|    Jul 28 Fri, 2017 6:42 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ബിഡിജെഎസ് നേതാവ് സിപിഎം പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ച നിലയില്‍

Published : 30th August 2016 | Posted By: SMR

suicide

പറവൂര്‍: ബിഡിജെഎസ് പറവൂര്‍ നിയോജകമണ്ഡലം സെക്രട്ടറി വാവക്കാട് മഠത്തിശേരില്‍ വീട്ടില്‍ എം സി വേണു(49) സിപിഎം മൂത്തകുന്നം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു. ഇന്നലെ വൈകീട്ട് ആറരയോടെ പാര്‍ട്ടി പ്രവര്‍ത്തകനായ ഹരി ഓഫിസില്‍ ലൈറ്റ് ഇടാന്‍ ചെന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ വേണുവിനെ കണ്ടത്. ഉടന്‍തന്നെ ഇയാള്‍ സിപിഎം ഏരിയ കമ്മിറ്റിയംഗവും വടക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ കെ എം അംബ്രോസിനെ വിവരമറിയിച്ചു. അംബ്രോസിന്റെ ഭാര്യയുടെ അമ്മാവന്‍കൂടിയാണ് മരിച്ച വേണു. സംഭവത്തിനുമുമ്പായി അഞ്ചു മണിയോടെ പാര്‍ട്ടി ഓഫിസിനുസമീപം ഇയാള്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പാര്‍ട്ടി ഓഫിസിന്റെ രണ്ടാം നിലയിലാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. അതേസമയം വേണു തന്നെ ഉടന്‍തന്നെ കാണണമെന്നാവശ്യപ്പെട്ടതായി പഞ്ചായത്ത് പ്രസിഡന്റ് കെ എം അംബ്രോസ് പറഞ്ഞു. സ്ഥലത്തെത്തുന്നതിനു മുമ്പായി മരണവാര്‍ത്ത ലഭിച്ചതായും അദ്ദേഹം പറഞ്ഞു. മുംബൈയിലുള്ള തന്റെ സഹോദരനെ വിളിച്ചു തന്റെ മക്കളെ നോക്കണമെന്നും എന്നില്‍നിന്നും അരുതാത്തത് എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പാക്കണമെന്നും പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. സിപിഎമ്മിന്റെ വാവക്കാട് പ്രദേശത്തെ മുഴുവന്‍ സമയപ്രവര്‍ത്തകനായിരുന്നു വേണു. കഴിഞ്ഞ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സീറ്റ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് പാര്‍ട്ടി വിട്ട് ബിഡിജെഎസില്‍ ചേക്കേറിയത്. ശ്രീകൃഷ്ണജയന്തിയില്‍ ആര്‍എസ്എസിന്റെ അപ്രമാദിത്വം തടയാനായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം സംഘടിപ്പിക്കുന്നതില്‍ പാര്‍ട്ടി വിടുന്നതുവരെ മുന്‍പന്തിയിലുണ്ടായിരുന്നു. കഴിഞ്ഞമാസം സിപിഎമ്മില്‍നിന്നും വധഭീഷണിയുണ്ടെന്നുകാണിച്ച് വേണു പറവൂര്‍ പോലിസില്‍ പരാതിനല്‍കിയിരുന്നു. പിന്നീട് ഇരുകൂട്ടരെയും സ്റ്റേഷനില്‍വിളിച്ചുവരുത്തി സമവായത്തില്‍ എത്തിയിരുന്നതായി പറയുന്നു. ഇന്ന് ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോര്‍ട്ടം ചെയ്യും.
ആലുവ ഡിവൈഎസ്പി വൈ ആര്‍ റസ്റ്റം, വടക്കേക്കര സിഐ എം കെ മുരളി എന്നിവര്‍ സ്ഥലത്തെത്തി. മരണത്തില്‍ ഉയരാനിടയുള്ള ദുരൂഹത ഒഴിവാക്കാനായി പോലിസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് സിപിഎം, കോണ്‍ഗ്രസ്, ബിഡിജെഎസ് നേതൃത്വം ആവശ്യപ്പെട്ടു. ഭാര്യ: സുധ. മക്കള്‍: ശ്രീലക്ഷ്മി, അഭിജിത്ത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക