|    May 23 Tue, 2017 4:13 pm
FLASH NEWS

ബിഹാര്‍ മദ്യനിരോധനം കോടതി റദ്ദാക്കി; നിതീഷ്‌കുമാര്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി

Published : 1st October 2016 | Posted By: SMR

പട്‌ന: ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനസര്‍ക്കാരിന്റെ വിജ്ഞാപനം പട്‌ന ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ വിജ്ഞാപനം ഭരണഘടനയുടെ അധികാരത്തിന് പുറത്താണെന്നും അതിനാല്‍ നടപ്പാക്കരുതെന്നും ചീഫ് ജസ്റ്റിസ് ഇക്ബാല്‍ അഹ്മദ് അന്‍സാരി, ജസ്റ്റിസ് നവനീതി പ്രസാദ് സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്ത് മദ്യം കുടിക്കുന്നതും വില്‍ക്കുന്നതും നിരോധിക്കുന്ന വിജ്ഞാപനം ഏപ്രില്‍ അഞ്ചിനാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ലിക്കര്‍ ട്രേഡ് അസോസിയേഷനും നിരവധി വ്യക്തികളുമാണ് കോടതിയെ സമീപിച്ചത്. ഹരജിയില്‍ വിധിപറയാന്‍ മെയ് 20ന് കോടതി മാറ്റിവച്ചതായിരുന്നു. ഇന്ത്യന്‍ നിര്‍മിത മദ്യം നിര്‍മിക്കുന്നതും വില്‍ക്കുന്നതും കുടിക്കുന്നതും ഏപ്രില്‍ ഒന്നുമുതലാണ് സര്‍ക്കാര്‍ നിരോധിച്ചത്. പിന്നീട് വിദേശമദ്യമടക്കം എല്ലാതരം മദ്യങ്ങള്‍ക്കും നിരോധനം ബാധകമാക്കി.
ഏപ്രില്‍ അഞ്ചിനായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ കടുത്തതാക്കാന്‍ പുതിയവകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് നിയമം ഭേദഗതി ചെയ്തു. വീട്ടില്‍നിന്ന് മദ്യം പിടിച്ചാല്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ ഉറപ്പാക്കുന്നതാണ് ഭേദഗതി ചെയ്തനിയമം.
ബിഹാര്‍ നിയമസഭയുടെ ഇരു സഭകളും അംഗീകരിച്ച ഭേദഗതി ചെയ്ത നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയതാണ്. ഗവര്‍ണര്‍ രാം നാഥ് ഗോവിന്ദിന്റെ അനുമതിയും ബില്ലിന് ലഭിച്ചിരുന്നു. ഭേദഗതി  ചെയ്ത നിയമം ഒക്ടോബര്‍ രണ്ടിന് വിജ്ഞാപനം ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, കോടതി ഉത്തരവോടെ ഒക്ടോബര്‍ രണ്ടിന്റെ നിര്‍ദിഷ്ട വിജ്ഞാപനം അനിശ്ചിതത്വത്തിലായി. പുതിയ മദ്യ നിയമത്തിന്റെ വിജ്ഞാപനം സംബന്ധിച്ച് ആരാഞ്ഞപ്പോള്‍ കോടതി ഉത്തരവ് കണ്ടതിനു ശേഷമേ ഉതു സംബന്ധിച്ച് എന്തെങ്കിലും പറയാനാവൂ എന്നാണ് അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ലളിത് കിഷോര്‍ പറഞ്ഞത്. കോടതി ഉത്തരവ് കാണാതെ ഒന്നും പറയാനാവില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ എ കെ ദാസും പറഞ്ഞു.
കേസില്‍ ബിഹാര്‍ സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ഭവാനാണ്. ഭേദഗതി ചെയ്ത മദ്യ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് റസ്റ്റോറന്റ് ആന്റ് ബാര്‍ അസോസിയേഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വൈ വി ഗിരി വാദിച്ചു.
കോടതി ഉത്തരവ് നിതീഷ്‌കുമാര്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. മദ്യനിരോധനത്തിനു വേണ്ടി നിതീഷ് ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ പ്രചാരണം നടത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day