|    Aug 23 Wed, 2017 11:44 am

ബിയ്യം കായലില്‍ വള്ളംകളി പരിശീലനം തുടങ്ങി ; ലക്ഷങ്ങള്‍ മുടക്കുന്ന മല്‍സരത്തിന് ലഭിക്കുന്നത് നാമമാത്രമായ സമ്മാനം

Published : 4th August 2017 | Posted By: fsq

 

പൊന്നാനി:  സാമ്പത്തിക പരാധീനതകള്‍ക്കുമേല്‍ തുഴയെറിഞ് ബിയ്യം കായലില്‍ ജലോല്‍സവത്തിനായി വള്ളങ്ങൊരുങ്ങുന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി അവിട്ടം നാളില്‍ ‘ നടക്കുന്ന ബിയ്യം കായല്‍ വള്ളം കളി മല്‍സരത്തിനുള്ള പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ലക്ഷത്തിലേറെ ചിലവ് വരുന്ന ഏര്‍പ്പാടായിരുന്നിട്ടും പാരമ്പര്യത്തെ നിലനിര്‍ത്താനുള്ള തീവ്ര പരിശ്രമത്തിന്റെ ഭാഗമായാണ് ഇത്തവണയും ബിയ്യം കായലില്‍ തുഴയെറിയാനായി വള്ളങ്ങള്‍ സജ്ജമാക്കുന്നത്. സെപ്തംബര്‍ ആറിനാണ് ബിയ്യം കായലില്‍ വള്ളംകളി മല്‍സരം അരങ്ങേറുക .20 ല്‍ പരം വള്ളങ്ങളാണ് മല്‍സരത്തിനറങ്ങുക. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി  ജലാല്‍സവം നടത്തിപ്പ് തര്‍ക്കത്തിലും അടിപിടിയിലും കലാശിച്ചതിനാല്‍ ഇത്തവണയും  സംഘാടനത്തില്‍ ശാസ്ത്രിയമായ മാറ്റങ്ങള്‍ ഉണ്ടാകും .മലബാറിലെ ഏറ്റവും വലിയ ജലോല്‍സവങ്ങളിലൊന്നായ ബിയ്യം കായല്‍ വള്ളം കളിയോട് അധികൃതര്‍ തുടരുന്ന അവഗണനയെ  വകഞ്ഞുമാറ്റി നാട്ടുകാരുടെ പരിശ്രമഫലമായാണ് ഇത്തവണയും മത്സരത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പരിശീലനകാലങ്ങളില്‍ രണ്ടു ലക്ഷത്തിലേറെ രൂപ ചിലവ് ഓരോ ക്ലബുകള്‍ക്കും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട് . ഇതിന് സമ്മാനതുകയായി ലഭിക്കുന്നത്  25000 രൂപ മാത്രമാണ്. പ്രോല്‍സാഹന സമ്മാനമായി 20000 രൂപയും. വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന മത്സരമായിരുന്നിട്ടും നാട്ടുകാരുടെ ആവേശം കണക്കിലെടുത്ത് മാത്രമാണ് ക്ലബുകള്‍ ഓരോ വര്‍ഷവും വള്ളം കളി മല്‍സരത്തിനായി ഒരുങ്ങുന്നത്. മേജര്‍ വള്ളങ്ങളുടെ പരിശീലനത്തിന് ഒരു ലക്ഷത്തിലേറെ ചെലവ് വരും. വള്ളങ്ങള്‍ കേട് പാട് തീര്‍ക്കുന്നതിന്ന് വന്‍ തുക മുടക്കേണ്ടി വരുന്നു ആലപ്പുഴയില്‍ നിന്ന് ദിവസക്കൂലി ഇനത്തില്‍ 1500 രൂപ നല്‍കിയാണ് തൊഴിലാളികളെ കൊണ്ട് വരുന്നത്. ഒരു വള്ളം പണിയെടുക്കാന്‍ 8 തൊഴിലാളികള്‍ വേണ്ടി വരും. ഇവരുടെ താമസ സൗകര്യവും ഭക്ഷണവും ക്ലബുകാര്‍ തന്നെ ഒരുക്കിക്കൊടുക്കണം. ചില ക്ലബുകള്‍ മത്സരത്തിനാവശ്യമായ വള്ളങ്ങള്‍ നിര്‍മിക്കാന്‍ ആലപ്പുഴയില്‍ നിന്നും തച്ചന്മാരെ കൊണ്ടുവന്നിട്ടുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലുമായാണ് ബിയ്യം കായലില്‍ വള്ളം കളി പരിശീലനം നടക്കുന്നത്. ആഗസ്ത് പകുതിയോടെ കൂടുതല്‍ വള്ളങ്ങള്‍ പരിശീലനത്തിനിറങ്ങും .കേരളത്തിലെ തന്നെ മികച്ച വള്ളംകളി വേദിയായിരുന്ന ബിയ്യം കായല്‍ വള്ളം കളി ടൂറിസം വകുപ്പിന്റെ അവഗണന മൂലമാണ് ശോഷിച്ചുവരുന്ന അവസ്ഥയിലെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക