|    Jan 21 Sat, 2017 1:40 am
FLASH NEWS

ബിസിസിഐയില്‍ മന്ത്രിമാര്‍ വേണ്ട

Published : 19th July 2016 | Posted By: sdq

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ക്രിക്കറ്റിലെ അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാനുള്ള ജസ്റ്റിസ് ആര്‍ എം ലോധ കമ്മിറ്റിയുടെ റിപോര്‍ട്ട് സുപ്രിംകോടതി അംഗീകരിച്ചു. മന്ത്രിയെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ ബിസിസിഐയില്‍ അംഗങ്ങളാക്കരുതെന്നാണ് കമ്മിറ്റിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്.
70 വയസ്സ് കഴിഞ്ഞവരെ ബിസിസിഐ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ബിസിസിഐക്കും ഐപിഎല്ലിനും ഒരേ ഭാരവാഹി പാടില്ലെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു. സിഎജിയിലെ അംഗത്തെ ഗവേണിങ് കൗണ്‍സിലില്‍ ഉള്‍പ്പെടുത്തണമെന്നതാണു മറ്റൊരു നിര്‍ദേശം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളിയുടെയും വാതുവയ്പിന്റെയും പശ്ചാത്തലത്തില്‍ സുപ്രിംകോടതിയാണ് ക്രിക്കറ്റിന്റെ ഘടന സംബന്ധിച്ചും മറ്റുമുള്ള കാര്യങ്ങളിലെ അഴിച്ചുപ്പണിക്ക് ജസ്റ്റിസ് ലോധ കമ്മിറ്റിക്കു രൂപംനല്‍കിയത്. ബോര്‍ഡില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന് ബിസിസിഐയെ വിവരാവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരണമോ എന്ന നിര്‍ദേശത്തില്‍ പാര്‍ലമെന്റിന് തീരുമാനമെടുക്കാമെന്ന് കമ്മിറ്റി നിര്‍ദേശിക്കുന്നു. വാതുവയ്പ് നിയമവിധേയമാക്കുന്ന കാര്യം പാര്‍ലമെന്റിന് തീരുമാനിക്കാം. ഭരണാധികാരികള്‍ക്കു പ്രായപരിധിയും കാലപരിധിയും നിര്‍ബന്ധമാക്കണം.
ഒാരോ സംസ്ഥാനങ്ങള്‍ക്കും ഒാരോ വോട്ട് എന്ന സംവിധാനം വേണം. ഒന്നില്‍ കൂടുതല്‍ അസോസിയേഷനുകളുള്ള മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും ഇതു ബാധകമാണ്. വോട്ടവകാശം ആര്‍ക്കാണു വേണ്ടതെന്ന് റൊട്ടേഷന്‍ വ്യവസ്ഥയിലോ മറ്റോ അവര്‍ക്കു തീരുമാനിക്കാം. ഒമ്പതംഗ ഉന്നതാധികാര സമിതിയാവണം ബോര്‍ഡിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കേണ്ടത്. കളിക്കാര്‍ക്ക് ഇതില്‍ അംഗമാവാം. സ്ത്രീകളെയും പരിഗണിക്കാം.
മൂന്നു തവണയില്‍ കൂടുതല്‍ അംഗമായിരിക്കാന്‍ ആര്‍ക്കും അവകാശമുണ്ടാവരുത്. എല്ലാ ഭാരവാഹികള്‍ക്കും ഭരണതലപ്പത്തെ ഓരോ കാലഘട്ടത്തിനും ഇടവേള ഉണ്ടായിരിക്കണം. ഐപിഎല്ലിന്റെ ഉന്നത ഭരണസമിതി ഗവേണിങ് കൗണ്‍സില്‍ എന്നറിയപ്പെടും. ഇത് ക്രിക്കറ്റ് ബോര്‍ഡിന്റെ ജനറല്‍ ബോഡിയുടെ കീഴിലാവും. അതുകൊണ്ടുതന്നെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ക്കു വിധേയമായ സ്വയംഭരണമേ ഐപിഎല്‍ ഗവേണിങ് ബോഡിക്കുണ്ടാവുകയുള്ളൂ. ഈ നിര്‍ദേശങ്ങളെല്ലാം അംഗീകരിച്ച ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല എന്നിവരടങ്ങിയ ബെഞ്ച് ഇവയെല്ലാം ആറു മാസത്തിനകം നടപ്പാക്കാന്‍ നിര്‍ദേശിച്ചു. ലോധ കമ്മിറ്റിക്കുതന്നെയാണു നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ചുമതല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക