|    Apr 25 Wed, 2018 7:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബില്ല് നിയമസഭയില്‍ പാസായത് ദുഃഖകരം: എ കെ ആന്റണി

Published : 7th April 2018 | Posted By: kasim kzm

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ ബില്ല് നിയമസഭയില്‍ പാസായത് ദുഃഖകരമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി. സഭ ഇത്തരമൊരു ബില്ല് പാസാക്കാന്‍ പാടില്ലായിരുന്നു. അര്‍ഹതപ്പെട്ട വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടണമായിരുന്നു. കുട്ടികളുടെ ഭാവി തുലാസിലാക്കിയതിനു കാരണക്കാര്‍ മാനേജ്‌മെന്റുകളാണ്. ബില്ല് റദ്ദാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
പ്രശ്‌നത്തെ രാഷ്ട്രീയമായി കാണുന്നില്ല. മാനേജ്‌മെന്റുകളുടെ കള്ളക്കളിക്ക് ശാശ്വതപരിഹാരം വേണം. ബില്ല് പാസായതില്‍ ആരെയും കുറ്റപ്പെടുത്താനില്ല. പൊതുവായ നിലപാടാണ് താന്‍ വ്യക്തമാക്കിയത്. പ്രതിപക്ഷ രാഷ്ട്രീയമോ ഭരണപക്ഷ രാഷ്ട്രീയമോ പറയാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാ കാലത്തും സ്വാശ്രയ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. സര്‍ക്കാരുമായി ചേര്‍ന്നു തീരുമാനമെടുത്ത ശേഷം കോടതികളെ സമീപിച്ച് അനുകൂല വിധി നേടുന്നു. മാനദണ്ഡങ്ങള്‍ അട്ടിമറിക്കപ്പെടുന്നതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. കോടതികളെ ഉപയോഗപ്പെടുത്തി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങള്‍ അട്ടിമറിക്കാന്‍ മാനേജ്‌മെന്റുകള്‍ക്കായി. ഇക്കാര്യം കോടതികളും മനസ്സിലാക്കണം.
വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ പല നടപടികളും മാനേജ്‌മെന്റുകള്‍ അട്ടിമറിച്ചതിന്റെ അനുഭവം തനിക്കുമുണ്ട്. മാനേജ്‌മെന്റുകള്‍ക്കെതിരായ കോടതിവിധികള്‍ ചുരുക്കം ചിലവ മാത്രമാണ്. ഇപ്പോഴത്തെ സുപ്രിംകോടതി വിധി സ്‌റ്റേ ഓര്‍ഡര്‍ മാത്രമാണ്. അതുകൊണ്ട് ഉത്തരവില്‍ വലിയ ആവേശമൊന്നും തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാശ്രയ സ്ഥാപനങ്ങള്‍ സംസ്ഥാനത്തിനു നേട്ടം മാത്രമേ കൊണ്ടുവന്നിട്ടുള്ളൂ. അന്യസംസ്ഥാനങ്ങളില്‍ കോടികള്‍ കോഴ കൊടുത്തു പ്രവേശനം നേടുന്ന അവസ്ഥയ്ക്ക് അതോടെ അന്ത്യംകുറിക്കാനായെന്നും ആന്റണി പറഞ്ഞു.
മലപ്പുറത്ത് ദേശീയപാത പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സമവായത്തിന്റെ വഴിതേടണമെന്നും ആന്റണി പറഞ്ഞു. വികസനത്തിനു വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോള്‍ പരിക്കേല്‍ക്കുന്നവരെക്കൂടി വിശ്വാസത്തിലെടുക്കണം. സര്‍ക്കാരിന്റെ ഇപ്പോഴത്തെ ഭാഷ കല്‍പനയുടേതാണെന്നും ആന്റണി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss