|    Oct 23 Tue, 2018 9:25 pm
FLASH NEWS

ബിയ്യംകായല്‍ ജലോല്‍സവം: പറക്കുംകുതിര ജലരാജാവ്‌

Published : 6th September 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനി ബിയ്യം കായലിന്റെ ഓള പരപ്പുകള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കി ആവേശകരമായി നടന്ന ജലോത്സവത്തില്‍ ഇനിയുള്ള ഒരു വര്‍ഷം കാഞ്ഞിരമുക്ക് പുളിക്കകടവ് ന്യൂ ടൂറിസ്റ്റ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ പറക്കും കുതിര കിരീടം അലങ്കരിക്കും.മൈനര്‍ വിഭാഗത്തില്‍ പുഴമ്പ്രം ടീം ഭാവനയുടെ പാര്‍ത്ഥസാരഥി മുന്നില്‍ നിന്ന് നയിച്ച് കിരീടത്തില്‍ മുത്തമിട്ടു. അവിട്ടം നാളില്‍ ജല വീരന്മാരുടെ മാസ്മരിക പ്രകടനം കാണാന്‍ തടിച്ചുകൂടിയ പുരുഷാരങ്ങളെ സാക്ഷിനിര്‍ത്തിയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മേജര്‍ വിഭാഗത്തില്‍ പറക്കും കുതിരയും, മൈനര്‍ വിഭാഗത്തില്‍ പാര്‍ത്ഥസാരഥിയും വിജയ തീരമണഞ്ഞത്. മേജര്‍ വിഭാഗത്തില്‍ എരിക്കമണ്ണ ന്യൂ ക്ലാസിക്ക് ക്ലബ്ബിന്റെ മണി കൊമ്പന്‍ രണ്ടാം സ്ഥാനവും, കാഞ്ഞിരമുക്ക് പത്തായി നവയുഗം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ജല റാണി മൂന്നാം സ്ഥാനവും നേടി. മൈനര്‍ വിഭാഗത്തില്‍ താഴത്തങ്ങാടി യുവ ശക്തി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വജ്ര രണ്ടാംസ്ഥാനവും, കാഞ്ഞിരമുക്ക് പത്തായി നവരത്‌ന ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ജലറാണി മൂന്നാംസ്ഥാനവും നേടി. ഈ വര്‍ഷം വിജയികള്‍ക്കുള്ള സമ്മാനത്തുക വര്‍ദ്ധിപ്പിച്ചിരുന്നു. മേജര്‍, മൈനര്‍ വിഭാഗങ്ങളിലായി 18 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.മലബാറിലെ ഏറ്റവും പ്രശസ്തമായ ബിയ്യം കായല്‍ ജലോത്സവത്തിന് മലപ്പുറം ,പാലക്കാട് ,തൃശൂര്‍ ജില്ലകളില്‍നിന്നായി ആയിരക്കണക്കിനാളുകളാണ് കായലിന്റെ ഇരുകരകളിലുമായി തടിച്ചുകൂടിയത്. മത്സരത്തിന്റെ മുന്നോടിയായി വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ ജലഘോഷയാത്രയും ശിങ്കാരിമേളവും നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss