|    Jun 24 Sun, 2018 10:52 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബിജെപി സംഘം ഹുര്‍രിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

Published : 26th October 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം  ഹുര്‍രിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ ശ്രീനഗറിലെത്തിയ അഞ്ചംഗ സംഘം ഹുര്‍രിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയെ ഹൈദര്‍പുരയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നാണ് കണ്ടത്. ശ്രീനഗര്‍ എയര്‍പോര്‍ട്ടിലെത്തിയ സംഘം നേരെ ഗീലാനിയുടെ വീട്ടിലേക്കാണ് പോയത്. സിന്‍ഹയെ കൂടാതെ, വജാഹത്ത് ഹബീബുല്ല, ഭരത് ഭൂഷണ്‍, കപില്‍ കാക്, സുശോഭ ബര്‍വെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സപ്തംബര്‍ നാലിന് സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള ബിജെപി ഇതര എംപിമാരുടെ സര്‍വകക്ഷി സംഘം ഗീലാനിയടക്കമുള്ള ഹുര്‍രിയത്ത് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തിയിരുന്നെങ്കിലും ഹുര്‍രിയത്ത് നേതാക്കള്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് അന്ന് കൂടിക്കാഴ്ച നടന്നിരുന്നില്ല. മറ്റൊരു ഹുര്‍രിയ്യത്ത് നേതാവായ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസീന്‍ മാലിക് എന്നിവരുമായും സംഘം കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ രണ്ടു മാസമായി ശ്രിനഗറിലെ അതിഥി മന്ദിരത്തില്‍ തടങ്കലിലായിരുന്ന മിര്‍വായിസ് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. ജയിലിലായിരുന്ന യാസീന്‍ മാലിക്കിനെ ആരാഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. തങ്ങളുടെ സന്ദര്‍ശനത്തില്‍ സന്മനസ്സുള്ള എല്ലാവരുമായും കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുമെന്ന് ശ്രീനഗറിലേക്ക് തിരിക്കുന്നതിന് മുമ്പ് യശ്വന്ത്‌സിന്‍ഹ ഡല്‍ഹിയില്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
കശ്മീരികളുടെ പരാതികളും വേദനകളും പങ്കുവയ്ക്കാന്‍ വേണ്ടിയാണ് തങ്ങള്‍ പോവുന്നതെന്നും സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.  തങ്ങളുടെ വരവ് തീര്‍ത്തും സ്വതന്ത്രമാണെന്നും ഏതെങ്കിലും പ്രതിനിധിസംഘത്തിന്റെ ഭാഗമല്ല ഇതെന്നും അദ്ദേഹം ശ്രീനഗറില്‍ പറഞ്ഞു.ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം സംസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ 92 സാധരണക്കാര്‍ കൊല്ലപ്പെടുകയും 12,000ത്തില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 7000ല്‍ അധികം പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തെ സാധാരണക്കാരുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, സംസ്ഥാന ഗവര്‍ണര്‍ എന്‍എന്‍ വോറ എന്നിവരെയും സംഘം കാണുമെന്നാണ് റിപോര്‍ട്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss