|    Nov 21 Wed, 2018 1:04 am
FLASH NEWS

ബിന്ദുവിന്റെ സമരത്തിന് പിന്തുണയേറുന്നു

Published : 4th August 2018 | Posted By: kasim kzm

മാള: നീതിക്കുവേണ്ടി അന്നമനട പാലിശ്ശേരി എസ്എന്‍ഡിപി സ്‌കൂളിന് മുമ്പില്‍ ബിന്ദുവെന്ന വിധവയും മക്കളും നടത്തുന്ന സത്യഗ്രഹ സമരം 12ാം ദിവസത്തിലേക്ക്. സ്‌കൂളില്‍ 13 മാസം ചെയ്ത ജോലിയോ ജോലിക്ക് വേണ്ടി നല്‍കിയ പണം തിരികെ നല്‍കുകയോ ചെയ്യണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസം 24ന് തുടങ്ങിയ സമരത്തിന് ഓരോദിനം കഴിയുംതോറും പിന്തുണ ഏറുകയാണ്.
മനുഷ്യാവകാശ കമ്മീഷന്‍ വരെ ഇടപെട്ടിട്ടും സ്‌കൂള്‍ നിയന്ത്രിക്കുന്ന മാനേജ്‌മെന്റിന് കുലുക്കമൊന്നുമില്ല. ഇതിനിടയില്‍ രാഷ്ട്രീയ, സാമൂഹിക നേതാക്കളും മറ്റും സമരപ്പന്തലിലെത്തി പിന്തുണയറിയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാള കാര്‍മല്‍ കോളജിലെ മുന്‍ പ്രഫസറും പരിസ്ഥിതി പ്രവര്‍ത്തകയുമായ പ്രഫ. കുസുമം ജോസഫും മൂഴിക്കുളം ശാല പ്രതിനിധി പ്രേംകുമാറും സമരപന്തല്‍ സന്ദര്‍ശിക്കുകയും മാനേജര്‍, സെക്രട്ടറി എന്നിവരോട് വിശദീകരണം ചോദിക്കുകയും ചെയ്തു.
വിശദീകരണങ്ങള്‍ക്ക് വ്യക്തതയുള്ള മറുപടി നല്‍കാന്‍ മാനേജര്‍ക്കും സെക്രട്ടറിക്കും സാധിച്ചില്ല. ബിന്ദുവിനു കൊടുക്കാനുള്ള 17.35 ലക്ഷം രൂപയുടെ മുഴുവന്‍ ഉത്തരവാദിത്വം ഇപ്പോഴത്തെ ഭരണ സമിതിക്കാണെന്ന് തെളിവുകളില്‍ നിന്ന് മനസിലായ സാഹചര്യത്തില്‍ ബിന്ദുവിന് സമര പിന്തുണയുമായി തങ്ങള്‍ വരുമെന്നും സമരമുഖത്ത് കാണുമെന്നും സമരത്തെ അഭിസംബോധന ചെയ്ത് പ്രഫ. കുസുമം ജോസഫ് പറഞ്ഞു.
വരും ദിവസങ്ങളില്‍ സിപിഐ അടക്കമുള്ള രാഷ്ട്രീയ കക്ഷികളും സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss