|    Jan 21 Sat, 2017 10:02 am
FLASH NEWS

ബിരുദ വിദ്യാര്‍ഥിനിയുടെ മരണം: എംഎച്ച്ഇഎസ് കോളജ് നാളെ മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

Published : 7th August 2016 | Posted By: SMR

വടകര: റാഗിങിനെ തുടര്‍ന്നുണ്ടായ മാനസിക പീഢനം മൂലം ആത്മഹത്യ ചെയ്ത അസ്‌നാസിന്റെ മരണത്തെ തുടര്‍ന്ന് അടിച്ചിട്ട ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. കോളജ് അടച്ചിട്ടതുമായി ബന്ധപ്പെട്ട് റൂറല്‍ എസ് പി വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തിലാണ് കോളജ് തുറക്കാന്‍ തീരുമാനമായത്.
കഴിഞ്ഞ 4ന് റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രതിനിധികള്‍, ആക്ഷന്‍ കമ്മിറ്റി, സ്‌കൂള്‍ മാനേജ്‌മെന്റ് എന്നിവരെ ഉള്‍പ്പെടുത്തി വടകര റസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ആ യോഗത്തില്‍ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങള്‍ പങ്കെടുക്കാത്തതിനാലാണ് വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചത്.
ഇവരെയും ഉള്‍പ്പെടുത്തി തിരുവള്ളൂര്‍ പഞ്ചായത്ത് ഹാളില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് കോളജ് തുറക്കാന്‍ തീരുമാനിച്ചത്. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ആറ് അധ്യാപകരെ കോളജില്‍ നിന്നും മാറ്റി നിര്‍ത്തി ഡിസിപ്ലിന്‍ കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
പ്രതികളെ കുറിച്ച് കൂടുതലായുള്ള വിവരങ്ങളും മൊഴികളും ബന്ധപ്പെട്ടവര്‍ പോലീസിനെ അറിയിക്കുക, അന്വേഷിച്ച് നിജസ്ഥിതി മനസ്സിലാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുക, ഇന്നലെ ചേര്‍ന്ന യോഗതീരുമാനങ്ങള്‍ എംഎല്‍എ, എം പി, എന്നിവരെ അറിയിക്കുക. തോടന്നൂര്‍, പിലാത്തോട്ടം പ്രദേശങ്ങളില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കോളേജുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരകമ്മിറ്റി രൂപീകരിക്കുക, പ്രധാനപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കുക, കാമ്പസില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, പോലിസ്, തോടന്നൂര്‍, പിലാത്തോട്ടം ഭാഗങ്ങളില്‍ പ്രത്യേക വാഹന പരിശോധന നടത്തുക എന്നിവയും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി അധ്യക്ഷത വഹിച്ചു.
തിരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ മോഹനന്‍ മാസ്റ്റര്‍, മണിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയപ്രഭ, വടകര സിഐയുടെ ചാര്‍ജ്ജ് വഹിക്കുന്ന രാജപ്പന്‍, കോളജ് പ്രിന്‍സിപ്പാള്‍ എംഎ  ജമാല്‍, വിവിധ വിദ്യാര്‍ഥി-യുവജന-രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പിടിഎ പ്രതിനിധികള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. വിദ്യാര്‍ത്ഥിനിയെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ യോഗം ദു:ഖവും പ്രതിഷേധവും രേഖപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക