമ്പില്‍ മതേതരത്വമില്ല, സോഷ്യലിസവുമില്ല. ബിജെപിക്കു വേണ്ടത് ഹിന്ദുഭരണവും ആധിപത്യവുമാണ്. നിലവിലിരിക്കുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ തലയുണ്ടോ എന്നു തപ്പിനോക്കണം. എന്നാല്‍, ബിജെപിയുടെ ആഗ്രഹങ്ങളല്ല ഭൂരിപക്ഷ സമുദായം വച്ചുപുലര്‍ത്തുന്നത്.
ബിജെപി കേന്ദ്രത്തില്‍ ഭരണത്തില്‍ വന്നതിനു ശേഷമാണ് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായത്. പിന്നത്തെ ഊഴം ബിഹാറിലാണ്. അവിടെയും ബിജെപി പിന്തള്ളപ്പെട്ടു. ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും നിലനിന്നുകാണാനാണ് ഭൂരിപക്ഷ സമുദായവും ആഗ്രഹിക്കുന്നത്. ബിഹാറിലെ മഹാസഖ്യത്തിന്റെ വിജയം ബിജെപിക്കു ബദലാകട്ടെയെന്ന് ആശിക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day