|    Dec 12 Wed, 2018 4:05 pm
FLASH NEWS

ബിജെപി ഹര്‍ത്താല്‍ : ജില്ലയില്‍ അക്രമം; കോട്ടയത്ത് കാറിനു നേരെ കല്ലേറ്‌

Published : 13th May 2017 | Posted By: fsq

 

കോട്ടയം: കുമരകം പഞ്ചായത്തിലെ ബിജെപി അംഗങ്ങളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം. കോട്ടയം നഗരത്തില്‍ സ്ഥാപിച്ച സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ സംഘടനകളുടെ ഫഌക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് ബിജെപി ജില്ലാ കമ്മിറ്റി നഗരത്തില്‍ നടത്തിയ പ്രകടനത്തിനിടെയാണ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. തിരുനക്കര മൈതാനത്തിനു സമീപം പോലിസ് അസോസിയേഷന്‍ സമ്മേളനത്തിന്റെ ബോര്‍ഡ് തകര്‍ക്കുന്നതിനിടയില്‍ കെട്ടിവച്ചിരുന്ന ചെങ്കല്ലു നിര്‍മിതമായ തൂണും അതില്‍ സ്ഥാപിച്ച വൈദ്യുതി വിളക്കും വലിയ ശബ്ദത്തോടെ റോഡിലേക്ക് പതിച്ചു. സമീപം പാര്‍ക്ക് ചെയ്ത ഫോട്ടോഗ്രാഫര്‍ രാജീവ് പ്രസാദിന്റെ സ്‌കൂട്ടര്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് ഒഴിവായത്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലിസ് കാര്യങ്ങള്‍ നിയന്ത്രിച്ചതിനെ തുടര്‍ന്നാണ് കൂടൂതല്‍ അനിഷ്ട സംവങ്ങളുണ്ടാവാതിരുന്നത്. നഗരത്തില്‍ കാറിനു നേരെ കല്ലേറ് നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശിയായ രാജീവ് (30) ആണ് പിടിയിലായത്. ഇയാളെ പിന്നീട് വിട്ടയച്ചു. കുമരകത്ത് ഹര്‍ത്താലനുകൂലികള്‍ വില്ലേജ് ഓഫിസില്‍ കയറി ജീവനക്കാരെ മര്‍ദ്ദിച്ചതായും പോലിസിന് പരാതി ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഹര്‍ത്താല്‍ ഭാഗികമായിരുന്നു. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തി. അതേസമയം, രാവിലെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ലോക്കല്‍ സര്‍വീസുകള്‍ നഗരത്തില്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചു. ഗ്രാമങ്ങളിലേക്കുള്ള ചില റൂട്ടുകളിലെ സര്‍വീസ് കെഎസ്ആര്‍ടിസി റദ്ദാക്കി. കോട്ടയം ഡിപ്പോയില്‍നിന്നുള്ള ഭൂരിഭാഗം സര്‍വീസുകളും മുടക്കമില്ലാതെ നടന്നതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്താതിരുന്നത് ജനത്തെ വലച്ചു. സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങി. ചിലയിടങ്ങളില്‍ നിരത്തിലിറങ്ങിയ സ്വകാര്യവാഹനങ്ങളെ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞതായി റിപോര്‍ട്ടുകളുണ്ട്. ജില്ലയിലെ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നിലയും കുറവായിരുന്നു. എംജി സര്‍വകലാശാലയുടെ പരീക്ഷകള്‍ മുടക്കമില്ലാതെ നടന്നു. എന്നാല്‍, ഹര്‍ത്താലില്‍ കുടുങ്ങിയ ചില വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയില്‍ പോലിസ് ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. പ്രധാന നഗരങ്ങളിലെല്ലാം കൂടുതല്‍ പോലിസിനെയും വിന്യസിച്ചിരുന്നു. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം അക്രമം നടന്ന കുമരകത്തും കനത്ത സുരക്ഷാക്രമീകരണങ്ങളാണുള്ളത്. കൂടുതല്‍ അനിഷ്ടസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലിസ് അറിയിച്ചു. കുമരകത്തെ അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss