|    Oct 18 Thu, 2018 12:08 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ബിനോയിക്ക് ദുബയില്‍ യാത്രാവിലക്ക്

Published : 6th February 2018 | Posted By: kasim kzm

കബീര്‍  എടവണ്ണ

ദുബയ്/തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകന്‍ ബിനോയ് ബാലകൃഷ്ണന് ദുബയില്‍ നിന്നു മടങ്ങാന്‍ വിലക്ക്. തട്ടിപ്പിനിരയായ ജാസ് ടൂറിസം ഉടമയും യുഎഇ പൗരനുമായ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി നല്‍കിയ കേസിലാണ് ദുബയ് സിവില്‍ കോടതി വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്. ഈ മാസം ഒന്നിനാണ് 102/2018/69 എന്ന കേസ് നമ്പര്‍ പ്രകാരം ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയോ രാജ്യം വിടാന്‍ ബിനോയ് ശ്രമിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞമാസം 25ന് തന്റെ പേരില്‍ ഒരു കേസും നിലവിലില്ലെന്നു കാണിച്ച് ദുബയ് പോലിസിന്റെയും കോടതിയുടെയും സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. അതിനുശേഷമാണ് ബിനോയ് യുഎഇയിലേക്ക് പോയത്. പത്തുലക്ഷം ദിര്‍ഹം (1.74 കോടി രൂപ) നല്‍കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നുവെന്നാണ് നോട്ടീസില്‍ പറയുന്നത്. ഈ പണം തിരിച്ചടയ്ക്കുകയോ ഉചിതമായ ഗ്യാരന്റി നല്‍കുകയോ വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കുകയോ ചെയ്താല്‍ വിലക്ക് നീക്കാന്‍ കഴിയുമെന്നാണ് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനിടെ, ബിനോയ് നാട്ടിലേക്കു വരാന്‍ വിമാനത്താവളത്തിലേക്ക് പോവുകയോ അവിടെ തടഞ്ഞുവയ്ക്കുകയോ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് സഹോദരന്‍ ബിനീഷ് കോടിയേരി അറിയിച്ചു. സിവില്‍ നടപടികള്‍ നേരിടാന്‍ സന്നദ്ധനായി തന്നെയാണ് ബിനോയ് ദുബയില്‍ തുടരുന്നത്. ദുബയ് നിയമപ്രകാരം സിവില്‍ കേസ് കൊടുക്കാന്‍ എതിര്‍കക്ഷിക്ക് അവകാശമുണ്ട്. അവര്‍ ഫെബ്രു. 1ന് കേസ് ഫയല്‍ ചെയ്തപ്പോള്‍ യാത്രാവിലക്ക് ആവശ്യപ്പെട്ടു. ഇതിന്റെ ഫലമായാണ് ഇപ്പോഴുള്ള യാത്രാവിലക്ക്. തുടര്‍ നിയമനടപടികള്‍ ബിനോയ് സ്വീകരിച്ചുവരുകയാണ്. ബിനോയ് സ്വമേധയാ ദുബയിലേക്ക് പോവുകയാണുണ്ടായത്. 13 കോടി രൂപയുടേതല്ല മറിച്ച്, ഒരു കോടി 72 ലക്ഷം രൂപയുടെ സിവില്‍ വ്യവഹാരം മാത്രമാണുള്ളതെന്ന് ഇപ്പോള്‍ വ്യക്തമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.പ്രായപൂര്‍ത്തിയായ മക്കള്‍ ഉപജീവനത്തിനായി ചെയ്യുന്ന ബിസിനസ്സുകള്‍ അച്ഛന്റെ സ്വാധീനമുപയോഗിച്ചാണ് ചെയ്യുന്നത് എന്ന് പ്രചരിപ്പിക്കുന്നതു ശരിയല്ല. രാജ്യത്തിനു പുറത്ത് രണ്ടു വ്യക്തികള്‍ തമ്മില്‍ ബിസിനസ് ആവശ്യത്തിനായി കടമെടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കേസിലേക്കും മറ്റു വ്യവഹാരങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെട്ടത്. ഇതില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ അറബ് വംശജനായ ഒരു വ്യക്തിയെ ഏതുതരത്തിലാണ് സ്വാധീനിച്ചതെന്നും ബിനീഷ് ചോദിച്ചു. താനും സഹോദരനും പ്രായപൂര്‍ത്തിയായ വ്യക്തികളാണ്. തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നല്ലതായാലും ചീത്തയായാലും അതിന്റെ ഫലം അനുഭവിക്കേണ്ടത് തങ്ങള്‍ തന്നെയാണ്. അതില്‍ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെയോ പാര്‍ട്ടിയെയോ ഉള്‍പ്പെടുത്തേണ്ടതില്ല. അച്ഛന്‍ പാര്‍ട്ടി സെക്രട്ടറി ആയിപ്പോയതുകൊണ്ട് അദ്ദേഹത്തെ അതിലേക്ക് വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ല. . പാര്‍ട്ടി സമ്മേളനം നടക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ കുത്തിപ്പൊക്കി കൊണ്ടുവരുന്നതൊക്കെ എന്തിനാണെന്നറിയാം.  കേസില്‍ രാഹുല്‍ കൃഷ്ണയടക്കം ആരെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ തയ്യാറല്ല.  ഒരാഴ്ചയ്ക്കുള്ളില്‍ ബിനോയിക്ക് വീണ്ടും അപ്പീല്‍ നല്‍കാം. കേസ് തീരുന്നതു വരെ ബിനോയ് ദുബയില്‍ നില്‍ക്കും. തിടുക്കപ്പെട്ട് ഇവിടെ വന്നിട്ട് അത്യാവശ്യമൊന്നുമില്ലെന്നും ബിനീഷ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss