|    Jan 22 Sun, 2017 7:13 am
FLASH NEWS

ബിശ്വാസ് മേത്തയെ നീക്കി; പിഎച്ച് കുര്യന്‍ റവന്യൂ സെക്രട്ടറി

Published : 28th July 2016 | Posted By: SMR

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി വി എസ് അച്യുതാനന്ദനെ നിയമിക്കുന്നതിനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടായില്ല. ഇതിന്റെ ഘടന, അംഗങ്ങള്‍ എന്നിവ എല്‍ഡിഎഫിലടക്കം ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാവുക. വിഎസിനെ കൂടാതെ കമ്മീഷനില്‍ നിയമിക്കേണ്ട മറ്റ് രണ്ടംഗങ്ങളുടെ കാര്യത്തില്‍ ഇതുവരെ ധാരണയാവാത്തതിനാലാണ് കമ്മീഷന്‍ രൂപീകരണം സംബന്ധിച്ച് ഉത്തരവിറങ്ങാന്‍ വൈകുന്നത്. സിപിഎമ്മില്‍നിന്നും സിപിഐയില്‍നിന്നും ഓരോ അംഗങ്ങളായിരിക്കും കമ്മീഷനിലെത്തുക. ഇതില്‍ സിപിഎമ്മില്‍നിന്ന് ആനത്തലവട്ടം ആനന്ദന്‍ കമ്മീഷനിലെത്താനാണ് സാധ്യത. അടുത്തയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടാവും. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗമായിരിക്കും അവരുടെ പ്രതിനിധിയെ നിശ്ചയിക്കുക.
അംഗങ്ങളുടെ കാര്യത്തില്‍ അന്തിമധാരണയിലെത്തിയാല്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങും. വി എസ് അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കുന്നതിനുള്ള തടസ്സം ഒഴിവാക്കാന്‍ അവതരിപ്പിച്ച 2016ലെ നിയമസഭ (അയോഗ്യതകള്‍ നീക്കം ചെയ്യല്‍) ഭേദഗതി ബില്ല് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലാണ് പാസാക്കിയത്. റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ബിശ്വാസ് മേത്തയെ നീക്കി. പകരം നേരത്തേ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി എച്ച് കുര്യനെ ഈ സ്ഥാനത്ത് നിയമിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഭൂമിദാനവുമായി ബന്ധപ്പെട്ട വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചത് ബിശ്വാസ് മേത്തയായിരുന്നു. റവന്യൂ സെക്രട്ടറിയെ ഈ സ്ഥാനത്തുനിന്ന് നീക്കണമെന്ന് പ്രതിപക്ഷത്തായിരുന്നപ്പോ ള്‍ എല്‍ഡിഎഫ് ശക്തമായ ആവശ്യമുന്നയിച്ചിരുന്നതാണ്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഐഎഎസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി നടത്തിയപ്പോഴും ബിശ്വാസ് മേത്തയെ റെവന്യൂ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാതിരുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ ബിശ്വാസ് മേത്ത ഡല്‍ഹിയിലേക്കു മടങ്ങും.
അതേസമയം, ഊര്‍ജ സെക്രട്ടറിയായ പോള്‍ ആന്റണിയെയാണ് റവന്യൂ സെക്രട്ടറി സ്ഥാനത്തേക്ക് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശിച്ചത്. എന്നാല്‍, അനുഭവസമ്പത്തിന്റെ പേരില്‍ പി എച്ച് കുര്യനെ തന്നെ റവന്യൂ സെക്രട്ടറിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിക്കുകയായിരുന്നു. പോള്‍ ആന്റണിക്ക് വ്യവസായ വകുപ്പിന്റെ അധികച്ചുമതല നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക