|    Mar 29 Wed, 2017 9:04 pm
FLASH NEWS

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിന് നേരെ ആക്രമണം

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: ബിജെപി സംസ്ഥാനകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം രാത്രി 11.40ന് ബൈക്കിലെത്തിയ അജ്ഞാതന്‍ കുന്നുകുഴിയിലെ ഓഫിസ് വരാന്തയിലേക്ക് വലിച്ചെറിഞ്ഞത് നാടന്‍ബോംബാണെന്ന് പോലിസ് സ്ഥിരീകരിച്ചു. ഇതു പ്രാദേശികമായി തയ്യാറാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ന്യൂസ്‌പേപ്പറുകളില്‍ ചണം ചുറ്റി അകത്ത് വെടിമരുന്നും കരിങ്കല്‍ചീളുകളും നിറച്ചാണ് ബോംബ് തയ്യാറാക്കിയതെന്ന് പോലിസ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചു. ഇതിന്റെ പരിശോധനാഫലം ലഭ്യമായാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. അതേസമയം, അക്രമിയുടെ അവ്യക്തമായ ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. സമീപത്തെ കെട്ടിടത്തില്‍ ഘടിപ്പിച്ചിരുന്ന സിസിടിവി കാമറയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭ്യമായത്.  11.40ഓടെ ഒരു ബൈക്ക് ബിജെപി ഓഫിസിന് മുന്നിലൂടെ പോവുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ബൈക്ക് ഓഫിസിന് മുന്നില്‍ വേഗം കുറച്ചുകടന്നുപോവുന്നതായും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറി നടന്നതായും ദൃശ്യങ്ങളില്‍ കാണാം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് സിറ്റി പോലിസ് കമീഷണര്‍ ജി സ്പര്‍ജന്‍കുമാറിന്റെ നിര്‍ദേശം. ആക്രമണത്തില്‍ ഓഫിസ് വരാന്തയിലെ ജനല്‍പാളികളിലൊന്ന് പൂര്‍ണമായും തകര്‍ന്നു. അകത്തെ കര്‍ട്ടനും കേടുപാടുകള്‍ സംഭവിച്ചു. സംഭവസമയം ഓഫിസിലുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയിരിക്കുകയായിരുന്നത്രെ. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ഒ രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് രാജഗോപാല്‍ ആരോപിച്ചു. അതേസമയം, സിപിഎമ്മിന് അക്രമവുമായി ബന്ധമില്ലെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day