|    Jan 23 Mon, 2017 11:52 am
FLASH NEWS

ബിജെപി സംസ്ഥാന സമിതി പുനസ്സംഘടിപ്പിച്ചു

Published : 18th January 2016 | Posted By: SMR

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി പുനസ്സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയശേഷമാണ് ഭാരവാഹി പട്ടിക പുറത്തുവിട്ടത്. നാല് ജനറല്‍ സെക്രട്ടറിമാരും ഒമ്പത് വൈസ് പ്രസിഡന്റുമാരും ഉള്‍പ്പെടെ 42 സംസ്ഥാന ഭാരവാഹികള്‍, പോഷക സംഘടന പ്രസിഡന്റുമാര്‍, മേഖലാ ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളാണ് അഴിച്ചുപണിതത്.
വി മുരളീധര പക്ഷത്തിന് നേരിയ മുന്‍തൂക്കം നല്‍കുന്നതാണ് പുതിയ ഭാരവാഹി പട്ടിക. ജനറല്‍ സെക്രട്ടറിമാരില്‍ കൃഷ്ണദാസ് പക്ഷത്തിനു മുന്‍തൂക്കം നല്‍കിയപ്പോള്‍ സെക്രട്ടറിമാരിലും വൈസ് പ്രസിഡന്റുമാരിലും വി മുരളീധര പക്ഷത്തിനാണു മുന്‍തൂക്കം. നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരായ എ എന്‍ രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ക്കു പുറമേ ശോഭ സുരേന്ദ്രനെയും എം ടി രമേശിനെയുമാണ് പുതുതായി ജനറല്‍ സെക്രട്ടറിമാരാക്കിയത്. കഴിഞ്ഞ തവണ സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്നു പുറന്തള്ളപ്പെട്ട ശോഭാ സുരേന്ദ്രന്‍ കൂടുതല്‍ ശക്തയായാണ് ഇത്തവണ തിരിച്ചെത്തിയത്. ഇതില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെ പിന്നീടു പ്രഖ്യാപിക്കും. നിലവില്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കെ പി ശ്രീശനെ വൈസ് പ്രസിഡന്റാക്കി. പി എം വേലായുധനെയും ഡോ. പി പി വാവയെയും വൈസ് പ്രസിഡന്റുമാരായി നിലനിര്‍ത്തി. ബി രാധാമണി, ജോര്‍ജ് കുര്യന്‍, എന്‍ ശിവരാജന്‍, എം എസ് സമ്പൂര്‍ണ, നിര്‍മല കുട്ടികൃഷ്ണന്‍, പ്രമീള നായിക്ക് എന്നിവരെയാണ് പുതുതായി വൈസ് പ്രസിഡന്റുമാരാക്കിയത്. പാര്‍ട്ടി വക്താവായിരുന്ന വി വി രാജേഷിനെ സെക്രട്ടറിയാക്കി. സി ശിവന്‍കുട്ടി, വി കെ സജീവന്‍, എ കെ നസീര്‍, ബി ഗോപാലകൃഷ്ണന്‍, സി കൃഷ്ണകുമാര്‍, എസ് ഗിരിജകുമാരി, രാജി പ്രസാദ് എന്നിവരും സെക്രട്ടറിമാരായി. പ്രതാപചന്ദ്ര വര്‍മ ഖജാഞ്ചിയായും ജെ ആര്‍ പത്മകുമാര്‍ പുതിയ പാര്‍ട്ടി വക്താവായും ചുമതലയേല്‍ക്കും.
കൂടാതെ സംസ്ഥാന കമ്മിറ്റിയിലേക്ക് 18 അംഗങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ പി പ്രകാശ്ബാബുവിനെ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായും രേണു സുരേഷിനെ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയായും നിയോഗിച്ചു. പി ആര്‍ മുരളീധരന്‍ (കര്‍ഷകമോര്‍ച്ച), അഡ്വ. പി സുധീര്‍ (എസ്‌സി മോര്‍ച്ച), ജിജി ജോസഫ് (മൈനോരിറ്റി മോര്‍ച്ച), പുഞ്ചക്കരി സുരേന്ദ്രന്‍ (ഒബിസി മോര്‍ച്ച) എന്നിവരെയും നിശ്ചയിച്ചു. പുനസ്സംഘടന തിരഞ്ഞെടുപ്പിനു ശേഷം മതിയെന്നാണ് നേരത്തെ ധാരണയിലെത്തിയതെങ്കിലും കുമ്മനത്തിന്റെ കേരള യാത്രയ്ക്കു മുമ്പായി പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയായിരുന്നു. ആര്‍എസ്എസും വി മുരളീധര പക്ഷവും പുനസ്സംഘടന ഉടന്‍ വേണമെന്ന നിലപാടെടുത്തതോടെയാണ് അഴിച്ചുപണിക്കു കളമൊരുങ്ങിയത്.
പാര്‍ട്ടിയെ മൂന്നു മേഖലകളായി തിരിച്ച് സോണല്‍ കമ്മിറ്റികളും നിലവില്‍ വന്നിട്ടുണ്ട്. ജില്ലാ ഭാരവാഹിത്വത്തിലും മിക്ക സ്ഥലത്തും മാറ്റമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ ബിജെപിയെ സംഘടനാപരമായി ശക്തമാക്കാനാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ നീക്കം. കൂടുതല്‍ ആര്‍എസ്എസ് പ്രചാരകര്‍ക്ക് പാര്‍ട്ടി ചുമതല നല്‍കുംവിധം സംഘടനാ സംവിധാനത്തിലും മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 93 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക