|    Mar 22 Thu, 2018 7:41 pm
FLASH NEWS
Home   >  Arts & Literature   >  

ബിനാലെ: കേരളം നേടിയതെന്ത്?

Published : 1st August 2015 | Posted By: admin

അബ്ദുല്ല പേരാമ്പ്ര

ഒരു ഇറ്റാലിയന്‍ പദമാണ് ബിനാലെ. ‘രണ്ടുവര്‍ഷം കൂടുമ്പോള്‍’ എന്ന് അര്‍ഥം. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന കലാമാമാങ്കമാണ് ബിനാലെ. 1895ലാണ് ഈ കലാമേളയ്ക്ക് വെനീസില്‍ തുടക്കം കുറിക്കുന്നത്. അന്നുതന്നെ ലോകശ്രദ്ധ ആകര്‍ഷിച്ച ഒരു കലാരൂപമായി ജനങ്ങള്‍ അതിനെ സ്വീകരിച്ചു.
അതിന്റെ പ്രചോദനഫലമായാണ് കേരളത്തിലേക്ക് ഈ മേള കടന്നുവരുന്നത്. ഫോര്‍ട്ട്‌കൊച്ചിയില്‍ 2012ലായിരുന്നു അതിന്റെ തുടക്കം. മേളയുടെ ആലോചനകള്‍ നടക്കുന്ന കാലത്തുതന്നെ അതിന്റെ നടത്തിപ്പിലെ സാങ്കേതികവും പ്രായോഗികവുമായ പ്രശ്‌നങ്ങളെക്കുറിച്ചു വിവാദങ്ങളും ഉയരുകയുണ്ടായി. എത്രതന്നെ സൂക്ഷ്മമായി നടത്തപ്പെട്ടാലും ഇത്തരം കലാമേളകളുടെ കൂടപ്പിറപ്പാണ് വിവാദങ്ങള്‍; കേരളത്തിലാവുമ്പോള്‍ പ്രത്യേകിച്ചും.
എങ്കിലും കേരളത്തിലെ കലാപ്രേമികള്‍ക്കു മാത്രമല്ല, കാലങ്ങളായി കലയെ ഉപാസിച്ചു ജീവിതം നീക്കുന്ന ധാരാളം ചിത്രകാരന്മാര്‍ക്കും ശില്‍പ്പികള്‍ക്കും ഈ കലോല്‍സവം പ്രതീക്ഷകള്‍ നല്‍കിയിരുന്നു. പൊതുവേ ചിത്രങ്ങള്‍ക്കോ ശില്‍പ്പങ്ങള്‍ക്കോ വിപണിയില്ലാത്ത നമ്മുടെ സമൂഹത്തില്‍ ഇത്തരം വിപണനമേളകള്‍ ഒരുപരിധിവരെ കലാകാരന്മാര്‍ക്കു പ്രോല്‍സാഹനമാവുമെന്നു തെറ്റിദ്ധരിച്ചെങ്കില്‍ അതില്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
ഏതൊരു കലാമേളയുടെയും മേന്മ പരിഗണിക്കപ്പെടുന്നത് അതു വിപണനം ചെയ്യുന്നതിലെ സാധ്യതകള്‍ വച്ചുകൊണ്ടാണ്. ദേശാന്തരങ്ങള്‍ തമ്മിലുള്ള ഒരു ഇഴുകിച്ചേരല്‍ ഇതുകൊണ്ടു സാധ്യമാവുന്നുണ്ട്. വിദേശ ചിത്രകാരരെയും മറ്റും നമ്മുടെ കലാസ്വാദകര്‍ക്കു തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും കഴിയുക എന്ന വലിയ സാധ്യതയാണത്. മറിച്ചും സംഭവിക്കുന്നുണ്ട്. കേരളത്തിലെ ചിത്രകലാസങ്കേതങ്ങളും ചിത്രകലാപാരമ്പര്യവും അന്യദേശത്ത് എത്തിക്കുക എന്ന വലിയ ലക്ഷ്യവും അതിനു പിറകിലുണ്ടായിരിക്കണം. ഇതില്ലെങ്കില്‍ ബിനാലെയെന്നല്ല ഒരു കലാമേളയ്ക്കും പ്രസക്തിയുണെ്ടന്നു വിശ്വസിക്കാന്‍ കഴിയില്ല.
2012ല്‍ കൊച്ചിയിലെ ആദ്യ ബിനാലെ വലിയ പ്രാധാന്യത്തോടെയാണു മാധ്യമലോകവും ഭരണകൂടവും കലാസ്വാദകരും കൊണ്ടാടിയതെങ്കിലും, മേള കഴിയുമ്പോഴേക്കും വിവാദങ്ങള്‍ ഉയര്‍ന്നുവരുകയാണുണ്ടായത്. അതിന്റെ സംഘാടകര്‍തന്നെ അതിനു വളവും വെള്ളവും നല്‍കി എന്നുവേണം പറയാന്‍. ഏറ്റവും വലിയ ആരോപണങ്ങളില്‍ ഒന്നായിരുന്നു പ്രാദേശിക കലാകാരന്മാരെ അവഗണിച്ചു എന്നത്. ബിനാലെ ലക്ഷ്യമിട്ട സാംസ്‌കാരികക്കൈമാറ്റം കലയുടെ വിനിമയത്തിലൂടെ സാധ്യമായില്ല എന്നര്‍ഥം. ചിത്രകലയായാലും സാഹിത്യമായാലും ശില്‍പ്പകലയായാലും അതിന്റെ ജനകീയത പരസ്പരമുള്ള കൈമാറ്റത്തിലൂടെ മാത്രമേ ഉയര്‍ന്നുവരുകയുള്ളൂ.
2012ലെയും 2014ലെയും ബിനാലെകളുടെ വലിയ ഒരു പോരായ്മ പ്രകടനപരതക്കപ്പുറം അതു കടന്നുചെന്നില്ല എന്നതുതന്നെയാണ്. മുപ്പതോളം രാജ്യങ്ങളില്‍നിന്ന് 94ല്‍പ്പരം കലാകാരന്മാര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഉണ്ടാവേണ്ടിയിരുന്ന വിസ്മയകരമായ കലാപ്രകടനം എന്തുകൊണേ്ടാ നിറംമങ്ങിയതായി അനുഭവപ്പെട്ടു. ഇവരുടെ 100ലേറെ കലാരചനകള്‍ ആസ്വാദകന്റെ മനസ്സില്‍ എന്തു വികാരവും ചിന്തയുമാണു ബാക്കിവച്ചത് എന്ന ചോദ്യം പ്രസക്തമാകുന്നു.
കേരളത്തില്‍നിന്നു പാരിസ് അടക്കമുള്ള യൂറോപ്യന്‍രാജ്യങ്ങളിലേക്കു നമ്മുടെ വിഖ്യാതചിത്രകാരന്മാരെല്ലാം കുടിയേറുന്നതിന് ഒരു മുഖ്യകാരണം തങ്ങളുടെ സൃഷ്ടികള്‍ക്ക് ഇവിടെ വിപണനസാധ്യതയില്ല എന്നതാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കേരളത്തില്‍ ജീവിക്കുന്ന പല ചിത്രകാരന്മാരുടെയും ജീവിതചരിത്രം പരിശോധിച്ചാല്‍, ജീവിക്കാന്‍ വേണ്ടി മറ്റു പല ജോലികളും ചെയ്യേണ്ട ഗതികേടുള്ളവരാണെന്നു മനസ്സിലാവും. ഒരുവര്‍ഷത്തില്‍ ഒന്നുപോലും വിറ്റുപോവാത്ത പ്രശസ്തരും അപ്രശസ്തരുമായ കലാകാരന്മാരുടെ എത്രയോ ചിത്രങ്ങളുണ്ട്.
വല്ലപ്പോഴും കീശയില്‍നിന്നു പണം മുടക്കി നടത്തപ്പെടുന്ന ചിത്രകലാപ്രദര്‍ശനങ്ങളില്‍ ഒരു പൊങ്ങച്ചത്തിനു വേണ്ടി ആര്‍ട്ട്ഗാലറികള്‍ സന്ദര്‍ശിച്ചു തിരിച്ചിറങ്ങുന്നവരാണു പലരും. ഏറിവന്നാല്‍ ഏതെങ്കിലും പത്രത്തിന്റെ ഉള്‍പേജില്‍ ഒരു പെട്ടിക്കോളം വാര്‍ത്ത വന്നാലായി, അത്രതന്നെ. മുംബൈ, ഡല്‍ഹി മുതലായ വന്‍നഗരങ്ങളില്‍ സമ്പന്നരായ ചിലരെങ്കിലും തങ്ങളുടെ വീടിന്റെ സ്വീകരണമുറി അലങ്കരിക്കാന്‍ വിഖ്യാതചിത്രകാരന്മാരുടെ പെയിന്റിങുകള്‍ വാങ്ങിയേക്കാം. അതിലേറെ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.
എന്നാല്‍, യൂറോപ്പില്‍ ഇങ്ങനെയല്ല സ്ഥിതി. അവര്‍ പ്രതിഭയുള്ള ചിത്രകാരന്മാരെ അകമഴിഞ്ഞു പ്രോല്‍സാഹിപ്പിക്കുന്നവരാണ്. കേരളത്തില്‍നിന്നു വര്‍ഷങ്ങള്‍ക്കു മുമ്പേ പാരിസിലേക്കു കുടിയേറിയ പാരിസ് വിശ്വനാഥന്‍, പാരിസ് മോഹന്‍കുമാര്‍ എന്നീ ചിത്രകാരന്മാര്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ബിനാലെ പോലുള്ള ആര്‍ട്ട് എക്‌സിബിഷനുകളെ വലിയ പ്രതീക്ഷയോടെയാണ് പ്രാദേശിക കലാകാരന്മാര്‍ നോക്കിക്കാണുക. എന്നാല്‍, ഇവരെ അവഗണിച്ചതോടെ ആ സാധ്യതയും മങ്ങി.
സര്‍ക്കാരിന്റെ സഹായം ബിനാലെയ്ക്കു നല്‍കിയത് ചെറിയ കാര്യമല്ല. 12 കോടി രൂപയാണ് കേരള സര്‍ക്കാര്‍ ഇതിലേക്കു നീക്കിവച്ചത്. ഇത് ആര്‍ക്കു വേണ്ടിയെന്ന ചോദ്യം തീര്‍ച്ചയായും  പ്രസക്തമാണ്. കാരണം, ഈ തുക സര്‍ക്കാരിന്റെ ഖജനാവില്‍നിന്നു നല്‍കിയതാണ്. അതു ജനങ്ങളുടെ നികുതിപ്പണമാണ്. കേരളത്തിലെ കലാകാരന്മാരെ അവഗണിച്ചുകൊണ്ടുള്ള ഈ മേളയ്ക്ക് സര്‍ക്കാര്‍ കൊടുത്ത ധനസഹായം ആരെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്? ബിനാലെ കൊണ്ട് രക്ഷപ്പെട്ട എത്ര ഇന്ത്യന്‍ ചിത്രകാരന്മാരുണ്ട്? എത്ര ചിത്രകാരന്മാരുടെ രചനകള്‍ വിദേശത്തെത്തി? ബിനാലെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്നതു നേട്ടങ്ങളില്ലായ്മയുടെ ഒരു മേളയായിട്ടായിരിക്കും.
സര്‍ക്കാര്‍ നല്‍കിയ കോടികള്‍ കൈപ്പറ്റി, ഒപ്പം കലാസ്വാദകരില്‍നിന്നു ഫീസ് ഈടാക്കിക്കൊണ്ടുള്ള ഒരു ‘തട്ടിപ്പി’നും ബിനാലെ സംഘാടകര്‍ തുനിഞ്ഞിറങ്ങിയെന്നാണ് കലാസാംസ്‌കാരികരംഗത്തെ പല പ്രമുഖരും രോഷംകൊണ്ടത്. ആദ്യ ബിനാലെയില്‍ 25 ദിവസത്തോളം പ്രവേശനം സൗജന്യമായിരുന്നെങ്കില്‍, 2014ലെ ബിനാലെ സന്ദര്‍ശകരില്‍നിന്ന് 100 രൂപ ഫീസിനത്തില്‍ വസൂലാക്കി. സാമ്പത്തികബാധ്യതയാണ് ഇതിനു പ്രേരകമെങ്കില്‍, പിരിച്ചെടുത്ത തുകയുടെ കണക്കും എവിടെയെല്ലാം പണച്ചോര്‍ച്ച നടന്നുവെന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്.
30 രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ പങ്കെടുത്തിട്ടും അലങ്കരിക്കപ്പെട്ട വേദികളല്ലാതെ, സന്ദര്‍ശക ബാഹുല്യം ഇത്തവണത്തെ ബിനാലെയെ രക്ഷിച്ചില്ല. രണ്ടു കിലോമീറ്റര്‍ ചുറ്റളവിലെ വേദികളില്‍ ഒരു ദിവസത്തെ സന്ദര്‍ശകരുടെ കണക്കെടുത്താല്‍ നാം അദ്ഭുതപ്പെട്ടുപോകും. അത്രയും പരിമിതമാണത്. ബിനാലെയുടെ തുടക്കം മുതല്‍ അതിന്റെ സംഘാടകര്‍ അവകാശപ്പെട്ട രീതിയിലാണെങ്കില്‍ മാധ്യമപിന്തുണയും പരസ്യപിന്തുണയും വച്ചുനോക്കിയാല്‍ കൊച്ചിനഗരം ശരിക്കും നിന്നു വിയര്‍ക്കേണ്ടതാണ്. എന്നാല്‍, പലയിടങ്ങളും സന്ദര്‍ശകരില്ലാതെ ഒഴിഞ്ഞുകിടന്നു. 26 കോടി രൂപ ചെലവു കണക്കാക്കിയ ബിനാലെ സര്‍ക്കാര്‍ ധനസഹായം കഴിച്ചാല്‍ ബാക്കി തുക സ്വകാര്യകമ്പനികളും മറ്റും ഫണ്ടായി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഡിറ്റ് ഉണ്ടാവുമോയെന്നു  കാത്തിരുന്നു കാണേണ്ടിവരും.
കലയുടെ പേരിലുള്ള കോമാളിത്തം ചോദ്യംചെയ്യപ്പെടേണ്ടതാണ്. മൂന്നു മാസക്കാലമാണ് ബിനാലെ കൊണ്ടാടപ്പെട്ടത്. പങ്കെടുത്ത പല വിദേശ കലാകാരന്മാരുടെയും രചനകള്‍ മേന്മയില്ലാത്തവയായിരുന്നു. പല ഇന്‍സ്റ്റലേഷനുകളും പ്രഹസനങ്ങളായി. മഹത്തായ കല എന്നു കൊട്ടിഘോഷിക്കപ്പെട്ട് കടല്‍ കടന്ന് എത്തിയ ഈ രചനകള്‍ ഒരു സാധാരണ ചിത്രകാരനോ ശില്‍പ്പിക്കോ ചെയ്യാവുന്നതിലപ്പുറമൊന്നുമല്ല എന്നു വിമര്‍ശിക്കുന്നവരുണ്ട്.
കഴിഞ്ഞ ബിനാലെയില്‍ മൂന്നുലക്ഷത്തില്‍പ്പരം സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. ഇത്തവണ അതു നാലുലക്ഷമായി ടാര്‍ഗറ്റ് ചെയ്യപ്പെട്ടെങ്കിലും വന്നുപോയ ആളുകളുടെ കണക്ക് ഒരു രണ്ടാംവട്ട ചിന്തയ്ക്ക് പ്രേരകമാവേണ്ടതാണ്.
കലയിലും കലേതരമായ എന്തിലും പാശ്ചാത്യനെ അനുകരിക്കുക എന്ന കേരളീയന്റെ മാനസികമായ അടിമത്തത്തിന്റെ ഭാഗമായി വേണം ബിനാലെയെ നിരീക്ഷിക്കാന്‍. യൂറോപ്പിന്റെ ആശയമണ്ഡലങ്ങള്‍ക്കു കേരളത്തില്‍ വേരുകളുണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ കവിഞ്ഞ് മറ്റെന്താണ് ബിനാലെയുടെ രാഷ്ട്രീയലക്ഷ്യം? ജനങ്ങളിലേക്കും ജനകീയതയിലേക്കും കലയെ പ്രതിഷ്ഠിക്കുക എന്ന ആത്യന്തികലക്ഷ്യത്തെ പ്രാദേശിക കലാകൂട്ടായ്മയിലൂടെ സാധ്യമാക്കുന്ന ഒരു കാലത്തെയാണു കലാസ്വാദകര്‍ സ്വപ്നം കാണുന്നത്.
അതിനു തികച്ചും വിരുദ്ധമായ ഒരു നയം സ്വീകരിക്കുകവഴി ബിനാലെയുടെ സംഘാടകരും ഭരണകൂടവും ഒരേപോലെ കുറ്റവാളികളാണ്. സമകാലികലോകത്ത് വേറിട്ട ചിന്തയും കാഴ്ചപ്പാടും കൊണ്ട് വ്യത്യസ്തമാവേണ്ട ഒന്നിനെ കെട്ടുകാഴ്ചകളാക്കി തരംതാഴ്ത്തിയതാണ് ബിനാലെയുടെ പരിമിതി.
കൊച്ചിയുടെ സാംസ്‌കാരിക-കലാമണ്ഡലത്തെ കാലങ്ങളായി പരിപോഷിപ്പിച്ചുവരുന്ന അശരണരായ പ്രതിഭകളെ തഴഞ്ഞതിലൂടെ ബിനാലെയുടെ സംഘാടകരും സര്‍ക്കാരും കാണിച്ചത് വലിയ തെറ്റാണ്. ഈ വര്‍ഷത്തെ ബിനാലെ തരംതാഴാനും നിറംകെടാനും കാരണമായതും അതുതന്നെ. ഇനിയും ആഘോഷിക്കപ്പെടാനുള്ള ബിനാലെയ്ക്ക് ഇതൊരു പാഠമായാല്‍ അത്രയും നന്ന്.

Read more on:
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക