|    Jan 20 Fri, 2017 9:18 am
FLASH NEWS

ബിഹാര്‍ തിരഞ്ഞെടുപ്പ്: ഉവൈസിയുമായി ബിജെപി ധാരണ ഉണ്ടാക്കിയെന്ന് മുന്‍ എംഎല്‍എ

Published : 13th July 2016 | Posted By: SMR

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മജ്‌ലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയുമായി ബിജെപി ധാരണ ഉണ്ടാക്കിയിരുന്നതായി മുന്‍ നിയമസഭാംഗമായ യതിന്‍ ഒസ്സ. മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കുന്നതിനു വേണ്ടിയും കോണ്‍ഗ്രസ് വിശാല മതതേര മുന്നണിക്ക് ലഭിക്കുന്ന വോട്ടുകളില്‍ പിളര്‍പ്പ് ഉണ്ടാക്കാനും ആണ് ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഉവൈസിയുമായി ധാരണയിലെത്തിയതെന്നും ഒസ്സ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ബിജെപിയില്‍ നിന്നു രാജിവച്ച യതിന്‍ ഒസ്സ എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന് അയച്ച കത്തിലാണ് ഈ ആരോപണങ്ങളുള്ളത്.
ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകന്‍ കൂടിയായ ഒസ്സ എഎപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം നാലിനാണ് കെജ്‌രിവാളിന് യതിന്‍ ഒസ്സ കത്തയച്ചത്.
കഴിഞ്ഞ സപ്തംബര്‍ 15നു ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഒവൈസിയുമായി ധാരണയുണ്ടാക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് കത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പ്രകോപനപരമായ രീതിയില്‍ ഉവൈസി സംസാരിക്കും. പ്രസംഗത്തിന്റെ ഉള്ളടക്കം സംഘപരിവാര കേന്ദ്രങ്ങള്‍ തന്നെ നിര്‍ദേശിക്കും. ഉവൈസിയുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ കാരണം ഹിന്ദുക്കളുടെ വോട്ടും മുസ്‌ലിംകളുടെ വോട്ടും ഏകീകരിക്കപ്പെടാന്‍ കാരണമാവുമെന്നും അമിത്ഷാ കണക്കുകൂട്ടിയിരുന്നു. ഗുജറാത്ത് ഘടകം ബിജെപി അധ്യക്ഷന്‍ വിജയ് റുപാനി ഉവൈസിയുടെ പഴയ സുഹൃത്താണ്. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഒസ്സ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക