|    May 25 Thu, 2017 11:59 pm
FLASH NEWS

ബിജെപി ഹര്‍ത്താലില്‍ പരക്കെ അക്രമം

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം. പൊതുഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് അക്രമത്തില്‍ കലാശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു.
ഒറ്റപ്പാലത്ത് മൂന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും തിരുവനന്തപുരം ശ്രീവരാഹത്ത് ഡിവൈഎഫ്‌ഐ മുക്കോലക്കല്‍ യൂനിറ്റ് അംഗത്തിനും വെട്ടേറ്റു. പാലക്കാട്ടും ആലപ്പുഴയിലും ഇടുക്കിയിലും കണ്ണൂരും കാസര്‍കോടും കല്ലേറും അക്രമവുമുണ്ടായി. കോഴിക്കോട്ടും തൃശൂരും ആലപ്പുഴയിലും മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താല്‍ അനുകൂലികള്‍ കൈയേറ്റം ചെയ്തു.
കൊല്ലം ചാവക്കടയിലും സംഘര്‍ഷമുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മാര്‍ച്ച് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിക്കുകയും കാമറ തകര്‍ക്കുകയും ചെയ്തു. കേരളകൗമുദി ഫോട്ടോഗ്രാഫര്‍ അരുണ്‍ മോഹന്‍, യുഎന്‍ഐ ഫോട്ടോഗ്രാഫര്‍ സുനീഷ് എന്നിവരുടെ കാമറകളാണ് തകര്‍ത്തത്.
ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ കമല്‍നാഥ്, മാതൃഭൂമി ഓണ്‍ലൈന്‍ ലേഖകന്‍ എസ്ആര്‍ ജിതിന്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു. മാര്‍ച്ചിനിടെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ സ്റ്റാച്യൂ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന സിപിഎം കൊടിമരവും ഫഌക്‌സ് ബോര്‍ഡുകളും തല്ലിത്തകര്‍ത്തു. ഇതു ചിത്രീകരിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചത്.
തമ്പാനൂര്‍ ബിഗ്ബസാറിനു സമീപം ആംബുലന്‍സിനു നേരെയും സമരക്കാര്‍ ആക്രമണം നടത്തി. ഡിവൈഎഫ്‌ഐ പെരുന്താന്നി ലോക്കല്‍ കമ്മിറ്റിയുടെ ആംബുലന്‍സാണ് തടഞ്ഞത്. ഡ്രൈവര്‍ ഷാജിയെ സമരാനുകൂലികള്‍ മര്‍ദിച്ചു. സെക്രട്ടേറിയറ്റിനു മുന്നിലേക്കു ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഒ രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day