|    Jul 24 Mon, 2017 2:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി സര്‍ക്കാരിനു താക്കീതായി ഗുജറാത്തില്‍ ദലിത് മഹാറാലി

Published : 1st August 2016 | Posted By: SMR

അഹ്മദാബാദ്: ബിജെപി സര്‍ക്കാറിന് താക്കീതായി ഗുജറാത്തില്‍ ദലിത് മഹാറാലി നടന്നു. ഗുജറാത്തിലെ ഉനയില്‍ ദലിത് വിഭാഗക്കാരെ ഗോരക്ഷാസേന ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച റാലിയില്‍ 12,000ത്തിലധികം പേര്‍ പങ്കാളികളായി. അഹ്മദാബാദിലെ കലക്ടര്‍ ഓഫിസിനു സമീപമായിരുന്നു റാലി നടത്താന്‍ ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നതെങ്കിലും പോലിസ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നു സബര്‍മതി മേഖലയിലേക്ക് വേദി മാറ്റിയിരുന്നു.
അഹ്മദാബാദ് സര്‍വകലാശാല അധികൃതരുടെ വിവേചനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ റാലിയെ അഭിസംബോധന ചെയ്തു.  2012ല്‍ സിരേന്ദ്രനഗര്‍ ജില്ലയില്‍ പ്രതിഷേധപ്രകടനത്തിനു നേര്‍ക്ക് നടന്ന പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും റാലിയില്‍ ക്ഷണിക്കപ്പെട്ട അതിഥികളായി.
ദലിതുകള്‍ സംഘടിക്കുന്നതും ഒരു കൊടിക്കീഴില്‍ അണിനിരക്കുന്നതും തടയാനാണ് സര്‍ക്കാരും പോലിസും ശ്രമിക്കുന്നതെന്ന് റാലിയുടെ കണ്‍വീനര്‍ ജിഗ്‌നേഷ് മൊഹാനി പറഞ്ഞു. ദലിതുകള്‍ക്കിടയിലെ രോഷം മനസ്സിലാക്കിയതിനാല്‍ വേറെ നിവൃത്തിയില്ലാതെയാണ് പുതിയ വേദിയില്‍ പ്രതിഷേധം നടത്തുന്നതിന് പോലിസിന് അനുമതി നല്‍കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉന ആക്രമണത്തിനെതിരേ പ്രതിഷേധിച്ച ദലിത് യുവാക്കളെ കള്ളക്കേസുകളില്‍പ്പെടുത്തി പോലിസ് അറസ്റ്റ് ചെയ്യുകയാണ്.
ഈ കേസുകള്‍ ഉടന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലെങ്കില്‍ കൂടുതല്‍ സമുദായാംഗങ്ങള്‍ അഹ്മദാബാദിലെ തെരുവുകളിലിറങ്ങി സമരം തുടരുമന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഉന അതിക്രമം തന്റെ കുടുംബാംഗത്തിനു നേരെ മാത്രമല്ല, ദലിത് വിഭാഗക്കാര്‍ക്കു നേരെയാണെന്നും ആക്രമണത്തിനിരയായ നാലു യുവാക്കളിലൊരാളുടെ സഹോദരനായ ജീതു നല്‍വയ്യ പറഞ്ഞു. സംസ്ഥാനത്തുനിന്നുള്ള 30 ദലിത് സംഘടനകള്‍ റാലിയില്‍ പങ്കാളികളായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക