|    Jan 21 Sat, 2017 5:48 am
FLASH NEWS

ബിഡിജെഎസ് മണ്ഡലം ട്രഷററെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Published : 8th October 2016 | Posted By: Abbasali tf

കോഴിക്കോട്: ബിഡിജെഎസ് കുന്ദമംഗലം ഖജാഞ്ചിയും എസ്എന്‍ഡിപി യോഗം പൂവ്വാട്ടുപറമ്പ് ശാഖാ പ്രസിഡന്റുമായ പുത്തലത്ത് ചാലില്‍ പി സി ഗിരീഷിനെ (48) അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയെന്ന് പരാതി. വ്യാഴാഴ്ച രാത്രി 7.15ഓടെ വെള്ളിപറമ്പ് ആറേരണ്ടിലെ ഗുരുദേവ മന്ദിരത്തില്‍ യോഗത്തില്‍ പങ്കെടുക്കാനായി ഇറങ്ങിയ ഗിരീഷിനെ വെള്ള സുമോ കാറിലെത്തിയ സംഘം പിടിച്ചു കൊണ്ടു പോവുകയായിരുന്നു.സംഭവത്തെക്കുറിച്ച് വീട്ടുകാര്‍ പറയുന്നതിങ്ങനെ. ഗിരീഷ് വീട്ടില്‍ വച്ച് മഷി നോക്കുകയും ചരട് ജപിച്ച് കെട്ടിക്കൊടുക്കുകയും ചെയ്യാറുണ്ട്. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടു കൂടി അഞ്ചു പേരടങ്ങുന്ന സംഘം വീട്ടില്‍ മഷി നോക്കാനായി എത്തിയിരുന്നു.ഗിരീഷിന്റെ സുഹൃത്തുക്കളായ സതീശന്‍, രമേശന്‍ എന്നിവര്‍ മുഖേനയാണ് ഇവര്‍ ഗിരീഷിനടുത്ത് മഷി നോക്കാനെത്തുന്നത്. കാണാതായ മാല കണ്ടെത്തുവാനും ഒരു നിധിയെക്കുറിച്ച് അറിയാനുമാണ് ഇവര്‍ ഗിരീഷിനെ സമീപിച്ചത്. മഷി നോട്ടത്തിനു ശേഷം സംഘം തിരികെപ്പോയി. പിന്നീട് രാത്രി 7.20ഓടെ ഒരു കാര്‍ ഗിരീഷിന്റെ വീട്ടിലെത്തുകയും അതില്‍ നിന്നും പുറത്തിറങ്ങിയ രണ്ടു പേരില്‍ ഒരാള്‍ വീട്ടില്‍ കയറി പരിശോധന നടത്തിയതായി ഗിരീഷിന്റെ ഭാര്യ അമൃത പറയുന്നു. ഏറെ വൈകിയും ഗിരീഷിനെ കാണാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി. ഇന്നലെ രാവിലെ 11.40 ഓടെ ഗിരീഷ് തന്റെ മൊബൈലിലേക്ക് വിളിച്ചുവെന്നും താന്‍ ടൗണ്‍ പോലിസ് സ്‌റ്റേഷനിലുണ്ടെന്നും കുഴപ്പമില്ല, പേടിക്കണ്ടെന്നു പറഞ്ഞതായും അമൃത പറയുന്നു. പിന്നീട് ഉച്ചക്ക് 2.30ഓടെ ഗിരീഷ് വീണ്ടും വിളിച്ചു. ഒരു പക്ഷേ ഇന്നു വരാന്‍ സാധിക്കില്ലെന്നും, ഇതൊരു ഗൗരവകരമായ വിഷയമാക്കേണ്ടതില്ലെന്നും പറഞ്ഞു.ഗിരീഷിനെ കടത്തിക്കൊണ്ടു പോയതായി കാണിച്ച് അമൃത മെഡിക്കല്‍ കോളജ് പോലിസില്‍ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഗിരീഷ് ടൗണ്‍ പോലിസ് സ്‌റ്റേഷനിലുണ്ടെന്നു പറയുന്നത് ടൗണ്‍ പോലിസ് നിഷേധിച്ചു. ഗിരീഷിനെ തങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും അങ്ങനൊരാള്‍ സ്‌റ്റേഷനില്‍ ഇല്ലെന്നും ടൗണ്‍ പോലിസ് അധികൃതര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ സംഭവത്തില്‍ ദുരൂഹതയേറിയിരിക്കുകയാണ്. ഗിരീഷിനെ തട്ടിക്കൊണ്ടു പോയ സംഭവം സമഗ്രമായി അന്വേഷിക്കണമെന്ന് ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി സി അശോകന്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക