|    May 25 Thu, 2017 6:46 am
FLASH NEWS

ബിജെപി സര്‍ക്കാര്‍ ദലിത് വിരുദ്ധം: കെജ്‌രിവാള്‍; ഇടതു നേതാക്കള്‍ ഇന്ന് ഗുജറാത്തില്‍

Published : 23rd July 2016 | Posted By: SMR

രാജ്‌കോട്ട്: ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ദലിത് വിരുദ്ധരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഗോഹത്യയുടെ പേരില്‍ മര്‍ദ്ദനമേറ്റ് രാജ്‌കോട്ട് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ദലിത് യുവാക്കളെയും അവരുടെ കുടുംബത്തെയും സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
ദലിത് യുവാക്കള്‍ക്കു നേരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല. ഗുജറാത്തിലുടനീളം ദലിതുകള്‍ക്കു നേരെ ആക്രമണം നടക്കുകയാണ്. പോലിസ് സ്റ്റേഷന് മുമ്പില്‍ പോലിസുകാരുടെ സാന്നിധ്യത്തിലാണ് ദലിത് യുവാക്കളെ മര്‍ദ്ദിച്ചത്. ഉന്നത ഭരണ കേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് മര്‍ദ്ദനം നടന്നതെന്നതിന് തെളിവാണിത്. 2012ല്‍ സുരേന്ദ്രനഗര്‍ ജില്ലയിലെ താംഗതില്‍ പോലിസുകാര്‍ ദലിതരെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടെ, പ്രക്ഷോഭത്തില്‍ പോലിസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ പങ്കജ് അപ്രേലിയ കൊല്ലപ്പെട്ട കേസിലെ പ്രതി മുല്‍ജിവാല എന്ന ദലിത് യുവാവിനെ സന്ദര്‍ശിച്ച കെജ്‌രിവാളിന്റെ നടപടി വിവാദമായി. കൊല്ലപ്പെട്ട പോലിസുകാരന്‍ അപ്രേലിയുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കെജ്‌രിവാള്‍ ആരോപണങ്ങള്‍ക്കുള്ള മറുപടിയില്‍ പറഞ്ഞത്. ദലിത് യുവാവിന് നീതി ലഭിക്കുന്നതിന് എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍, കെജ്‌രിവാളിന്റെ സന്ദര്‍ശനത്തിനെതിരേ ബിജെപി ശക്തമായി പ്രതിഷേധിച്ചു. ഇന്നലെ മൂന്നു ദലിത് യുവാക്കള്‍ കൂടി ആത്മഹത്യാ ശ്രമം നടത്തി. ബൊതാദ് ജില്ലയിലെ രാണ്‍പൂര്‍ ഗ്രാമത്തിലാണ് മൂന്നു ദലിത് യുവാക്കള്‍ വിഷം കുടിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. ഇന്നലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദേശീയപാത ഉപരോധിച്ചു.
അതിനിടെ, ദലിത് യുവാക്കള്‍ മര്‍ദ്ദനത്തിനിരയായ ഉന മേഖലയില്‍ സിപിഐ, സിപിഎം, ജെഡിയു നേതാക്കള്‍ ഇന്ന് സന്ദര്‍ശനം നടത്തും. മുതിര്‍ന്ന ജെഡിയു നേതാവ് ശരത് യാദവ്, സിപിഐ നേതാവ് ഡി രാജ, സിപിഎം ലോക്‌സഭാ അംഗം പി കെ ബിജു എന്നിവരടങ്ങുന്ന സംഘമാണ് ഉനയിലെത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day