|    Nov 19 Sun, 2017 2:23 pm
FLASH NEWS

ബിജെപി-സിപിഎം ഉഭയകക്ഷി ചര്‍ച്ചയിലും മാധ്യമങ്ങള്‍ക്ക് വിലക്ക്

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: ബിജെപി-സിപിഎം സമാധാന യോഗം റിപോര്‍ട്ടു ചെയ്യാനെത്തിയ ദൃശ്യമാധ്യമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷോഭിച്ചു പുറത്താക്കിയതിനു പിന്നാലെ, ഇന്നലെ നടന്ന ബിജെപി-സിപിഎം ഉഭയകക്ഷി ചര്‍ച്ചയിലും മാധ്യമങ്ങള്‍ക്ക് വിലക്ക്. ഇന്നലെ തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഗസ്റ്റ്ഹൗസ് ജീവനക്കാര്‍ തടയുകയായിരുന്നു. മാധ്യമങ്ങളെ കയറ്റേണ്ടതില്ലെന്ന നിര്‍ദേശമുണ്ടെന്നായിരുന്നു ഇതിന് കാരണമായി ഗസ്റ്റ്ഹൗസ് മാനേജര്‍ അറിയിച്ചത്. എന്നാല്‍ ആരാണ് നിര്‍ദേശം നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയില്ല. തുടര്‍ന്ന് യോഗത്തില്‍ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി. ശിവന്‍കുട്ടി എന്നിവരോട് മാധ്യമപ്രവര്‍ത്തകര്‍ വിലക്കിനെ കുറിച്ച് ചോദിച്ചപ്പോഴും കൃത്യമായ മറുപടി കിട്ടിയില്ല. സാധാരണ ഇത്തരത്തിലുള്ള യോഗത്തില്‍ മാധ്യമങ്ങളുടെ സാന്നിധ്യം ഉണ്ടാവുന്നത് പതിവില്ലെന്നും അങ്ങനെയാണ് നിര്‍ദേശമെന്നുമുള്ള തരത്തിലുള്ള പ്രതികരണമാണ് വി ശിവന്‍കുട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. എന്നാല്‍ യോഗത്തിനു ശേഷം ഇതെകുറിച്ച് കൂടുതല്‍ ചോദ്യങ്ങളുണ്ടായതോടെ ശിവന്‍കുട്ടി നിലപാട് മാറ്റി. അത്തരത്തിലുള്ള വിലക്കൊന്നുമില്ലായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള പ്രതികരണം. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തങ്ങള്‍ക്ക് യാതൊരു വിരോധവുമില്ലെന്നായിരുന്നു ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ പ്രതികരണം. കഴിഞ്ഞ ദിവസം തലസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അറുതിവരുത്തുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഇടപെട്ടതിനെ തുടര്‍ന്നു വിളിച്ചു ചേര്‍ത്ത ബിജെപി-സിപിഎം സമാധാനയോഗം റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷോഭിച്ചു പുറത്താക്കിയിരുന്നു. സമാധാന യോഗത്തിനു മുന്നോടിയായി നേതാക്കള്‍ ഒരുമിച്ച് ഒരുമേശയ്ക്കു ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനായിരുന്നു മാധ്യമങ്ങള്‍ എത്തിയത്. എന്നാല്‍ യോഗത്തിനെത്തിയ മുഖ്യമന്ത്രി ക്ഷോഭത്തോടെ ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞ് മാധ്യമങ്ങളെ പുറത്താക്കുകയായിരുന്നു. ഇതു വലിയ വാര്‍ത്തയും വിവാദവുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക