|    Oct 20 Sat, 2018 3:10 am
FLASH NEWS

ബിജെപി-സിപിഎം സംഘര്‍ഷംഇരുകക്ഷികളും സമാധാനയോഗം ബഹിഷ്‌കരിച്ചു

Published : 28th January 2017 | Posted By: fsq

 

ഫറോക്ക്:ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചതിനെ തുടര്‍ന്ന് വാഴയൂര്‍ ഗ്രാമപഞ്ചായത്തിലെ പുതുക്കോട്, ചെറുകാവ് ഗ്രാമപഞ്ചായത്തിലെ പെട്ടെന്നങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ ഉടലെടുത്ത സംഘര്‍ഷം ഇല്ലാതാക്കാന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ഇരുകക്ഷികളും എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന വാഴയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും പങ്കെടുത്തില്ല. ഇന്നലെ പുതുക്കോട് ഗവ. എല്‍പി സ്‌കൂളില്‍ കൊണ്ടോട്ടി സിഐ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ നിന്നാണ് പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരായ ഇരു കക്ഷികളും വിട്ടു നിന്നത്. കഴിഞ്ഞ ദിവസം വാഴയൂര്‍, ചെറുകാവ് ഭരണസമിതി അംഗങ്ങളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും യോഗം ചേര്‍ന്നാണ് സമാധാനം ഉറപ്പു വരുത്താന്‍ സര്‍വ്വ കക്ഷി സമാധാന യോഗം ചേരാന്‍ തീരുമാനിച്ചത്. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രണ്ട് കക്ഷികളും യോഗത്തില്‍ നിന്നും വിട്ടു നിന്നത് സമാധാനകാംക്ഷികളില്‍ ഭീതി പരത്തിയിട്ടുണ്ട്. പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയിട്ടില്ല എന്നതിന്റെ സൂചനയാണ് സാമാധാനം യോഗ ബഹിഷ്‌കരണം എന്നാണ് യോഗത്തില്‍ പങ്കെടുത്ത മറ്റു കക്ഷികള്‍ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രി ചെറുകാവ് പഞ്ചായത്തില്‍ ഉള്‍പ്പെട്ട തണ്ണിശ്ശേരി കൃഷ്ണന്റെ ചായക്കട പൂര്‍ണ്ണമായും കത്തി നശിച്ചു. തീ പടര്‍ന്നു പിടിച്ചതോടെ കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. പ്രദേശത്ത് പോലീസ് റോന്ത് ചുറ്റുന്നതിനിടെയാണ് സംഭവം. പോലീസും നാട്ടുകാരും സമയോചിതമായി ഇടപെട്ടാണ് തീ അണച്ചത്. സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് ഉള്‍പ്പെടെ വന്‍ അപകടമാണ് ഒഴിവായത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി കക്ഷികള്‍ പതിനഞ്ചോളം പരാതികള്‍ നല്‍കിയിട്ടുണ്ട്. പകുതിയോളം പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ പോലീസിനെയും വ്യന്യസിച്ചിട്ടുണ്ട്.സര്‍വ്വകക്ഷി സമാധാന യോഗത്തില്‍ കൊണ്ടോട്ടി എസ്‌ഐ കെ എ. സാബു, വാഴക്കാട് എസ്‌ഐ എസ് സന്തോഷ്, ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷജിനി ഉണ്ണി, വൈസ് പ്രസിഡണ്ട് പി വി എ ജലീല്‍, മുസ്‌ലീം ലീഗ്, കോണ്‍ഗ്രസ്, എസ്ഡിപിഐ നേതാക്കളായ പി കെ സി അബ്ദുറഹിമാന്‍, എം കെ മൂസഫൗലദ്, പി കെ മൂസ, കെ ടി ഷക്കീര്‍ബാബു, ടി പി പൃഥിരാജ്, മുഹമ്മദ് ഫൈസല്‍ ആനപ്ര, നൗഷാദ്, കെ മൂസക്കോയ, കെ പി മുഹമ്മദലി, മന്‍സൂര്‍, ബാബു, പി സിറാജ്, പി സാദിഖലി, പി ബദറുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss