|    May 28 Sun, 2017 6:08 pm
FLASH NEWS

ബിഹാര്‍: പ്രളയബാധിത പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കു ഭക്ഷണം എലി

Published : 8th August 2016 | Posted By: SMR

സഹര്‍സ (ബിഹാര്‍): ബിഹാറിലെ സലാഖുവ ബ്ലോക്കില്‍പ്പെട്ട സഹര്‍സയില്‍ നിന്നു 50 കി.മീറ്റര്‍ അകലെയുള്ള ബനാഹി തോല ഗ്രാമത്തിലെ ജനങ്ങള്‍ ഭക്ഷിക്കുന്നത് എലികളെ. നിരവധി നാളുകളായി പ്രളയത്തില്‍ ഒറ്റപ്പെട്ടു കിടക്കുകയാണ് ഈ ഗ്രാമം. കോസി നദി കരകവിഞ്ഞൊഴുകിയതിനാല്‍ പ്രധാന ചന്തയിലേക്കുള്ള റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്.
ഭക്ഷണത്തിനുള്ള ധാന്യങ്ങളെല്ലാം തീര്‍ന്നു. ഇപ്പോള്‍ ഞങ്ങളുടെ ആഹാരം എലികള്‍ മാത്രമാണെന്നാണ് ഗ്രാമത്തിലെ ഗൗരി ദേവി പറഞ്ഞത്. മുസാഹര്‍ എന്ന ദലിത് സമുദായത്തില്‍പ്പെട്ട പാവപ്പെട്ടവരാണ് ഗ്രാമവാസികളധികവും. സര്‍ക്കാരില്‍നിന്നുള്ള ഒരു സഹായവും അവര്‍ക്കിതുവരെ ലഭിച്ചിട്ടില്ല. കോസി നദിയിലെ വെള്ളപ്പൊക്കംമൂലം നാലു ഭാഗവും വെള്ളം കയറി. എലികള്‍ മാത്രമാണിവരുടെ ഭക്ഷണം. അതുകൊണ്ടുതന്നെ എലിപിടുത്തത്തില്‍ വൈദഗ്ധ്യം നേടിയ ചില ഗ്രാമീണര്‍ എലികളെ പിടിച്ച് ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയും ചെയ്യുന്നു. കോസി നദിയുടെ കിഴക്കും പടിഞ്ഞാറുമുള്ള കരകള്‍ക്കിടയിലുള്ള ഈ പ്രദേശം എല്ലാ മഴക്കാലത്തും ഒറ്റപ്പെട്ടുപോവുന്നത് പതിവാണ്. നിരവധി ചതുപ്പുനിലങ്ങള്‍ താണ്ടിയാല്‍ മാത്രമേ അവിടെ ഒരാള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കുകയുള്ളൂ.
ഇവിടെ എത്തണമെങ്കില്‍ 12 കി.മീറ്റര്‍ അകലെയുള്ള രാധാന്‍പൂര്‍ ബന്ദില്‍ നിന്നു ബോട്ട് മാര്‍ഗം അഞ്ചു മണിക്കൂര്‍ സഞ്ചരിക്കണം. ഗ്രാമത്തില്‍ കക്കൂസുകളും വൈദ്യുതിയുമില്ല. കുഴല്‍ക്കിണറുകളിലെ മിക്ക ഹാന്‍ഡ് പമ്പുകളും തകരാറിലാണ്. അതിനാല്‍, കുടിവെള്ളവും ലഭിക്കാനില്ല. കനത്ത മഴ പെയ്താല്‍ ഞങ്ങള്‍ക്ക് ചുറ്റും വെള്ളം കയറും. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍ ഭക്ഷ്യധാന്യങ്ങളെത്തിക്കാന്‍ പൊതുവിതരണ കടകള്‍ തുറക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇതുവരെ ഒരു മണി ധാന്യംപോലും ജനങ്ങള്‍ക്കു കിട്ടിയിട്ടില്ല. ഗ്രാമത്തലവന്‍ കലാര്‍സാദ പറഞ്ഞു.
എന്നാല്‍, സഹര്‍സ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് സിങ് ഗുന്‍ജിയാല്‍ ആളുകള്‍ എലികളെ ഭക്ഷിക്കുന്ന വിവരത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് പ്രതികരിച്ചത്. കാര്യങ്ങള്‍ പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day