|    Oct 21 Sun, 2018 8:40 pm
FLASH NEWS

ബിബിന്‍ വധം : പോലിസ് നടപടികള്‍ വിവാദമാവുന്നു

Published : 15th September 2017 | Posted By: fsq

 

തിരൂര്‍: ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയും ആര്‍എസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖുമായ ബിബിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസ് അന്വേഷണത്തിലെ നടപടികള്‍ വിവാദമാവുന്നു. കേരളാ പോലിസിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലും ഇല്ലാത്ത രീതിയിലാണ് ഇപ്പോള്‍ നടപടികള്‍ പുരോഗമിക്കുന്നത്. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും കേസിലെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പോലിസ് പ്രതിപ്പട്ടിക എങ്ങിനെയെങ്കിലും പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടിലാണ്. സംശയകരമായ രീതിയില്‍ സാഹചര്യ തെളിവുകള്‍ പോലും കിട്ടാത്തതിനാല്‍ കാണുന്നവരെയെല്ലാം പ്രതിയാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് ആരോപണമുയരുന്നത്.  ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പോലിസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. സംഘപരിവാരമാവട്ടെ കേന്ദ്ര ഭരണത്തിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാറിന്റെ ആശിര്‍വാദത്തോടെ പോലിസിനെ കടുത്ത സമ്മര്‍ദ്ദത്തിലുമാക്കുന്നുണ്ട്. പോലീസ് പ്രതിപ്പട്ടികയില്‍ ഒന്നാം സ്ഥാനം കൊടുത്തിട്ടുള്ള എടപ്പാള്‍ ശുകപുരം സ്വദേശി എ വി അബ്ദുല്‍ ലത്തീഫിന്റെ ഭാര്യയെ ബുധനാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ലത്തീഫിനെ കിട്ടാത്തതിനാലാണ് ഭാര്യയെ കേസില്‍ പ്രതിചേര്‍ത്തത് എന്നാണറിയുന്നത്. നേരത്തെ രണ്ടുതവണ ഇവരെ ചോദ്യം ചെയ്ത് പോലിസ് സ്വമേധയാ വിട്ടയച്ചിരുന്നതാണ്.കേസന്വേഷണത്തിന്റെ മറവില്‍ വഴിവിട്ട് അന്വേഷണ സംഘം നിരപരാധികളായ സ്ത്രീകളേയും കുട്ടികളേയും വേട്ടയാടുകയാണിപ്പോള്‍. കേസില്‍ പോലീസ് പ്രതി ചേര്‍ത്ത ഹസ്സന്‍ പ്രവര്‍ത്തിച്ചിരുന്ന ചങ്ങരംകുളത്തെ ഷാ ട്രാവല്‍സ് പോലീസ് അടച്ചുപൂട്ടി. എടപ്പാളിലെ ഒരു റെഡിമെയ്ഡ് ഷോപ്പും അടച്ചു പൂട്ടിയിരിക്കുന്നു. ഇന്നലെ അറസ്റ്റു ചെയ്ത ഷാഹിദയുടെ വീടും പോലീസ് പൂട്ടിയിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരായ പലരുടെയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ബന്ധുക്കളെ പോലീസ് ആഴ്ചകളോളം കസ്റ്റഡിയില്‍ പീഡിപ്പിച്ചിരുന്നു. ഒരാളെ 24 മണിക്കൂറിലധികം കോടതിയനുമതിയില്ലാതെ കസ്റ്റഡിയില്‍ വെക്കാന്‍ പാടില്ലെന്ന നിയമം പോലും ലംഘിച്ചാണ് പോലീസ് നടപടി. ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്റെ വിവാഹം കഴിഞ്ഞ് മൂന്നു ദിവസം മാത്രം കഴിഞ്ഞ മരുമകനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഉത്തരേന്ത്യന്‍ പോലീസിനെപ്പോലും നാണിപ്പിക്കുന്ന രീതിയിലാണ് പോലീസിന്റെ അന്വേഷണ നടപടികള്‍ മുന്നോട്ടുപോവുന്നത്. അതിനാല്‍ കഴിഞ്ഞ കുറെ നാളുകളായി തിരൂരും പരിസരവും പോലീസ് രാജിലാണ്. #േഒരു പ്രതിക്ക് സിം കാര്‍ഡ് സംഘടിപ്പിച്ചു നല്‍കിയെന്നും കേസില്‍ ഗൂഢാലോചന നടത്തിയെന്നും ലൈസന്‍സ് പുതുക്കിയില്ല എന്നുമുള്ള കാരണങ്ങള്‍ പറഞ്ഞാണ് ചങ്ങരംകുളത്തെ ഷാ ട്രാവല്‍സ് പൂട്ടിയത്. എന്നാല്‍ സ്ഥാപനത്തിന്റെ പേരില്‍ അത്തരമൊരു സിം എടുത്തിട്ടു പോലുമില്ലെന്നാണ് ട്രാവല്‍സ് അധികൃതര്‍ വ്യക്തമാക്കുന്നത്. ജന മധ്യത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ കെട്ടു കഥയുണ്ടാക്കി പൂട്ടിയ പോലീസ് നടപടിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ട്രാവല്‍സ് ഉടമകള്‍. എന്നാല്‍ കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ വിദ്യാനികേതന്‍ സ്‌കൂളും കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ താമസിച്ചതും ആയുധങ്ങള്‍ ഒളിപ്പിച്ചതുമായ തിരൂരിലെ സംഘ മന്ദിരവും ഒരു ദിവസം പോലും പൂട്ടിയിടാന്‍ പോലീസ് തയ്യാറായിട്ടില്ല.  പ്രതികള്‍ക്ക് ഒളിവില്‍ പോവാനും സംരക്ഷണം നല്‍കാനും സന്നദ്ധരായവരെ പിടികൂടുകയോ അവരുടെ വീടുകള്‍ അടച്ചു പൂട്ടുകയോ സ്ഥാപനങ്ങളുടെ ലൈസന്‍സുകള്‍ പരിശോധിക്കുകയോ ഒന്നുമുണ്ടായിട്ടില്ല. ഫൈസലിനെ കൊലപ്പെടുത്തിയ പല പ്രതികളേയും തിരിച്ചറിഞ്ഞിട്ടം ഒളിവില്‍ പോയതിനാല്‍ അവരെ കസ്റ്റഡിയിലെടുക്കാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും സാധിക്കാത്തതിനാല്‍ അവരുടെ ബന്ധുക്കളെയോ സ്ത്രീകളേയോ കുട്ടികളേയോ പോലീസ് ചോദ്യം ചെയ്യുകയോ കസ്റ്റഡിയില്‍ വെക്കുകയോ ചെയ്തിരുന്നില്ല. സംഘ പരിവാറിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന പോലീസിന്റെ ഇത്തരം നടപടികളാണ് വിവാദമാകുന്നത്. അന്വേഷണ സംഘത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനേയും വനിതാ കമ്മീഷനേയും സമീപിക്കുന്നതിനെക്കുറിച്ചും ഇരകള്‍ ആലോചിക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss