|    Feb 24 Fri, 2017 11:27 pm
FLASH NEWS

ബിപിഎല്‍ പട്ടിക: ആറുലക്ഷം പേരെ പുതുതായി ഉള്‍പ്പെടുത്തും

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിഹിതത്തിനുള്ള ബിപിഎല്‍ പട്ടിക വിപുലീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച വിശദമായ നിര്‍ദേശം സമര്‍പ്പിക്കാന്‍ ഭക്ഷ്യമന്ത്രിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കുമ്പോള്‍ നിലവിലെ റേഷന്‍വിതരണ സംവിധാനത്തിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഭക്ഷ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയത്. റേഷന്‍ മേഖലയിലെ പ്രതിസന്ധി വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് മന്ത്രിസഭായോഗം ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്.
കരട് മുന്‍ഗണനാ പട്ടികയനുസരിച്ച് സംസ്ഥാന ലിസ്റ്റിലുള്ളവര്‍ ഉള്‍പ്പെടെ 28 ലക്ഷം കുടുംബങ്ങളാണ് ബിപിഎല്‍ പട്ടികയിലുള്ളത്. അന്ത്യോദയ, അന്നയോജന പദ്ധതിപ്രകാരം റേഷന്‍ ആനൂകൂല്യം ലഭിക്കുന്ന ആറുലക്ഷം ഉപഭോക്താക്കള്‍ കൂടിച്ചേരുമ്പോള്‍ മുന്‍ഗണനാ പട്ടിക 34 ലക്ഷമാവും. ഇപ്പോള്‍ സൗജന്യമായി അരി ലഭിക്കുന്ന അര്‍ഹരായ മുഴുവന്‍ പേര്‍ക്കും തുടര്‍ന്നും ഇതേഅളവില്‍ അരി നല്‍കും. അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കും. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് എത്ര രൂപയ്ക്ക് അരി നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ഇതും നിയമം നടപ്പാക്കുമ്പോഴുണ്ടാവുന്ന സാമ്പത്തികബാധ്യത സംബന്ധിച്ചും ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും തിങ്കളാഴ്ച റിപോര്‍ട്ട് നല്‍കും.
കേന്ദ്ര ഭക്ഷ്യഭദ്രതാനിയമത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന മുന്‍ഗണനാ പട്ടികയില്‍ ബിപിഎല്ലില്‍പ്പെട്ട പലരും എപിഎല്‍ വിഭാഗത്തിലേക്ക് തള്ളപ്പെട്ടതായി വ്യാപകമായ പരാതികളുയര്‍ന്നിരുന്നു. നിയമസഭയില്‍ പ്രതിപക്ഷവും ഇക്കാര്യത്തില്‍ തിരുത്തലുകള്‍ വേണമെന്നാവശ്യപ്പെട്ട് രംഗത്ത്‌വന്നിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് പട്ടിക പുനക്രമീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ 20ന് ഹൈക്കോടതിയുടെ മുമ്പില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ പോലിസ് ലാത്തിച്ചാര്‍ജിനെപ്പറ്റി അന്വേഷിക്കുന്നതിന് റിട്ട. ജസ്റ്റിസ് പി എ മുഹമ്മദിനെ കമ്മീഷനായി മന്ത്രിസഭായോഗം നിശ്ചയിച്ചു. പോലിസ് ലാത്തിച്ചാര്‍ജിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും അന്വേഷിക്കുക. ജഡ്ജിമാരുടെ ലഭ്യതക്കുറവ് കാരണം സിറ്റിങ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചതിനെത്തുടര്‍ന്നാണ് റിട്ട. ജസ്റ്റിസിനെ കമ്മീഷനായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. വനംവകുപ്പ് മേധാവി സ്ഥാനത്തുനിന്ന് ഡോ. ബ്രാന്‍ഡ്സ്റ്റന്‍ എസ് കോറിയെ മാറ്റി. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായാണ് കോറിക്ക് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. എസ്‌സി ജോഷിയാണ് പുതിയ വനംവകുപ്പ് മേധാവി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക