|    Dec 14 Fri, 2018 8:29 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബിബിസി പട്ടിക: ലോകത്തെ സ്വാധീനിച്ച 100 പേരില്‍ വിജിയും

Published : 20th November 2018 | Posted By: kasim kzm

കോഴിക്കോട്: ബിബിസി തയ്യാറാക്കിയ 2018ല്‍ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീകളുടെ പട്ടികയില്‍ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പെണ്‍കൂട്ടിന്റെയും അസംഘടിത മേഖലാ തൊഴിലാളി യൂനിയന്റെയും നേതാവായ വിജിയും.
ഇന്ത്യയില്‍ നിന്നു വിജി ഉള്‍പ്പെടെ മൂന്നുപേരാണ് ഇടംപിടിച്ചത്. പട്ടികയില്‍ 73ാം സ്ഥാനത്താണ് വിജി. ജോലി സമയങ്ങളില്‍ ഇരിക്കാനുള്ള അവകാശത്തിനുള്‍പ്പെടെ സെയില്‍സ് ഗേള്‍സിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളാണ് ലോകത്തിനു പ്രചോദനം നല്‍കുന്ന പ്രവര്‍ത്തനങ്ങളായി ബിബിസി വിലയിരുത്തിയത്. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ പ്രശ്—നങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുകയും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സംഘടനയാണ് അസംഘടിത മേഖലാ തൊഴിലാളി യൂനിയന്‍. 2009-10 കാലത്താണ് പെണ്‍കൂട്ട് രൂപം കൊണ്ടത്.
തുടക്കത്തില്‍ സ്ത്രീ സംഘടന എന്ന നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച പെണ്‍കൂട്ടാണ് അസംഘടിത മേഖലാ തൊഴിലാളി യൂനിയന്‍ എന്ന ട്രേഡ് യൂനിയന്‍ രൂപീകരിച്ചത്. തൊഴിലിടങ്ങളില്‍ പ്രാഥമിക സൗകര്യമൊരുക്കുന്നതിനായി തുടങ്ങിയ മൂത്രപ്പുര സമരത്തോടെയാണ് പെണ്‍കൂട്ടും വിജിയും കേരളീയ സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇതോടെ, ദലിത് വിഭാഗത്തില്‍ നിന്നുയര്‍ന്നു വന്ന വിജിയുടെ പോരാട്ടം ലോകശ്രദ്ധയിലേക്കെത്തിയിരിക്കുന്നു.
നിരവധി വ്യവസ്ഥാപിത ട്രേഡ് യൂനിയനുകളുള്ളപ്പോള്‍ തൊഴിലാളികളുടെ ഇരിക്കാനുള്ള അവകാശമടക്കമുള്ളവ നിയമപരമായി നേടിയെടുക്കുന്നതിലേക്ക് നയിച്ചത് അസംഘടിത മേഖലാ തൊഴിലാളി യൂനിയന്റെ (എഎംടിയു) പോരാട്ടമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss