|    Dec 11 Tue, 2018 3:22 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബിജെപി സര്‍ക്കുലര്‍ പുറത്ത്ശബരിമലയിലെ പ്രതിഷേധം ആസൂത്രിതം

Published : 20th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധങ്ങള്‍ ആസൂത്രിതമാണെന്നു തെളിയിക്കുന്ന ബിജെപിയുടെ സര്‍ക്കുലര്‍ പുറത്ത്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാനനേതൃത്വം കീഴ്ഘടകങ്ങളിലേക്ക് അയച്ച സര്‍ക്കുലറാണു പുറത്തായത്.
മൂന്ന് നിയോജകമണ്ഡലങ്ങള്‍ക്കായി ഓരോ ജില്ലാ ഭാരവാഹിയെ ചുമതലക്കാരനാക്കിയാണു പ്രവര്‍ത്തകരെ ശബരിമലയിലെത്തിക്കാന്‍ നീക്കം നടക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ പേരിലാണ് സര്‍ക്കുലര്‍. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 25 വരെ ശബരിമലയില്‍ ഓരോ ദിവസവും എത്തേണ്ട മണ്ഡലം കമ്മിറ്റികളുടെ പട്ടികയാണ് സര്‍ക്കുലറിലുള്ളത്. ചുമതലയുള്ള ജില്ലാ ഭാരവാഹിയുടെ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇതോടൊപ്പം ഓരോ ദിവസവും ചുമതലയുള്ള സംസ്ഥാന ഭാരവാഹികളുടെ പേരുകളും ഫോണ്‍ നമ്പറുകളും എട്ടു പേജുള്ള സര്‍ക്കുലറില്‍ പ്രത്യേകമായും നല്‍കിയിരിക്കുന്നു. ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടവര്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് എത്തേണ്ട സമയവും സ്ഥലവും തീരുമാനിക്കണമെന്നാണു നിര്‍ദേശം.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ മണ്ഡലങ്ങള്‍ എത്തേണ്ട ദിവസം അറിയിക്കാമെന്നും സര്‍ക്കുലറിലുണ്ട്. ശബരിമല സന്നിധാനത്ത് എത്തി പ്രതിഷേധിക്കുന്നവരില്‍ വലിയൊരു ഭാഗം ബിജെപിയുടെ സംഘടനാതീരുമാനമനുസരിച്ച് എത്തുന്നവരാണെന്നു സൂചിപ്പിക്കുന്ന ആഭ്യന്തര സംഘടനാ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം, ബിജെപി സര്‍ക്കുലര്‍ സംസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ബിജെപി നടത്തുന്ന ശ്രമങ്ങളെ വിശ്വാസികള്‍ കരുതിയിരിക്കണം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരല്ല തങ്ങളുടെ സമരമെന്നാണ് ഇപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറയുന്നത്. ശബരിമലയില്‍ നേരത്തേയുണ്ടായ സംഘര്‍ഷങ്ങള്‍ക്കു പിന്നിലും ആര്‍എസ്എസ് ക്രിമിനലുകളാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആരോപിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss