|    Nov 16 Fri, 2018 9:54 pm
FLASH NEWS

ബിയ്യം ടൂറിസം പദ്ധതി വെള്ളത്തിലായി

Published : 5th August 2018 | Posted By: kasim kzm

പൊന്നാനി: ബിയ്യം കായലോരത്തെ സാധ്യതകള്‍ മുന്നില്‍ക്കണ്ട് പൊന്നാനിയുടെ വികസനത്തിനായി നടപ്പാക്കിയ ടൂറിസം പദ്ധതികള്‍ അധികൃതര്‍ മറന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കായലിനോടു ചേര്‍ന്ന് പുളിക്കകടവില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരുക്കിയ പദ്ധതികള്‍ നശിച്ചു. ബോട്ട് ജെട്ടി, ഉല്ലാസ ബോട്ട്, ഹൗസ് ബോട്ട്, തുഴച്ചില്‍ പരിശീലനം നല്‍കുന്നതിനായി കയാക്കിങ് ബോട്ടുകള്‍, വള്ളം കളി നിരീക്ഷണ മണ്ഡപം തുടങ്ങിയവയാണ് ടൂറിസം പദ്ധതിയുടെ ഭാഗമായി ഇവിടെ ഒരുക്കിയത്.
എന്നാല്‍ ശ്രദ്ധ കുറഞ്ഞതോടെ പദ്ധതിക്കു മങ്ങലേറ്റ അവസ്ഥയാണ്. ഉല്ലാസ ബോട്ടുകളില്‍ പലതിനും കേടുപാടുകള്‍ കണ്ടെത്തി. ഹൗസ് ബോട്ട് പൂര്‍ണമായും നശിച്ചു. ബോട്ടുജെട്ടിയിലെ കെട്ടിടങ്ങള്‍ക്ക് ബലക്ഷയം സംഭവിച്ചു തുടങ്ങി. വള്ളംകളി നിരീക്ഷണ മണ്ഡപത്തിനടിയില്‍ ബലത്തിനായി സ്ഥാപിച്ച കരിങ്കല്ലുകള്‍ അടര്‍ന്ന് കായലിലേയ്ക്കു വീണിട്ടുണ്ട്.
മണ്ഡപത്തിന്റെ പലയിടത്തും വിള്ളല്‍ കണ്ടെത്തി. തുഴച്ചില്‍ പരിശീലനം നല്‍കുന്ന ആലപ്പുഴയിലെ കേന്ദ്രം ബിയ്യം കായലോരത്ത് എത്തിച്ച കയാക്കിങ് ബോട്ടുകള്‍ ചിലത് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് വെളിച്ച സംവിധാനങ്ങളും നശിച്ചതോടെ രാത്രിയില്‍ മദ്യപാനവും വില്‍പനയും നടക്കുന്നുണ്ടെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുന്‍പ് ആരംഭിച്ചത് പൂര്‍ത്തീകരിക്കാതെ പുതിയ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്ന വകുപ്പിന്റെ നടപടി ശരിയല്ലെന്ന് വിവിധ സംഘടനകള്‍ അഭിപ്രായപ്പെട്ടു.
പല തവണയായി ടൂറിസം വകുപ്പ് പ്രദേശം സന്ദര്‍ശിച്ചിരുന്നെങ്കിലും പദ്ധതിയെ സജീവമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പിന്നീടുണ്ടായിട്ടില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. നാട്ടുകാര്‍ക്ക് സഞ്ചരിക്കുന്നതിനും വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതിനുമായി ബിയ്യം കായലില്‍ നിര്‍മിച്ച തൂക്കുപാലത്തിലെ ഇരുമ്പ് ഉപകരണങ്ങളില്‍ പലതും തുരുമ്പെടുത്തു.
പാലത്തിനു മുകളില്‍ നടപ്പാതയില്‍ സ്ഥാപിച്ച ഇരുമ്പ് ഷീറ്റ് ഇളകുന്നുണ്ടെന്ന് യാത്രക്കാര്‍ പറഞ്ഞു. രണ്ടു തൂണുകള്‍ക്കടിയില്‍നിന്ന് മണ്ണൊലിച്ചു പോയതിനാല്‍ അപകട സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. അപകടാവസ്ഥയിലായിരുന്നു തൂക്കുപാലത്തില്‍ മാസങ്ങള്‍ക്ക് മുന്‍പ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും ബിയ്യത്തെ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിക്കുമെന്നല്ലാതെ മറ്റൊന്നും നടക്കാ—റില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss