|    Dec 14 Fri, 2018 12:57 pm
FLASH NEWS

ബിവറേജസ് മദ്യവില്‍പനശാലയുടെ ഓട് പൊളിച്ചു കവര്‍ച്ചാശ്രമം

Published : 10th August 2016 | Posted By: SMR

തൊടുപുഴ: മദ്യവില്‍പനശാലയുടെ ഓട് പൊളിച്ച് കവര്‍ച്ചാ ശ്രമം.തിങ്കളാഴ്ച അര്‍ധരാത്രിയില്‍ തൊടുപുഴ റോട്ടറി ജങ്ഷനു സമീപം മൗണ്ട് സീനായ് റോഡിലെ ബിവറേജസ് വില്‍പനശാലയിലാണ് സംഭവം.
ഓട് പൊളിച്ച് പഴയ കെട്ടിടത്തിന്റെ അകത്ത് കടന്ന ശേഷം മച്ച് പൊളിക്കുന്നതിനിടെ മുകളിലിരുന്ന ഇഷ്ടിക താഴേയക്ക് പതിച്ച് നിരവധി മദ്യകുപ്പി പൊട്ടിത്തകര്‍ന്നു. ഈ ശബ്ദം ഉയര്‍ന്നതോടെ പരിഭ്രാന്തനായ കള്ളന്‍ മോഷണശ്രമത്തില്‍ നിന്നും പിന്‍മാറിയെന്നാണ് പോലിസ് അനുമാനം. സംഭവത്തില്‍ കേസെടുത്ത പോലിസ് അന്വേഷണം ആരംഭിച്ചു. ഇഷ്ടിക കഷ്ണം വീണ് കുപ്പികള്‍ പൊട്ടി 10,000 രൂപയുടെ മദ്യം നശിച്ചു.
കഴിഞ്ഞ മൂന്നുതവണ ഇവിടെ മോഷണശ്രമം നടന്നിരുന്നു.രണ്ട് മോഷണങ്ങളിലായി പണവും മദ്യക്കുപ്പികളും മോഷണം പോയി.ഈ കേസുകളില്‍ പ്രതികള്‍ ഇതുവരെ പിടിയിലായിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലെ കലക്ഷന്‍ തുകയായ 13 ലക്ഷം രൂപ മദ്യവില്‍പനശാലയുടെ ലോക്കറിനുള്ളിലുണ്ടായിരുന്നതായി ജീവനക്കാര്‍ വെളിപ്പെടുത്തി. ഇത് ലക്ഷ്യം വച്ചാണ് കവര്‍ച്ചാശ്രമമെന്ന് പോലിസ് പരിശോധിച്ച് വരികയാണ്. മദ്യവില്‍പനശാലകളില്‍ പണം കൊണ്ടുപോവുന്നത് പ്രത്യേക ഏജന്‍സിയാണ്. ഇവര്‍ ഇന്നലെ പണം ഏടുക്കാന്‍ വരുന്നതിനു മുമ്പാണ് മോഷണശ്രമം നടന്നത്. രാവിലെ മദ്യശാലയിലെത്തിയ ജീവനക്കാരനാണ് കവര്‍ച്ച ശ്രമം കണ്ടെത്തി മറ്റുള്ള ജീവനക്കാരെ അറിയിച്ചത്.
തിങ്കളാഴ്ച രാത്രി 9നാണ് മദ്യവില്‍പ്പനശാല അടച്ചത്. ഇതിനുശേഷം ഇന്നലെ രാവിലെ 10നാണ് തുറന്നത്. ലക്ഷക്കണക്കിന് രൂപയുടെ മദ്യമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. സ്റ്റോക്ക് പൂര്‍ണമായി പരിശോധിച്ചാല്‍ മാത്രമെ മദ്യക്കുപ്പികള്‍ കവര്‍ന്നിട്ടുണ്ടോയെന്ന് മനസിലാക്കാന്‍ കഴിയുകയുള്ളുവെന്ന് ജീവനക്കാര്‍ പറഞ്ഞു.
സ്ഥലത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു തോര്‍ത്ത് പോലിസിനു ലഭിച്ചു.സ്ഥലത്ത് ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി.തൊടുപുഴയില്‍ വിവിധ സ്റ്റേഷനുകളിലായി കഴിഞ്ഞ രണ്ടു മാസത്തിനിടെ മോഷണം പെരുകിയിട്ടും പോലിസിനു ഒരു പ്രതിയെപ്പോലും കണ്ടെത്താനായിട്ടില്ല.
തിങ്കാളാഴ്ച ഉച്ചയ്ക്ക് തൊടുപുഴ-വെള്ളിയാമറ്റം റൂട്ടില്‍ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നു  തൊടുപുഴയിലെത്തി പെന്‍ഷന്‍ വാങ്ങിയശേഷം മടങ്ങിയ വയോധികന്റെ 8000 രൂപയാണ് കവര്‍ന്നത്.
പോലിസെത്തി ബസ് തടഞ്ഞ് ഒന്നരമണിക്കൂര്‍ പരിശോധന നടത്തിയെങ്കിലും യാത്രക്കാരുടെ യാത്ര തടസപ്പെട്ടതല്ലാതെ കാര്യമായ പ്രയോജനമെന്നുമുണ്ടായില്ല.മൂന്ന് മാസത്തിനിടെ തൊടുപുഴയില്‍ ബസ് യാത്രക്കാരുടെ പക്കല്‍ നിന്ന്  ഒരു ലക്ഷം രൂപയിലധികമാണ് കവര്‍ന്നിരിക്കുന്നത്. ഈ സംഭവങ്ങളിലും പോലിസിനു പ്രതികളെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss