|    Oct 19 Fri, 2018 3:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബിബിന്‍ വധം : സ്ത്രീകളെ വേട്ടയാടുന്നതിനെതിരേ എസ്ഡിപിഐ ഡിവൈഎസ്പി ഓഫിസ് മാര്‍ച്ച് താക്കീതായി

Published : 15th September 2017 | Posted By: fsq

 

തിരൂര്‍: ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ കൊടിഞ്ഞിയിലെ ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി ആര്‍എസ്എസ് കാര്യവാഹക് ബിബിന്‍ കൊല്ലപ്പെട്ടതിന്റെ മറവില്‍ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും വേട്ടയാടുന്ന പോലിസ് നടപടിയി ല്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഡിവൈഎസ്പി ഓഫി സിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് തിരൂര്‍ സിഐ എം കെ ഷാജിയുടെ നേതൃത്വത്തില്‍ പോലിസ് തടഞ്ഞു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാബു മണി കരുവാരക്കുണ്ട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംഘപരിവാരത്തിന്റെ ആജ്ഞാനുവര്‍ത്തികളായി സ്ത്രീകളെയും കുട്ടികളെയും അന്വേഷണത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതു പോലിസ് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം എസ്ഡിപിഐ നിയമപരമായും മറ്റു പ്രക്ഷോഭ പരിപാടികളിലൂടെയും പോലിസ് ചെയ്തികളെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ പ്രതികളെ കണ്ടെത്താനാവാത്ത പോലിസ് നിരപരാധികളായ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് മൂന്നാംമുറ പ്രയോഗിച്ച് കുറ്റം സമ്മതിപ്പിക്കുകയാണ്. സ്വന്തം കഴിവുകേട് മറച്ചുവയ്ക്കുകയാണു നിയമപാലകര്‍ ചെയ്യുന്നത്. കൊടിഞ്ഞി ഫൈസലിനെ കൊല ചെയ്തവരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ച പോലിസിന്റെ നടപടികള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ വിവേചനം അംഗീകരിക്കാനാവില്ല. സത്യസന്ധമായി നടത്തുന്ന അന്വേഷണത്തെ അംഗീകരിക്കുമ്പോഴും മനുഷ്യാവകാശ ലംഘനങ്ങള്‍ ചോദ്യംചെയ്യുമെന്നും ബാബുമണി പറഞ്ഞു. ഫൈസല്‍ വധക്കേസിലെ സംഘപരിവാരത്തിന്റെ ഗൂഢാലോചനാ കേന്ദ്രങ്ങളെന്നു പോലിസ് തന്നെ പറഞ്ഞ സ്ഥാപനങ്ങളൊന്നും അടച്ചുപൂട്ടാതെ ബിബിന്‍ വധക്കേസില്‍ പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളും വീടുകളും പൂട്ടുകയാണ് പോലിസ് ചെയ്തുകൊണ്ടിരിക്കുന്നത്.കേസിലെ പ്രതികളെ പിടികൂടുന്നതിന് എസ്ഡിപിഐ എതിരല്ല. നീതിയും നിയ മവും നടപ്പാക്കാന്‍ പോലിസുമായി സഹകരിക്കാന്‍ എസ്ഡിപിഐ തയ്യാറാണ്. സ്ത്രീകളെയും കുട്ടികളെയും കസ്റ്റഡിയിലെടുക്കുന്ന പ്രാകൃതരീതി പോലിസ് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗങ്ങളായ റഫീഖ് താനൂര്‍, ഹമീദ് പരപ്പനങ്ങാടി എന്നിവര്‍ സംസാരിച്ചു. അശ്‌റഫ് ചെലൂര്‍, എം മരക്കാര്‍, ഇബ്രാഹീം തിരൂര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. തിരൂര്‍ റിങ് റോഡില്‍ നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss