|    Nov 21 Wed, 2018 1:40 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിഷപ്പിന്റെ മൊഴിയില്‍ പൊരുത്തക്കേട്: പോലിസ്‌

Published : 15th August 2018 | Posted By: kasim kzm

കോട്ടയം: കുറവിലങ്ങാടു മഠത്തിലെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതി സംബന്ധിച്ച് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടെന്ന് അന്വേഷണസംഘം. 2016 മെയ് അഞ്ചിന് ബിഷപ് മഠത്തിലെത്തി പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, പരാതിയില്‍ പറഞ്ഞ ദിവസം മഠത്തില്‍ പോയിട്ടുപോലുമില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ ബിഷപ് വ്യക്തമാക്കിയത്. അതേസമയം, ബിഷപ്പിന്റെ വാദം കളവാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
അന്നു മഠത്തിലെത്തിയതിന്റെ തെളിവും മൊഴിയും പോലിസിന് ലഭിച്ചു. ബിഷപ് 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കന്യാസ്ത്രീ പോലിസിന് നല്‍കിയ മൊഴിയിലും കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും ചൂണ്ടിക്കാട്ടിയിരുന്നത്. ഇവര്‍ പറയുന്ന ദിവസങ്ങളില്‍ ബിഷപ് കുറവിലങ്ങാട്ടെ മഠത്തിലെത്തിയിരുന്നതായി സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. ബിഷപ്പിനെ മഠത്തില്‍ കൊണ്ടുപോയ കാര്‍ ഡ്രൈവറും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ചോദ്യംചെയ്യലില്‍ കന്യാസ്ത്രീ പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ബിഷപ് നിഷേധിച്ചു. തന്റെ വാദങ്ങളില്‍ ബിഷപ് ഉറച്ചുനിന്നതോടെ ഒമ്പതു മണിക്കൂര്‍ നീണ്ട മൊഴിയെടുക്കല്‍ അവസാനിപ്പിച്ച് അന്വേഷണ സംഘം മടങ്ങുകയായിരുന്നു.
തിങ്കളാഴ്ച രാത്രി എട്ടിന് ആരംഭിച്ച മൊഴിയെടുക്കല്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് അവസാനിച്ചത്. ബിഷപ്പിന്റെ ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ആവശ്യമെങ്കില്‍ വീണ്ടും ബിഷപ്പിനെ ചോദ്യംചെയ്യുമെന്ന് വൈക്കം ഡിവൈഎസ്പി കെ കെ സുഭാഷ് പറഞ്ഞു. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം അറസ്റ്റിലേക്ക് കടന്നാല്‍ മതിയെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ സംഘം കേരളത്തിലേക്ക് മടങ്ങുന്നത്.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റുചെയ്തില്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരന്‍ പറഞ്ഞു. കേസില്‍നിന്ന് ഒരുകാരണവശാലും പിന്‍മാറില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss