|    Nov 18 Sun, 2018 6:58 am
FLASH NEWS

ബിവറേജസ് ഔട്ട്‌ലെറ്റ്; ലൈസന്‍സ് അനുവദിക്കേണ്ടെന്ന് നഗരസഭാ തീരുമാനം

Published : 26th April 2018 | Posted By: kasim kzm

പാലക്കാട്: നഗരസഭ പരിധിയിലുള്ള ബീവറേജസ് കോര്‍പറേഷന്റെ അഞ്ച് ഔട്ട്‌ലെറ്റുകളുടെയും ഡി ആന്‍ഡ് ഒ ലൈസന്‍സ് അനുവദിക്കേണ്ടെന്ന് നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ലൈസന്‍സ് അനുവദിക്കുന്നതിനായുള്ള അപേക്ഷ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്താണ് നിരസിക്കാന്‍ തീരുമാനിച്ചത്. അഞ്ചു ഷോപ്പുകള്‍ക്കുമായി ബീവറേജസ് കോര്‍പ്പറേഷന്‍ അധികാരപ്പെടുത്തിയ കെ പി മനോഹരനാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്.
2017 – 18 വര്‍ഷത്തിലും ലൈസന്‍സ് അപേക്ഷകള്‍ കൗണ്‍സില്‍ തീരുമാനപ്രകാരം നിരസിച്ചിരുന്നു. ഇതിനെതിരെ കോര്‍പ്പറേഷന്‍ കോടതിയില്‍ നിന്നും അനുകൂല ഉത്തരവ് നേടി. ലൈസന്‍സ് അനുവദിക്കേണ്ടെന്ന മുന്‍ കൗണ്‍സില്‍ തീരുമാനമുള്ളതിനാലാണ് ലൈസന്‍സ് അപേക്ഷ അജണ്ടയില്‍ ഉള്‍പ്പെടുത്തിയതെന്ന് സെക്രട്ടറി വിശദീകരിച്ചു. കൗണ്‍സില്‍ മദ്യവിരുദ്ധ സമീപനം എടുക്കുന്നതിനാല്‍ ഇത്തവണയും അനുവദിക്കേണ്ടെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.
നഗരസഭ ഭരണത്തിനെതിരെ അവിശ്വാസം കൊണ്ടുവരുന്നതിന്റെ ഭാഗമായി യുഡിഎഫ് അംഗങ്ങളുടെ നിലവിലെ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ നിന്നുള്ള രാജി കൗണ്‍സില്‍ അംഗീകരിച്ചു. ബന്ധപ്പെട്ട വര്‍ക്കിങ് കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് പുതിയ ചെയര്‍മാന്‍മാരെ തെരഞ്ഞെടുക്കും.
നഗരസഭ കെട്ടിട നമ്പര്‍ നല്‍കാതിരുന്നിട്ടും പ്രവര്‍ത്തിക്കുന്ന കല്യാണ മണ്ഡപങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് സിപിഎമ്മിനെ അബ്ദുല്‍ ഷുക്കൂര്‍ ആവശ്യപ്പെട്ടു. പരിശോധിച്ച് നടപടിയെടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കുടിവെള്ള ക്ഷാമം നിലനില്‍ക്കെ പൊതു പൈപ്പുകള്‍വരെ പൊട്ടി വെള്ളം പാഴാവുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടാവുന്നില്ലെന്ന് ജല അഥോറിട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ബന്ധപ്പെട്ട എന്‍ജിനീയര്‍മാരെ വിളിച്ചുവരുത്തി ധരിപ്പിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പിഎംഎവൈ പദ്ധതിയില്‍ ഭൂരഹിതരായ മൂവായിരത്തോളം അപേക്ഷകളുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ഇവര്‍ക്ക് ഫഌറ്റ് സമുച്ചയം നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തി നല്‍കാത്തത് വീഴ്ചയായി സര്‍ക്കാര്‍ വിമര്‍ശനമുണ്ട്.
അറവുശാലയ്ക്കടുത്ത് കണ്ടെത്തിയ റവന്യൂ സ്ഥലം വിട്ടുനല്‍കാനാവില്ലെന്ന് വ്യക്തമായി. അതിനാല്‍ 20 സെന്റില്‍ കൂടുതലായി വിവിധ വകുപ്പുകളുടെ അധീനതയിലുള്ള സ്ഥലം ശ്രദ്ധയില്‍പ്പെടുത്തണം.
സിവില്‍ സ്‌റ്റേഷനില്‍ മുലയൂട്ടല്‍ മുറി വേണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെടുന്ന പ്രമേയം കൗണ്‍സില്‍ അംഗീകരിച്ചു. ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷതവഹിച്ചു. കെ ഭവദാസ്, സി കൃഷ്ണകുമാര്‍, കെ മണി, കെ സെയ്തലവി, ഉദയകുമാര്‍, മോഹന്‍ബാബു, സി മധു, എം സുനില്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss