|    Dec 15 Sat, 2018 6:00 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബിനാലെയില്‍ ഒരുങ്ങുന്നത് 11 മലയാളി കലാകാരന്മാരുടെ പ്രതിഷ്ഠാപനങ്ങള്‍

Published : 30th November 2018 | Posted By: kasim kzm

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തില്‍ ഒരുങ്ങുന്നത് 11 മലയാളി കലാകാരന്മാരുടെ പ്രതിഷ്ഠാപനങ്ങള്‍. ഇന്ത്യന്‍ കലാവിപ്ലവത്തിന്റെ റാഡിക്കല്‍ ഗ്രൂപ്പിന്റെ നായകത്വം വഹിച്ച അന്തരിച്ച കെ പി കൃഷ്ണകുമാറിന്റെ സൃഷ്ടികളില്‍ നിന്ന് തിരഞ്ഞെടുത്തത് അടക്കമുള്ളവയാണ് ബിനാലെ നാലാം ലക്കത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 30ാം ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുക കൂടിയാണ് ബിനാലെ. 2012ലെ ആദ്യ ബിനാലെയിലും കെ പി കൃഷ്ണകുമാറിന്റെ സൃഷ്ടി ഉള്‍പ്പെടുത്തിയിരുന്നു.
ജിതീഷ് കല്ലാട്ട്, കെ പി ജയശങ്കര്‍, ആര്യ കൃഷ്ണന്‍, രാമകൃഷ്ണന്‍, മോച്ചു സതീഷ്, വി വി വിനു, ഊരാളി, വിപിന്‍ ധനുര്‍ധരന്‍, ശാന്ത, വേദ തൊഴൂര്‍ കൊല്ലേരി എന്നിവരാണ് ബിനാലെ നാലാം ലക്കത്തില്‍ പങ്കെടുക്കുന്ന മറ്റു മലയാളികള്‍.
സമകാലിക കലയുടെ വാണിജ്യവത്കരണത്തിനെതിരേ പ്രവര്‍ത്തിച്ച കേരള ബറോഡ മുന്നേറ്റത്തില്‍ സജീവ പങ്കുവഹിച്ച വ്യക്തിയാണ് ബിനാലെ നാലാം ലക്കത്തിന്റെ ക്യൂറേറ്ററായ അനിത ദുബെ. കലാസൃഷ്ടികളുടെ സൗന്ദര്യവും രാഷ്ട്രീയവും മുന്നിട്ടുനില്‍ക്കണമെന്ന വീക്ഷണമാണ് ഇവര്‍ മുന്നോട്ടുവച്ചത്. കേരളത്തില്‍ ഏറെ പ്രതിഭാധനരുണ്ട്. കേരളത്തിലെ കലാകാരന്മാരുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷം നല്‍കി. ഏറെ ശ്രദ്ധയോടെയും താല്‍പര്യത്തോടെയുമാണ് അവര്‍ തങ്ങളുടെ സൃഷ്ടിയെ കാണുന്നത്. സൃഷ്ടികളുടെ ശക്തി തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ പ്രാദേശികമെന്നോ അന്താരാഷ്ട്രമെന്നോ കലാകാരന്മാരെ വിലയിരുത്താന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു.
പ്രകൃതിദൃശ്യങ്ങളുടെ ചിത്രമാണ് മലയാളി കലാകാരന്‍ പി ആര്‍ സതീഷിന്റെ ഇഷ്ടവിഷയം. ഇത് അത്തരം ദൃശ്യങ്ങള്‍ മാത്രമല്ലെന്നും തന്റെ ചുറ്റുമുള്ള ലോകത്തിന്റെ വ്യാഖ്യാനങ്ങളാണെന്നും സതീഷ് പറഞ്ഞു. ഇത് അവതരിപ്പിക്കുന്നതിനു വേണ്ടി അവയെ ആധാരമാക്കിയെന്നു മാത്രമേയുള്ളൂ. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ദേശീയ സ്‌കോളര്‍ഷിപ്പും കേരള ലളിതകലാ അക്കാദമിയുടെ ഗവേഷണ സഹായവും സതീഷിനു ലഭിച്ചിട്ടുണ്ട്.
തന്റെ ദലിത് പശ്ചാത്തലത്തില്‍ നിന്നാണ് ക്രിയാത്മകമായ പ്രചോദനം നേടിയതെന്ന് വി വി ബിനു പറഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തില്‍ ജനിച്ചതിനാല്‍ തന്നെ വിവേചനവും ദാരിദ്ര്യവും ഏറെ പരിചിതമാണെന്നും അദ്ദേഹം പറയുന്നു. പ്രതിമാ നിര്‍മാണത്തില്‍ വി വി വിനു ബിരുദം നേടിയിട്ടുണ്ട്.
ഊരാളി സംഗീത ബാന്‍ഡാണ് മൂന്നാമത്തെ മലയാളി സാന്നിധ്യം. നാടകം, കല, സംഗീതം എന്നിവയുടെ മിശ്രണമാണ് അവരുടെ രീതി. ലാറ്റിനമേരിക്കയില്‍ നിന്നു കാജോണ്‍, വോംബോ ഡ്രം, ആഫ്രിക്കയില്‍ നിന്നു ഡിജെംബെ, മെഡിറ്ററേനിയന്‍ മരുഭൂമിയില്‍ നിന്നു ബൗക്ക എന്നിവയെ കേരളത്തിലേക്ക് ഊരാളി എത്തിച്ചു.
ആദ്യ ബിനാലെ മുതല്‍ ബിനാലെ ഫൗണ്ടേഷനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വിപിന്‍ ധനുര്‍ധരനാണ് മറ്റൊരു മലയാളി സാന്നിധ്യം. ബിനാലെ സൃഷ്ടികള്‍ക്കായി അറിയാതെത്തന്നെ കൊച്ചിയിലെ തെരുവുകളിലേക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ സ്വദേശിയായ നെയ്ത്തു കലാകാരി ശാന്ത 1989ല്‍ കോഴിക്കോട്ടെ ബേപ്പൂരില്‍ കലാകേന്ദ്രം ആരംഭിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കലയ്ക്ക് സമകാലിക സ്വഭാവം നല്‍കുകയാണ് ശാന്ത. കലാകാരന്മാരെയും നെയ്ത്തുകാരെയും ഒരുമിച്ചുകൊണ്ടുവന്നാണ് സൃഷ്ടികള്‍ തയ്യാറാക്കുന്നത്.
2012ലെ ആദ്യ ബിനാലെ മുതല്‍ കേരളത്തിലെ കലാപ്രതിഭാശേഷിയും അടിസ്ഥാന സൗകര്യങ്ങളും വളര്‍ത്തുന്നതിനു വേണ്ടി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ ബോസ് കൃഷ്ണമാചാരി പറഞ്ഞു. ചെറുപ്പക്കാരും പരിചയസമ്പന്നരുമായ കലാകാരന്മാരുമായി ദൃഢമായ ബന്ധം വളര്‍ത്തിയെടുക്കാനായിട്ടുണ്ട്. കേരളത്തിലെ കലാകാരന്മാര്‍ക്ക് അന്താരാഷ്ട്ര വേദിയിലേക്കുള്ള അവസരം കൂടിയാണ് ബിനാലെയെന്ന് അദ്ദേഹം പറഞ്ഞു.
108 ദിവസം നീണ്ടുനില്‍ക്കുന്ന കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കം ഡിസംബര്‍ 12നാണ് തുടങ്ങുന്നത്. മാര്‍ച്ച് 29 വരെയാണ് ബിനാലെ പ്രദര്‍ശനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss