|    Mar 29 Wed, 2017 1:16 am
FLASH NEWS

ബിന്‍ലാദിന്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് മകന്‍

Published : 11th July 2016 | Posted By: SMR

ദുബയ്: അല്‍ഖാഇദ നേതാവ് ഉസാമാ ബിന്‍ലാദിന്റെ കൊലയ്ക്ക് യുഎസിനോടു പകരം ചോദിക്കുമെന്ന് ബിന്‍ ലാദിന്റെ മകന്‍ ഹംസ ബിന്‍ലാദിന്റെ ഭീഷണി. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ശബ്ദസന്ദേശത്തിലാണു ഭീഷണിയുള്ളത്. 21 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തില്‍ ‘ഞങ്ങളെല്ലാവരും ഉസാമയാണ്’ എന്ന് ഹംസ പറയുന്നുണ്ട്. എസ്‌ഐഇടി രഹസ്യാന്വേഷണ വിഭാഗമാണ് റിപോര്‍ട്ട് പുറത്തുവിട്ടത്. യുഎസിനെതിരായുള്ള സായുധ ആക്രമണങ്ങള്‍ തുടരുമെന്നും മകന്‍ ഹംസ ബിന്‍ലാദന്‍ പറയുന്നു.
‘നിങ്ങളുടെ രാജ്യത്തും വിദേശത്തും ഞങ്ങള്‍ നിങ്ങളെ ലക്ഷ്യം വയ്ക്കുന്നതു തുടരും’. ഫലസ്തീന്‍, അഫ്ഗാനിസ്താന്‍, സിറിയ, ഇറാഖ്, യമന്‍, സോമാലിയ തുടങ്ങിയ ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ നിങ്ങളുടെ അതിക്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണിത്. ബിന്‍ ലാദിനെ കൊലപ്പെടുത്തിയതിനു മാത്രമല്ല, ഇസ്‌ലാമിനെ തകര്‍ക്കുന്നതിനുള്ള പ്രതികാരം കൂടിയാണിതെന്നും ഹംസ പറഞ്ഞു. 2001 സപ്തംബര്‍ 11ന് യുഎസിലെ ലോകവ്യാപാര നിലയത്തിലുണ്ടായ ആക്രമണത്തിനു പിന്നാലെ യുഎസ് അല്‍ഖാഇദ നേതാക്കള്‍ക്കെതിരേ അന്വേഷണം ശക്തമാക്കി. ഈ സമയം, ബിന്‍ ലാദിനുള്‍പ്പെടെയുള്ള അല്‍ഖാഇദ നേതാക്കള്‍ പാകിസ്താനിലേക്കു നീങ്ങി. ഹംസയും അന്ന് ബിന്‍ ലാദിന്റെ കൂടെയുണ്ടായിരുന്നതായി ബ്രുക്കിങ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ പുറത്തുവിട്ട റിപോര്‍ട്ട് കാണിക്കുന്നു. 2011ലാണ് പാകിസ്താനില്‍ വച്ച് യുഎസ് കമാന്‍ഡോകള്‍ ബിന്‍ ലാദിനെ കൊലപ്പെടുത്തിയത്. അല്‍ഖാഇദയുടെ നേതൃസ്ഥാനത്തേക്ക് യുവാവായ ഹംസ വന്നേക്കുമെന്ന സൂചനകളുണ്ട്. ഹംസ അപകടകാരിയായ ശത്രുവായേക്കുമെന്ന് ബ്രൂക്കിങ്‌സിന്റെ ബ്രൂസ് റിയേഡെല്‍ മുന്നറിയിപ്പു നല്‍കുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day